• Home
  • kerala
  • സ്വതന്ത്രനായി മത്സരിക്കാനുള്ള ജി. സുധാകരന്റെ തീരുമാനം നാടകമെന്ന് എച്ച്. സലാം എംഎൽഎ.
Image

സ്വതന്ത്രനായി മത്സരിക്കാനുള്ള ജി. സുധാകരന്റെ തീരുമാനം നാടകമെന്ന് എച്ച്. സലാം എംഎൽഎ.

അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള ജി. സുധാകരന്റെ തീരുമാനം നാടകമെന്ന് എച്ച്. സലാം എംഎൽഎ. അരങ്ങേറുന്ന നാടകത്തിൻ്റെ ഒരു രംഗം മാത്രമേ ഇപ്പോൾ കണ്ടിട്ടുള്ളൂ എന്നും രണ്ടു രംഗങ്ങൾക്കൂടി വരാനുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതിൽ ഒന്ന് യുഡിഎഫിന്റേതാണ്, പിന്നൊന്ന് ബിജെപിയുടേതാണ്. വളരെയേറെ ആലോചിച്ച് പ്ലാൻചെയ്ത കാര്യമാണ് നടന്നുകൊണ്ടിരിക്കുന്നത്. ആ രണ്ടുരംഗങ്ങൾക്കൂടി അവതരിപ്പിച്ചതിനു ശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നും എച്ച്. സലാം പറഞ്ഞു.

ജി. സുധാകരൻ്റെ നിലപാടിൻ്റെ പേരിൽ പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. പാർട്ടി അണികൾ പാർട്ടിയുടെ ഭാഗത്തുതന്നെ ആയിരിക്കും. അമ്പലപ്പുഴ ഏരിയയിൽനിന്ന് 15 പേർ പോലും പാർട്ടിയിൽനിന്ന് പോകില്ലെന്നും സലാം പറഞ്ഞു. സുധാകരന് യുഡിഎഫിൻ്റെ പിന്തുണ കിട്ടുമോ എന്ന ചോദ്യത്തിന്, അത്തരം കാര്യങ്ങളെല്ലാം പ്ലാൻചെയ്‌ത്‌ വെച്ചിരിക്കുകയാണന്നും സലാം പറഞ്ഞു.ഒരാൾ പാർട്ടിയെ ചതിച്ച് ഇങ്ങനെയൊരു നിലപാടിലേക്കെത്തിയാൽ അവരെ എങ്ങനെയാണ് നേരിടേണ്ടതെന്ന് ജി. സുധാകരൻതന്നെ മുൻകാലങ്ങളിൽ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. ജനങ്ങളെ അണിനിരത്തി ഇത്തരം കാര്യങ്ങളെ ശക്തമായി നേരിടുമെന്നും സലാം പറഞ്ഞു.

‘വർഗ വഞ്ചകന് മാപ്പില്ല’; സുധാകരനെതിരെ പോസ്റ്ററുകൾ

ജി സുധാകരനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ‘വർഗ വഞ്ചകന് മാപ്പില്ല’, ‘വോട്ടില്ല’ തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്. അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫീസിന്റെ മതിലുകളിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. രക്തസാക്ഷികൾ സിന്ദാബാദ് എന്ന് മുദ്രാവാക്യം മുഴക്കിയാണ് സിപിഎം പ്രവർത്തകർ പോസ്റ്ററുകളൊട്ടിച്ചത്. സുധാകരനെതിരെ വരും ദിവസങ്ങളിൽ വ്യാപകമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനാണ് പാർട്ടി തീരുമാനം. നാളെ മുതൽ വിശദീകരണ യോഗങ്ങളും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുമെന്ന് അമ്പലപ്പുഴ ഏരിയ കമ്മിറ്റി സെക്രട്ടറി ശ്യാംജി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *