• Home
  • kerala
  • ഗിരിയേട്ടന്‍ പണിയുന്ന പോലെ എല്ലാരേം പണിയരുത്…പണി കിട്ടും

ഗിരിയേട്ടന്‍ പണിയുന്ന പോലെ എല്ലാരേം പണിയരുത്…പണി കിട്ടും

പണി എന്ന സിനിമ ഇന്നലെ കണ്ടു. അതിന്റെ നിര്‍മാതാവും സംവിധായകനും സിനിമയിലെ പ്രമുഖ നടനുമെല്ലാമായ ജോജു സിനിമയെ വിമര്‍ശിച്ച ഒരു ചെറുപ്പക്കാരനെ ഭീഷണിപ്പെടുത്തിയതിനെ പേരില്‍ വിവാദമുണ്ടായതിന്റെ സാഹചര്യത്തില്‍ എന്നാല്‍ ഇതില്‍ എന്താ ഉള്ളത് എന്ന് നോക്കാന്‍ കൂടിയായിരുന്നു എന്റെ സിനിമ കാണല്‍.

രണ്ടു വര്‍ഷമെടുത്ത് അത്യധ്വാനം ചെയ്തുണ്ടാക്കിയ സിനിമയെന്ന് ജോജു വിവരിക്കുന്ന സിനിമ ചെറുപ്പക്കാരെ ആകര്‍ഷിച്ച് വന്‍ ഹിറ്റായി എന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. ഞാന്‍ ഞായറാഴ്ചയാണ് സിനിമ കാണാന്‍ പോയത്. നഗരത്തിലെ ഒരേയൊരു സ്‌ക്രീനില്‍ മാത്രമാണ് ഈ സിനിമ ഉള്ളത്. പക്ഷേ അഞ്ചിലൊരുഭാഗം സീറ്റുകളില്‍ പോലും കാണികളില്ലായിരുന്നു. അതൊരു പക്ഷേ സിനിമ റിലീസ് കഴിഞ്ഞ് രണ്ടാഴ്ചയായതു കൊണ്ടായിരിക്കാമെന്നു വാദിക്കാം. അതിനാല്‍ ഹിറ്റ് ചാര്‍ട്ട് ചര്‍ച്ച വിട്ടേക്കാം.

നമുക്ക് സിനിമയുടെ കഥാമൂല്യത്തിലേക്കും കലാമൂല്യത്തിലേക്കും കടക്കാം. തൃശ്ശൂര്‍ നഗരത്തില്‍ നടക്കുന്ന ഒരു റിവഞ്ച് ത്രില്ലര്‍ ആണ് പണിയുടെ പ്രമേയം. പണി എന്നാല്‍ ക്വട്ടേഷന്‍ മാഫിയയുടെ പുതിയ പദാവലികളിലൊന്നായ പണി തന്നെ. പണി കൊടുത്തതിന്റെയും പണി ചോദിച്ചു വാങ്ങിയതിന്റെയും കഥയാണ് പണി.

കൗമാരം പിന്നിട്ട് അധികമായിട്ടില്ലാത്ത രണ്ട് പേര്‍ നടത്തുന്ന അതിക്രൂരമായ കൊലപാതകങ്ങളുടെയും ബലാല്‍സംഗങ്ങളുടെയും ഞെട്ടിപ്പിക്കുന്ന കഥ. രണ്ടു യുവാക്കള്‍ നഗരത്തിലെ പ്രഖ്യാപിത ക്വട്ടേഷന്‍, ഗുണ്ടാ, റിയല്‍ എസ്റ്റേറ്റ് മാഫിയ സംഘത്തിനെ നെടുകെ പിളര്‍ക്കുന്ന പ്രമേയം. കൗമാരക്കാരുടെ ഇടയില്‍ വളര്‍ന്നു വരുന്ന അറപ്പു തീര്‍ന്ന ക്രമിനലിസത്തിന്റെ ആവിഷ്‌കാരം പ്രേക്ഷകരെ ഞെട്ടിക്കുന്നുണ്ട്. മാത്രമല്ല, വരും തലമുറയുടെ ഭാവിയില്‍ ആശങ്കയും ഭയവും ഉണര്‍ത്തുന്ന കഥയും ആണ് പണിയുടെത്. തൃശ്ശൂര്‍ നഗരമാണ് പശ്ചാത്തലം എന്നതു കൊണ്ടു തന്നെ അടുത്ത കാലത്തു നടന്ന മറ്റൊരു യഥാര്‍ഥ സംഭവം ഓര്‍ത്തു പോകുന്നു. ഒരു ഗുണ്ടാത്തലവന്റെ പിറന്നാളാഘോഷത്തിന് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഒത്തുകൂടിയ ഒരു സംഘം കൗമാരക്കാര്‍ വാള്‍ കൊണ്ട് കേയ്ക്ക് മുറിച്ച് ആഘോഷിക്കാന്‍ തയ്യാറെടുത്ത സംഭവം മറക്കരുത്. പ്രായപൂര്‍ത്തിയെത്തിയിട്ടില്ലാത്ത ഒട്ടേറം പയ്യന്‍മാരുമുണ്ടായിരുന്നുവേ്രത ഈ സംഘത്തില്‍. സംഗതി മണത്തറിഞ്ഞ പോലീസ് ഈ കെയ്ക്ക് മുറിക്കല്‍ സമര്‍ഥമായി തടയുകയും കൗമാരക്കാരെ കസ്റ്റഡിയിലെടുത്ത് രക്ഷിതാക്കളെ വിളിച്ചു വരുത്തി ശാസിച്ച് വിട്ടയക്കുകയും ചെയ്തതായും പറയുന്നു. അടുത്ത കാലത്ത് ഹിറ്റായി മാറിയ ആവേശം എന്ന സിനിമയിലെ സീന്‍ കണ്ട് ആവേശഭരിതരായി അത് അനുകരിക്കാനാണേ്രത കൗമാരക്കാര്‍ ഉള്‍പ്പെടെയുള്ള സംഘം ഗുണ്ടാത്തലവന്റെ പിറന്നാള്‍ ആവേശം മോഡലില്‍ ആഘോഷിക്കാന്‍ തീരുമാനിച്ചത്. ഈ സംഭവം ഒരു ചൂണ്ടുപലകയാണ് പലതരത്തിലും- ഒന്ന്, കൗമാരക്കാരുടെ ഇടയില്‍ വളര്‍ന്നുവരുന്ന ക്രമിനല്‍ ആവേശങ്ങള്‍. രണ്ട്, സിനിമ വ്യക്തികളെയും അവരുടെ ബോധത്തെയും ശരിക്കും സ്വാധീനിക്കുന്ന മാധ്യമം ആണെന്ന അടിവരയിടല്‍.

ഈ പശ്ചാത്തലത്തില്‍ തന്നെ വേണം പണി എന്ന സിനിമയെയും പരിശോധിക്കാന്‍, അല്ലെങ്കില്‍ പരിശോധിച്ചേ മതിയാവൂ. ആദര്‍ശ് എന്ന ചെറുപ്പക്കാരനായ ഗവേഷകവിദ്യാര്‍ഥി, ഒരു സിനിമാസ്വാദകന്‍ എന്ന നിലയില്‍ പണിയെക്കുറിച്ച് എഴുതിയ വിമര്‍ശനം ഇത്തരുണത്തിലാണ് പ്രസക്തമാകുന്നത്. സിനിമയില്‍ ജോജു അവതരിപ്പിക്കുന്ന റിയല്‍ എസ്റ്റേറ്റ് മുതലാളിയായ ഗിരിയുടെ ഭാര്യയുടെ മേല്‍ ഡോണ്‍ സെബാസ്റ്റിയന്‍ എന്ന ക്രിമിനല്‍ റേപ് ചെയ്യുന്ന രംഗം അപക്വമായും സ്ത്രീ കഥാപാത്രത്തിന് സിംപതി നല്‍കാത്ത വിധവും ആയിട്ടാണ് എന്നാണ് ആദര്‍ശ് വിമര്‍ശിച്ചത്. സിനിമയിലെ ആ രംഗം കണ്ടപ്പോള്‍ എനിക്കീ സംശയം ബലപ്പെടുകയാണ് ചെയ്തത്.

ഇതു മാത്രമല്ല, സിനിമയില്‍ ചിത്രീകരിക്കപ്പെട്ട കൊലപാതകങ്ങള്‍, അവസാന സീനില്‍ കുറ്റവാളികളെ കെട്ടിത്തൂക്കിയിട്ട് ബോംബ് പൊട്ടിച്ച് ചിന്നിച്ചിതറിക്കുന്നത്…ഇങ്ങനെ പലതും പല മാനദണ്ഡങ്ങള്‍ വെച്ചും വിമര്‍ശിക്കാന്‍ സാധ്യതയുള്ളതാണ്. വയലന്‍സിന്റെ അതിഭയാനകമായ സീനുകളാണ് പലതും. യു,എ- സര്‍ട്ടിഫിക്കറ്റ് ചാര്‍ത്തി നല്‍കിയ ഈ സിനിമ ചെറുപ്പക്കാരെ എങ്ങിനെ സ്വാധീനിക്കുമെന്ന് ആരെങ്കിലും ആശങ്കപ്പെട്ടാലും കുറ്റം പറയാന്‍ പറ്റില്ല. ദശാബ്ദങ്ങള്‍ക്കു മുമ്പ് ദേവാസുരം എന്ന സിനിമ റിലീസ് ചെയ്തപ്പോള്‍ അതിലെ അവസാന രംഗത്തില്‍ വില്ലന്റെ കൈ നായകന്‍ വെട്ടിയെടുക്കുന്നതായി ചിത്രീകരിച്ച രംഗത്തെപ്പറ്റി എത്രയോ വിമര്‍ശനം വന്നിരുന്നു. നായകന്റെ ഭാഗത്ത് അനുകമ്പ ഉള്ളപ്പോള്‍ തന്നെ ഇത്തരം ചിത്രീകരണങ്ങള്‍ സമൂഹത്തിന് നല്‍കുന്ന ഒരു ഉള്‍പ്രേരണ സംബന്ധിച്ച് ഒട്ടേറെ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇന്ന് വയലന്‍സ് സീനുകള്‍ അതിന്റെ എത്രയോ ശതമടങ്ങ് ക്രൂരവും പൈശാചികവുമായി മാറിയിരിക്കുന്നു. പണിയിലെ ബലാല്‍സംഗം അനുകരിക്കാന്‍ അവസാന സീന്‍ അനുകരിക്കാന്‍ ഇവിടുത്തെ തലമുറയിലെ ചിലരെങ്കിലും തയ്യാറായാല്‍ അത് ഈ കേരളീയ സമൂഹത്തെ എത്രമാത്രം മുറിവേല്‍പ്പിക്കുമെന്ന് ആലോചിക്കാവുന്നതേയുള്ളൂ. ആവേശം മോഡല്‍ പിറന്നാളാഘോഷത്തിന് വാള്‍ കൊണ്ട് കേക്ക് മുറിക്കാന്‍ കൊതിച്ചവരുടെ നാട്ടില്‍ ഇതിനൊക്കെ സ്‌പേസ് ഉണ്ട്.

സിനിമയില്‍ സെക്‌സും റേപ്പും വയലന്‍സും ചിത്രീകരിച്ചുകൂടാ എന്ന് പറയാനാവില്ല. അന്തമില്ലാത്ത രീതിയില്‍ ഇവ ചിത്രീകരിച്ച എത്രയോ സിനിമകള്‍ ഇന്ത്യയിലും വിദേശത്തും ഇറങ്ങിയിട്ടുണ്ട്. പ്രമേയങ്ങളില്‍, ജീവിതങ്ങളില്‍, സമൂഹങ്ങളില്‍ ഇതെല്ലാം യാഥാര്‍ഥ്യം തന്നെ. പക്ഷേ സിനിമ പോലുള്ള പോപ്പുലര്‍ കലാരൂപങ്ങളില്‍ ഇതൊക്കെ എങ്ങിനെ പക്വമായി ചിത്രീകരിക്കാം എന്നതിന് റെഗുലേഷന്‍ അത്യാവശ്യമാണല്ലോ. പുതിയ കാലത്ത് ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ ഡ്രഗ്, സെക്‌സ്, റേപ്പ്, ചോര വരും വരെ അതിക്രൂരമായ തരത്തില്‍ ഇടി, പുതുമ നിറഞ്ഞ കൊലപാതക രീതികള്‍ ഇവ ചിത്രീകരിക്കുന്നതില്‍ വാണിജ്യ സിനിമക്കാര്‍ മല്‍സരിക്കുന്നുണ്ട്. പക്ഷേ ഇതൊന്നും ആരാലും വിമര്‍ശിക്കപ്പെട്ടു കൂടാ എന്നു പറഞ്ഞുകൊണ്ട് സിനിമക്കാര്‍ തന്നെ ആസ്വാദകരെ ഭീഷണിപ്പെടുത്തുന്നത് ആദ്യമാണെന്നു തോന്നുന്നു.

ഇനി ജോജുവിന്റെ വിശദീകരണം നോക്കാം. രണ്ടു വര്‍ഷമായി ശ്രമിച്ച് എടുത്ത സിനിമ, 20 കോടി മുടക്കി എടുത്ത സിനിമ, അതിനെ നശിപ്പിക്കാന്‍ നോക്കുന്നു എന്നൊക്കെ ജോജു പറയുന്നു. ശരിയാണ്. സിനിമ ഒരു ബിഗ് ബിസിനസ്സാണ്. എന്നാല്‍ അതൊരു ഡേര്‍ട്ടി ബിസിനസ്സ് ആക്കി മാറ്റരുത്. സിനിമ വിജയിപ്പിക്കുക എന്ന ഉത്തരവാദിത്വം സമൂഹത്തിനു മേല്‍ അടിച്ചേല്‍പ്പിക്കാനാവില്ല. 20 അല്ല 200 കോടി മുടക്കി ബിസിനസ് നടത്തി എന്നതു കൊണ്ട് മാത്രം കാര്യമില്ല. എല്ലാ ബിസിനസ്സും ലാഭകരമാക്കിക്കൊടുക്കാന്‍ ജനം മുദ്രപ്പത്രത്തിലെഴുതിക്കൊടുത്തിട്ടില്ല. എങ്കില്‍ ലഹരി ബിസിനസ്സും അങ്ങനെ ആകാമോ. ഞങ്ങള്‍ കുറേ മുടക്കിയതാണ്, അതിനാല്‍ കമാ മിണ്ടരുത് എന്ന് പറയാമോ. വിമര്‍ശനത്തെ ആ നിലയില്‍ നേരിടണം. അതിനു പകരം ഗിരിയേട്ടന്‍ സിനിമയില്‍ നേരിടുമ്പോലെ ആവരുത്. 250 രൂപ പോയി എന്നത് ഒരു പ്രേക്ഷകന്റെ പക്ഷത്തു നിന്നുള്ള വിലയിരുത്തല്‍ ആണ്. അത് പറ്റില്ലെന്നു പറയാന്‍ ജോജുവിന് എന്തധികാരം.

Leave a Reply

Your email address will not be published. Required fields are marked *