• Home
  • kerala
  • ദേശീയപാത ഉദ്ഘാടനത്തിന് വകുപ്പു മന്ത്രിയെ ക്ഷണിക്കാതെ പ്രധാനമന്ത്രിയുടെ ഷോ, മുഖ്യാതിഥി ബിജെപി അധ്യക്ഷന്‍
Image

ദേശീയപാത ഉദ്ഘാടനത്തിന് വകുപ്പു മന്ത്രിയെ ക്ഷണിക്കാതെ പ്രധാനമന്ത്രിയുടെ ഷോ, മുഖ്യാതിഥി ബിജെപി അധ്യക്ഷന്‍

കേരള സംസ്ഥാനം 5580 കോടി രൂപ ചെലവഴിച്ച ദേശീയ പാതയുടെ പൂര്‍ത്തിയായ ഭാഗത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി കേരളത്തില്‍ വന്ന് നടത്തിയത് കേരളത്തിലെ പൊതുമരാമത്ത് വകുപ്പു മന്ത്രിയ ചടങ്ങിന് വിളിക്കാതെ. ഇതിനെതിരെ കേരളത്തില്‍ ഇടതുമുന്നണി കടുത്ത പ്രതിഷേധത്തിലാണ്. പ്രധാനമന്ത്രി കൊച്ചിയില്‍ കലൂര്‍ സ്റ്റേഡിയത്തിലെ വേദിയില്‍ വെച്ച് ദേശീയ പാതയുടെ പൂര്‍ത്തിയായ ഭാഗം ഉദ്ഘാടനം ചെയ്യുന്ന അതേ നേരത്ത് തന്നെ കോഴിക്കോട് പ്രതീകാത്മക പ്രതിഷേധമായി റോഡ് ഷോ നടത്തിയിരിക്കയാണ് പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍. രാമനാട്ടുകരയില്‍ തുടങ്ങിയ പ്രതിഷേധ റോഡ് ഷോ വെങ്ങളത്താണ് സമാപിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെ കൊച്ചിയിലെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും വകുപ്പു മന്ത്രിയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് പിണറായി ചടങ്ങ് ബഹിഷ്‌കരിച്ചിരിക്കയാണ്. പിണറായിയെ ക്ഷണിച്ചാല്‍ പോരേ മരുമോനെയും ക്ഷണിക്കണോ എന്നാണ് കേരള ബിജെപി നേതൃത്വം അധിക്ഷേപിച്ച് പ്രതികരിച്ചത്. ഇതും വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. മരുമോനായിട്ടാണോ പൊതുമരാമത്ത് വകുപ്പു മന്ത്രിയായി പ്രവര്‍ത്തിക്കുന്നത് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയത് വിചിത്രമാണെന്നും ഇത് രാഷ്ട്രീയ പകപോക്കലാണെന്നും ഗോവിന്ദൻ ആരോപിച്ചു. “ബിജെപി അദ്ധ്യക്ഷനെ ഉദ്ഘാടന ചടങ്ങിൽ ഉൾപ്പെടുത്തിയത് എന്ത് പ്രൊട്ടോക്കോൾ പ്രകാരമാണ്? എന്തും ചെയ്യാൻ അവകാശമുണ്ട് എന്ന മട്ടിലാണ് പെരുമാറ്റം. ഉദ്ഘാടന ചടങ്ങിന്റെ രാഷ്ട്രീയ ഉളളടക്കത്തിൽ പക്ഷപാതമുണ്ട്. മരുമകനായത് കൊണ്ടാണോ പൊതുമരാമത്ത് മന്ത്രിയായത്, ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് കരാറിൽ ഒപ്പിട്ടത്? മുഖ്യമന്ത്രി പല തവണ കേന്ദ്രവുമായി ചർച്ച നടത്തി. പൊതുമരാമത്ത് വകുപ്പുമായാണ് സ്ഥലമേറ്റെടുപ്പ് കരാർ. ധനപരമായ പങ്കാളിത്തം കേരളത്തിനുണ്ട്. മറ്റ് സംസ്ഥാനങ്ങളെ പോലെയല്ല ഇക്കാര്യത്തിൽ കേരളം. കേരളമല്ലാതെ മറ്റൊരു സംസ്ഥാനവും ഭൂമി ഏറ്റെടുക്കലിന് പണം മുടക്കിയിട്ടില്ല. കേരളത്തിന്റെ നേട്ടത്തിന്റെ വിളംബരമാണ് നടക്കുന്നത്. ആഹ്ലാദത്തോടെ ജനം കക്ഷിരാഷ്ട്രീയത്തിന് അതീതമായി കാണേണ്ട പരിപാടിയായിരുന്നു.”- എം വി ഗോവിന്ദൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *