തൊടുപുഴ ചീനിക്കുഴിയിൽ സ്വന്തം പിതാവ് മകനെയും കുടുംബത്തെയും തീയിട്ട് കൊന്നത് വളരെ ആസൂത്രിതമായി. രക്ഷപെടാനുള്ള എല്ലാ മാർഗവും അടച്ചതിന് ശേഷമാണ് വീടിന് തീയിട്ടത്. വാട്ടർ ടാങ്കിൽ നിന്ന് മുഴുവൻ വെള്ളവും കാലിയാക്കിയിരുന്നു.പൈപ്പുകളുടെ കണക്ഷനും വിച്ഛേദിച്ചു. വീടിനകത്ത് ഒരു തുള്ളി വെള്ളം പോലും അവശേഷിപ്പിച്ചിരുന്നില്ല.
ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ യാണ് ചീനിക്കുഴി സ്വദേശി അബ്ദുള്‍ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹര്‍, അഫ്‌സാന എന്നിവരെ ഫൈസലിന്റെ പിതാവ് ഹമീദ് (79) വീടിന് തീയിട്ട് കൊലപ്പെടുത്തിയത്.
പുലർച്ചെ ഒരു മണിയോടെ ഹമീദ് മകനും കുടുംബവും കിടന്ന മുറി പുറത്ത് നിന്നും പൂട്ടിയതിന് ശേഷം വീടിന് അകത്തേക്ക് കടക്കാനുള്ള മുഴുവൻ വാതിലുകളും പൂട്ടി പുറത്തിറങ്ങി. ഇതിന് ശേഷമാണ് മകന്റെ മുറിയിലേക്ക് പെട്രോൾ ഒഴിച്ച് തീയിട്ടത്.
തീയിട്ട ശേഷം പെട്രോൾ കുപ്പികൾ അകത്തേക്ക് എറിഞ്ഞ് കൊണ്ടാണ് ഇയാൾ തീ ആളിപ്പടർത്തിയത്.
കരിഞ്ചന്തയിൽ വിൽക്കാൻ ഫൈസൽ സൂക്ഷിച്ചിരുന്ന പെട്രോളാണ് ഇയാൾ കൃത്യത്തിനായി ഉപയോഗിച്ചത്.
ഫൈസലും കുടുംബവും രക്ഷപെടാനായി മുറിക്കകത്തെ ശൗചാലയത്തിൽ കയറി നിൽക്കുകയായിരുന്നു. തീപിടിത്തം മൂലമുണ്ടായ പുക ശ്വസിച്ചാണ് 4 പേരും മരിച്ചതെന്നാണ് നിഗമനം. 4 പേരുടെയും മൃതദേഹം ശൗചാലയത്തിന് അകത്ത് നിന്നാണ് കണ്ടെടുത്തത്. ശരീരത്തിൽ കാര്യമായ പൊള്ളലുകളും ഉണ്ടായിരുന്നില്ല.

തീപിടിത്തം ഉണ്ടായപ്പോൾ ഫൈസലിന്റെ മകൾ അയൽവാസിയായ രാഹുലിനെ ഫോണിൽ വിളിച്ചിരുന്നു. രാഹുൽ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. ഫ്രിഡ്ജിൽ പോലും വെള്ളം ഉണ്ടായിരുന്നില്ലെന്ന് രാഹുൽ പറഞ്ഞു.
ഹമീദ് പെട്രോൾ കുപ്പികൾ അകത്തേക്ക് തുടരെ എറിയുന്നത് കണ്ടതായും രാഹുൽ പറഞ്ഞു. ഇയാളെ തള്ളി മാറ്റിയ ശേഷമാണ് വീടിനകത്തേക്ക് കയറിയത്.
കട്ടിലിന് തീപിടിച്ച് ആളിക്കത്തുന്നതിനാൽ കട്ടിലിന് പിറകിലെ ശൗചാലയത്തിലായിരുന്ന അവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ‘മക്കളെ ഇറങ്ങി വാ’ എന്ന് താൻ വിളിച്ചിട്ടും അവർക്ക് വരാനായില്ലെന്നും രാഹുൽ പറഞ്ഞു.
സ്വത്ത് തർക്കമാണ് സ്വന്തം മകന്റെയും കുടുംബത്തിന്റെയും കൊലപാതകത്തിൽ കലാശിച്ചത്. ഭാര്യ മരിച്ചതിന് ശേഷം താമസം മാറിയിരുന്ന പിതാവ് ഹമീദ് അടുത്തിടെയാണ് ഫൈസലിന്റെ കൂടെ വീണ്ടും താമസമാക്കിയത്. തുടർന്നാണ് ഫൈസലിന് നൽകിയ വസ്തു തിരികെ വേണമെന്ന് ആവശ്യപ്പെട്ട് തർക്കം ആരംഭിച്ചത്. പല തവണ മാധ്യസ്ഥ ശ്രമങ്ങളും നടത്തിയിരുന്നു. ഇതിനിടെ മകനെയും കുടുംബത്തെയും കൊല്ലുമെന്ന് ഹമീദ് പല തവണ ഭീഷണിപ്പെടുത്തിയെങ്കിലും ആരും കാര്യമാക്കിയിരുന്നില്ല.
കൃത്യം നടത്തിയ ശേഷം ഹമീദ് ബന്ധു വീട്ടിൽ പോയി മകനെയും കുടുംബത്തെയും കൊലപ്പെടുത്തിയ വിവരം അറിയിക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
മൃതദേഹങ്ങൾ പോസ്റ്റുമാർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. നാല് ആംബുലൻസുകളിലായാണ് തൊടുപുഴയിൽ നിന്ന് മൃതദേഹം കൊണ്ടുപോയത്.













