ഫലത്തില്‍ സിപിഎമ്മിനെതിരെ തിരഞ്ഞെടുപ്പു യുദ്ധം പ്രഖ്യാപിച്ച് മുതിര്‍ന്ന മുന്‍ സിപിഎം നേതാവ് ജി.സുധാകരന്‍ തന്റെ തട്ടകമായ അമ്പലപ്പുഴയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്ന് പ്രഖ്യാപിച്ചു. ഇന്ന് പുന്നപ്ര പറവൂരിലെ വീട്ടിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. കോണ്‍ഗ്രസോ മറ്റ് സംഘടനകളോ പിന്തുണ പ്രഖ്യാപിച്ചാല്‍ ആ സമയം അതിനോട് പ്രതികരിക്കുമെന്നും താന്‍ സിപിഎമ്മിന്റെ പ്രത്യയശാസ്ത്രത്തിനെതിരെയോ പരിപാടിക്കെതിരെയോ ആശയത്തിനെതിരെയോ ഒരു കാര്യവും പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. പാർട്ടി പരിപാടിയും പ്രത്യയശാസ്‌ത്രവും ഉപേക്ഷിച്ചിട്ടില്ലെന്നും ആരുടെയും പിന്തുണയ്‌ക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. “എന്നെപ്പറ്റി പലതരത്തിലുള്ള വാർത്തകൾ പുറത്തുവന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒരു പ്രതിപക്ഷ പാർട്ടിയുമായും ഞാൻ സംസാരിച്ചിട്ടില്ല. 15-ാം വയസിൽ ഞാൻ പാർട്ടിയിൽ ചേർന്നതാണ്. 2002 വരെ ഞാൻ പൂർണസമയ പ്രവർത്തകനായിരുന്നു. ആരും നിർബന്ധിച്ചിട്ടല്ല ഞാൻ പാർട്ടിയിൽ ചേർന്നത്. ഇപ്പോൾ ഞാൻ മെമ്പർഷിപ്പ് പുതുക്കിയില്ല. അതും ആരും നിർബന്ധിച്ചിട്ടല്ല. പാർട്ടിക്കുവേണ്ടി ജീവിച്ചയാളാണ് ഞാൻ. അതുകൊണ്ട് പാർട്ടിയെ അധിക്ഷേപിക്കില്ല. പാർട്ടി പരിപാടിയും പ്രത്യയശാസ്‌ത്രവും ഉപേക്ഷിച്ചിട്ടില്ല.”- സുധാകരൻ പറഞ്ഞു.
“അമ്പലപ്പുഴയിൽ ഞാൻ സ്വന്ത്രനായി മത്സരിക്കും. കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ തിരഞ്ഞെടുപ്പിൽ ഒന്നും പറയില്ല. ഒരിടത്തും പ്രസംഗിക്കാനുമില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. സ്വതന്ത്ര സ്ഥാനാർത്ഥിയാണ്. പിന്തുണയുമായി ആരും വന്നിട്ടില്ല. ഇനി പിന്തുണ സ്വീകരിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ല. അത് പിന്തുണയുടെ സ്വഭാവം പോലെയിരിക്കും” – ജി സുധാകരൻ പറഞ്ഞു.














