• Home
  • latest news
  • യെദ്യൂരപ്പ ഡെല്‍ഹിയിലെത്തി എല്ലാ നേതാക്കളെയും കണ്ടതെന്തിന്‌? മുഖ്യമന്ത്രിപദത്തില്‍ ഇനി എത്ര നാള്‍…

യെദ്യൂരപ്പ ഡെല്‍ഹിയിലെത്തി എല്ലാ നേതാക്കളെയും കണ്ടതെന്തിന്‌? മുഖ്യമന്ത്രിപദത്തില്‍ ഇനി എത്ര നാള്‍…

കര്‍ണാടക ബി.ജെ.പി.യില്‍ വലിയ എതിര്‍പ്പ്‌ നേരിടുന്ന മുഖ്യമന്ത്രി ബി.എസ്‌.യെദിയൂരപ്പ വെള്ളിയാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ശനിയാഴ്‌ച പാര്‍ടി ദേശീയ പ്രസിഡണ്ട്‌ ജെ.പി. നദ്ദ, ആഭ്യന്തര മന്ത്രി അമിത്‌ ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്‌ എന്നിവരെ കണ്ടത്‌ അദ്ദേഹത്തിന്റെ സ്ഥാനമൊഴിയലിന്റെ മുന്നോടിയാണെന്ന്‌ വിലയിരുത്തപ്പെടുന്നു. രാജി ഉടനെ ഉണ്ടാകുമെന്നാണ്‌ സൂചന. എന്നാല്‍ യെദിയൂരപ്പ ഇത്‌ നിഷേധിച്ചു. വാര്‍ത്ത ശരിയല്ലെന്ന്‌ അദ്ദേഹം പ്രസ്‌താവിച്ചു. സംസ്ഥാനത്തിന്റെ വികസനപദ്ധതി ചര്‍ച്ചയ്‌ക്കു വേണ്ടിയാണ്‌ താന്‍ ഭരണാധികാരികളെ കണ്ടതെന്നാണ്‌ വിശദീകരണം. നദ്ദയും അമിത്‌ ഷായും താന്‍ നല്ല ഭരണാധികാരിയാണെന്നും പറഞ്ഞുവെന്നും യെദ്യൂരപ്പ പറഞ്ഞു. വീണ്ടും ബി.ജെ.പി.യെ കര്‍ണാടകയില്‍ അധികാരത്തിലെത്തിക്കാനും കൂടുതല്‍ സീറ്റ്‌ നേടിക്കൊടുക്കാനും കഠിനാധ്വാനം ചെയ്യാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടതായും യെദ്യൂരപ്പ പറഞ്ഞു.

എന്നാല്‍ കര്‍ണാടകത്തില്‍ കാര്യം നേരെ തിരിച്ചാണ്‌. 2007,2008,2018 എന്നീ മൂന്ന്‌ വര്‍ഷങ്ങളില്‍ മുഖ്യമന്ത്രിയായ യെദ്യൂരപ്പ നിരവധി ഗുരുതരമായ അഴിമതി ആരോപണങ്ങളാണ്‌ നേരിടുന്നത്‌. ഒറ്റ തവണ പോലും കാലാവധി തികച്ച്‌ ഭരിക്കാന്‍ ഇതുവരെ യെദ്യൂരപ്പയ്‌ക്ക്‌ കഴിഞ്ഞിട്ടില്ല.
മന്ത്രിമാരും എം.എല്‍.എ.യുമായി ഒട്ടേറെ പേര്‍ യെദ്യൂരപ്പയുടെ രാജിക്കായി മുറവിളി കൂട്ടുന്നുണ്ട്‌. 15 വര്‍ഷം പഴക്കമുള്ള ഒരു ഭൂമി അഴിമതി ഇടപാട്‌ മുഖ്യമന്ത്രിയെ വിടാതെ പിന്‍തുടരുന്നു. ഈ ഇടപാടില്‍ അന്വേഷണം തുടരാന്‍ പ്രത്യേക കോടതി അടുത്തയിടെയാണ്‌ ഉത്തരവിട്ടത്‌. ഇത്‌ യെദ്യുരപ്പയുടെ ഭാവിയില്‍ വലിയ കുരുക്കാണ്‌ വീഴ്‌ത്തിയിരിക്കുന്നത്‌. അനാരോഗ്യവും പ്രായവും പറഞ്ഞ്‌ രാജിവെക്കാനാണ്‌ നേതൃത്വം ഉപദേശിച്ചിരിക്കുന്നത്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

യെദ്യൂരപ്പ ഡെല്‍ഹിയിലെത്തി എല്ലാ നേതാക്കളെയും കണ്ടതെന്തിന്‌? മുഖ്യമന്ത്രിപദത്തില്‍ ഇനി എത്ര നാള്‍... - The Political Editor