• Home
  • kerala
  • സുധാകരന്‍ ഡല്‍ഹിയിലും ഇടഞ്ഞു തന്നെ, രാഹുല്‍ കാണാന്‍ കൂട്ടാക്കിയില്ല, അടൂര്‍ പ്രകാശിനും മല്‍സരിക്കണം, പറ്റില്ലെന്ന് ഹൈക്കമാന്‍ഡ്
Image

സുധാകരന്‍ ഡല്‍ഹിയിലും ഇടഞ്ഞു തന്നെ, രാഹുല്‍ കാണാന്‍ കൂട്ടാക്കിയില്ല, അടൂര്‍ പ്രകാശിനും മല്‍സരിക്കണം, പറ്റില്ലെന്ന് ഹൈക്കമാന്‍ഡ്

കണ്ണൂര്‍, കോന്നി നിയമസഭാ സീറ്റുകള്‍ തീരുമാനമാവാതെ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ അനന്തമായി നീളുന്നു. കണ്ണൂരില്‍ കെ.സുധാകരനും കോന്നിയില്‍ അടൂര്‍ പ്രകാശും കടുംപിടുത്തം കാണിക്കുന്നതും അത് ഹൈക്കമാന്‍ഡ് സമ്മതിക്കാത്തതുമാണ് പ്രശ്‌നം നീണ്ടു പോകുന്നതിനു കാരണം. രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചതനുസരിച്ച് ഡല്‍ഹിയിലെത്തിയ കെ.സുധാകരനെ ചൊവ്വാഴ്ച നേരില്‍ കാണാന്‍ രാഹുല്‍ ഗാന്ധി തയ്യാറായിട്ടില്ല എന്നാണ് വിവരം. അടൂര്‍ പ്രകാശും മല്‍സരിക്കാനുള്ള പിടിവാശി തുടരുകയാണ്. സുധാകരന്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡിന് വഴങ്ങുമോ എന്ന് അറിവായിട്ടില്ല. എംപിമാരായ കെ സുധാകരന്‍, അടൂര്‍ പ്രകാശ് എന്നിവര്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്ന കണ്ണൂരും കോന്നിയും ആദ്യ ഘട്ട പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍ ഹൈക്കമാന്‍ഡും ഉറച്ച് നില്‍ക്കുകയാണ്.

നേമം, കഴക്കൂട്ടം എന്നിങ്ങനെ ബിജെപിക്ക് വ്യക്തമായ മേല്‍ക്കൊയ്മയുള്ള മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനായില്ല.നേമത്ത് മത്സരിക്കാന്‍ നേതാക്കളില്‍ പലരും താത്പര്യം കാണിക്കാത്തത് പാര്‍ട്ടിക്ക് വെല്ലുവിളിയാണ്. അതുപോലെ തന്നെ എറണാകുളം ജില്ലയില്‍ പല മണ്ഡലങ്ങളിലും തര്‍ക്കം തുടരുകയാണ്. പെരുമ്പാവൂരില്‍ നിന്ന് എല്‍ദോസ് കുന്നപ്പള്ളിയെ വെട്ടിയതില്‍ രമേശ് ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. എം ലിജുവിനെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിക്കാനാണ് കെസി വേണുഗോപാലിന് താത്പര്യമെങ്കിലും ഇതിന് വിഡി സതീശന്‍ വഴങ്ങിയിട്ടില്ല.ആറന്‍മുളയില്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ അബിന്‍ വര്‍ക്കിയെ മത്സരിപ്പിക്കാന്‍ രമേശ് ചെന്നിത്തല സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍ പ്രാദേശികമായി അബിനെതിരെ എതിര്‍പ്പുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് നേതൃത്വം വഴങ്ങാന്‍ തയ്യാറാകാതിരിക്കുന്നത്. കൊച്ചിയില്‍ ദീപ്തി മേരി വര്‍ഗീസ്, ഡിസിസി പ്രസിഡന്റെ എം ഷിയാസ് എന്നിവരില്‍ ആരെന്നതിലാണ് തര്‍ക്കം തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *