• Home
  • kerala
  • ‘പ്രതിപക്ഷ നേതാവ് എവിടെ?, അവനെ കൊല്ലും’…പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ചു കയറി ഡിവൈഎഫ്ഐ പ്രവർത്തകർ

‘പ്രതിപക്ഷ നേതാവ് എവിടെ?, അവനെ കൊല്ലും’…പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ചു കയറി ഡിവൈഎഫ്ഐ പ്രവർത്തകർ

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ അതിക്രമിച്ചു കയറിയത് ആസൂത്രിതമായെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ്. ഡിവൈഎഫ്ഐ പ്രവർത്തകർ ആയുധങ്ങളുമായി എത്തി കൊല്ലുമെന്ന് പറഞ്ഞാണ് അതിക്രമിച്ചു കയറിയതെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ആരോപിച്ചു. ‘പ്രതിപക്ഷ നേതാവ് എവിടെ?, അവനെ കൊല്ലും’… എന്ന് ആക്രോശിച്ചാണ് അക്രമികള്‍ എത്തിയതെന്നും പ്രതിഷേധക്കാരെ തടഞ്ഞ ഡ്യൂട്ടിയിലുള്ള പൊലീസുകാരെ ആക്രമിച്ചെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

‘ഉച്ചയ്ക്ക് 12.20 ന് ആയുധങ്ങളുമായി മൂന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കന്റോൺമെന്റ് ഹൗസ് വളപ്പിൽ അതിക്രമിച്ച് കയറി. ‘പ്രതിപക്ഷ നേതാവ് എവിടെ…. അവനെ കൊല്ലും…..’ എന്ന് ആക്രോശിച്ച് കന്റോൺമെന്റ് ഹൗസിലേക്ക് കയറിയ അക്രമികൾ കല്ലെറിഞ്ഞു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ തടയുന്നതിനിടെ മൂന്നു പേരും പിന്തിരിഞ്ഞോടി. രണ്ടു പേർ പോലീസ് എയിഡ് പോസ്റ്റും കടന്ന് പുറത്തെത്തി. മൂന്നാമനെ പൊലീസുകാർ തടഞ്ഞുവച്ചു.

പ്രതിപക്ഷ നേതാവിന്റെ ഓഫീസ്, സിറ്റി പൊലീസ് കമ്മിഷണറെയും മ്യൂസിയം പൊലീസിനെയും വിവരമറിച്ചു. തുടർന്ന് പുറത്ത് നിന്ന് കൂടുതൽ പൊലീസ് എത്തിയ ശേഷം കന്റോൺമെന്റ് ഹൗസ് വളപ്പിൽ നിന്നും ഡി.വൈ.എഫ്.ഐ പ്രവർത്തകനെ കസ്റ്റഡിയിലെടുത്ത് പുറത്തേക്ക് കൊണ്ടു പോയി.

പ്രതിപക്ഷ നേതാവിന്റെ വസതിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെ ആക്രമികൾ പരിക്കേൽപ്പിക്കുകയും കന്റോൺമെന്റ് വളപ്പിലെ ചെടിച്ചട്ടികൾ തകർക്കുകയും ചെയ്തു.

മാരാകായുധങ്ങളുമായി കന്റോൺമെന്റ് ഹൗസിൽ അതിക്രമിച്ച് കടന്ന് പ്രതിപക്ഷ നേതാവിനെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി നൽകും’ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പത്രകുറിപ്പിൽ അറിയിച്ചു.

ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രതിപക്ഷനേതാവിന്റെ വസതിയിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തിയത്. സംഘർഷ സാധ്യത മുന്നിൽ കണ്ട് പോലീസ് ബാരിക്കേഡ് കെട്ടി സുരക്ഷയൊരുക്കിയിരുന്നു. മാർച്ചിനിടെ കോൺഗ്രസിന്റേയും യുഡിഎഫിന്റേയും കൊടികളും ബാനറുകളും തകർത്തു.

ഇതിനിടെയാണ് മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് അതിക്രമിച്ചു കയറിയത്.

Leave a Reply

Your email address will not be published. Required fields are marked *