കൊവിഡ് മരണങ്ങളിൽ സർക്കാർ രേഖയിലുള്ളത് യഥാർത്ഥ മരണങ്ങളുടെ മൂന്നിൽ ഒന്ന് മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കൊവിഡ് മരണങ്ങൾ സർക്കാർ മറച്ചുവെച്ചുവെന്ന് ആരോഗ്യമന്ത്രി പോലും സമ്മതിച്ചിരിക്കുകയാണ്. പരാതികൾ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി പറയുന്നത് എങ്ങനെയാണെന്ന് മനസിലാവുന്നില്ല. മരിച്ചത് കോവിഡ് മൂലമെന്ന്തെളിയിക്കാൻ ബന്ധുക്കൾ എന്ത് ചെയ്യണമെന്ന് മന്ത്രി വ്യക്തമാക്കണം. തുടക്കം മുതലേ കേന്ദ്രനയത്തിന് വിപരീതമായാണ് സംസ്ഥാനം പ്രവർത്തിച്ചത്. രാജ്യം മുഴുവൻ കൊവിഡിനെ അതിജീവിച്ചപ്പോഴും കേരളത്തിൽ കൊവിഡ് കേസുകൾ കുറയാത്തതിന് കാരണം ഇതാണ്. കേരളത്തിൽ പ്രധാനമായും വിശ്വസനീയമല്ലാത്ത ആന്റിജൻ ടെസ്റ്റുകൾ ആണ് നടക്കുന്നത്. അതിൽ തെറ്റായ നെഗറ്റീവ് റിപ്പോർട്ടുകൾ 40% വരെ ഉയർന്നതാണ്. അത് കൂടാതെ ആഴ്ചയിലെ ശരാശരി പരിശോധന അഞ്ചിലൊന്ന് കുറയ്ക്കുകയും ചെയ്തു. ഇതാണ് കേരളത്തിലെ മരണനിരക്ക് കുറയാതിരിക്കാൻ കാരണം–സുരേന്ദ്രൻ ആരോപിച്ചു.













