• Home
  • kerala
  • സ്ത്രീധനത്തിനായി ഭാര്യയെ പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് എത്തിച്ചു; അറസ്റ്റിലായ ഉണ്ണി രാജൻ പി. ദേവിനെ റിമാൻഡ് ചെയ്തു

സ്ത്രീധനത്തിനായി ഭാര്യയെ പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് എത്തിച്ചു; അറസ്റ്റിലായ ഉണ്ണി രാജൻ പി. ദേവിനെ റിമാൻഡ് ചെയ്തു

ഭാര്യയുടെ ആത്മഹത്യയിൽ അറസ്റ്റിലായ ഉണ്ണി രാജൻ പി. ദേവിനെ നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു. നടൻ രാജൻ പി ദേവിന്റെ മകൻ ആണ് ഉണ്ണി.

വീഡിയോ കോൺഫറൻസിലൂടെയാണ് ഇന്നലെ ഉണ്ണിയെ കോടതിയിൽ ഹാജരാക്കിയത്. സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പീഡിപ്പിച്ചിരുന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചു. അങ്കമാലിക്കടുത്തു കറുകുറ്റിയിലെ വീട്ടിൽ വെച്ചാണ് ഉണ്ണിയെ അറസ്റ്റ് ചെയ്തിരുന്നത്.

പ്രിയങ്കയുമായി തന്റെ ‘അമ്മ ശാന്തമ്മ വഴക്കു പതിവായിരുന്നു എന്നും പതിനൊന്നിന് പ്രിയങ്കയും അമ്മയുമായി വാക്കേറ്റമുണ്ടായപ്പോൾ താൻ പ്രിയങ്കയെ മർദ്ദിച്ചതായും തുടർന്നാണ് പ്രിയങ്ക സഹോദരനൊപ്പം തിരുവനന്തപുരത്തെ വീട്ടിലേക്ക് പോയതെന്നും ഉണ്ണി പൊലീസിന് മൊഴി നൽകി.

അങ്കമാലിയിലെ വീട്ടിൽ നിന്ന് പന്ത്രണ്ടാം തീയതി വെമ്പായത്തെ വീട്ടിലെത്തിയ പ്രിയങ്കയ്ക്ക് മരിക്കുന്നതിന് തൊട്ടുമുമ്പ് ഒരു ഫോൺ കോൾ വന്നിരുന്നതായും അതിന് ശേഷമാണ് മുറിയിൽ കയറി കതകടച്ച് ജീവനൊടുക്കിയതെന്നും ബന്ധുക്കൾ മൊഴി നൽകിയിരുന്നു. പ്രിയങ്കയെ വിളിച്ചത് ഉണ്ണിയാണെന്നാണ് പോലീസിന്റെ നിഗമനം. ഫോണിലൂടെ രൂക്ഷമായി ശകാരിക്കുകയും നിന്നെ എനിക്ക് വേണ്ടെന്നും ഭാര്യയായി കരുതാനാകില്ലെന്നും പറയുകയും ചെയ്തു. ഇതോടെ പ്രിയങ്ക ആത്‌മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ വാദം.
നിലവിൽ ഗാർഹിക പീഡനം,ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ഈ വകുപ്പുകൾ തന്നെ ഉണ്ണിയുടെ അമ്മ ശാന്തമ്മക്കെതിരെയും ചുമത്തിയിട്ടുണ്ട്. എന്നാൽ അവർ കൊവിഡ് പോസിറ്റീവായി കറുകുറ്റിയിലെ വീട്ടിൽ ചികിത്സയിലാണ്. വരുന്ന ആഴ്ചയോടെ മാത്രമെ ക്വാറന്റൈൻ പൂർത്തിയാകൂ. തുടർന്ന് ഇവർക്കെതിരെയും നടപടി സ്വീകരിക്കും.

ഉണ്ണിയെ നെയ്യാറ്റിൻകര സ്പെഷ്യൽ സബ്‌ജയിലിലേക്ക് മാറ്റി. ഇവിടുത്തെ നിരീക്ഷണ കാലാവധി പൂ‌ർത്തിയായ ശേഷം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *