• Home
  • kerala
  • ഭാവന വന്നപ്പോൾ വിയർത്തു പോയവരോട് …നാടകീയത ഒരു കുറ്റമല്ല ചേട്ടാ…

ഭാവന വന്നപ്പോൾ വിയർത്തു പോയവരോട് …നാടകീയത ഒരു കുറ്റമല്ല ചേട്ടാ…

കേരളത്തിന്റെ ഔദ്യോഗിക ചലച്ചിത്രമേളയായ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്‌ഘാടന വേദിയില്‍ നടി ഭാവന അതിഥിയായി എത്തിയത്‌(അല്ലെങ്കില്‍ എത്തിച്ചത്‌) മഹാ അപരാധമായിപ്പോയി എന്ന്‌ കേരളത്തിലെ ചിലര്‍ക്ക്‌ അഭിപ്രായമുണ്ട്‌. അത്‌ അക്കാദമി ചെയര്‍മാന്‍ രഞ്‌ജിത്തിന്റെ നെഞ്ചത്തിട്ട്‌ തീര്‍ക്കാനും ശ്രമം ഉണ്ട്‌.

നടന്‍ ദിലീപ്‌ നടിയെ ആക്രമിച്ച കേസില്‍ ജയിലിലായപ്പോള്‍ രഞ്‌ജിത്ത്‌ നടനെ ജയിലില്‍ സന്ദര്‍ശിക്കുകയും പുറത്തു വന്ന ശേഷം നടന്‍ നിരപരാധിയാണെന്ന്‌ പ്രതികരിക്കുകയും ചെയ്‌തു എന്ന്‌ ആരോപിച്ചു കൊണ്ട്‌ ഇപ്പോള്‍ ഭാവനയെ അതിഥിയാക്കി പങ്കെടുപ്പിച്ചതിനെയും ചേര്‍ത്ത്‌ വെച്ച്‌ അമിട്ടുകളും ഉണ്ടാക്കി വിടുന്നുണ്ട്‌ ഇവിടുത്തെ ചില കുലപുരുഷന്‍മാര്‍.

പഴയ കഥ രഞ്‌ജിത്ത്‌ നിഷേധിച്ചിട്ടുണ്ട്‌. തികച്ചും യാദൃശ്ചികമായി ഒരു യാത്രയ്ക്കിടെയാണ് ജയിലില്‍ പോയി ദിലീപിനെ കണ്ടത്. നടന്‍ സുരേഷ് കൃഷ്ണ അദ്ദേഹത്തെ ജയിലില്‍ പോയി കണ്ടപ്പോള്‍ താനും ഒപ്പം കയറിയതാണ്. കാണാന്‍ ആഗ്രഹം ഉണ്ടായിരുന്നില്ല. ജയിലിന് പുറത്തുനില്‍ക്കുന്നത് കണ്ട് ചര്‍ച്ചകള്‍ ഒഴിവാക്കുന്നിനായാണ് സുരേഷ് കൃഷ്ണയ്‌ക്കൊപ്പം താനും അകത്ത് കയറിയത്. ദിലീപിനോട് രണ്ട് വാക്ക് സംസാരിക്കുക മാത്രമാണ് അന്ന് ചെയ്തത്. ജയില്‍ സൂപ്രണ്ടിന്റെ അടുത്തേക്കാണ് പോയത്. സൂപ്രണ്ടിനോട് സംസാരിക്കുന്നതിനിടെ ദിലീപ് അങ്ങോട്ട് വന്നു. സുരേഷ് കൃഷ്ണയും ദിലീപും മാറി നിന്ന് സംസാരിച്ചു. 10 മിനുട്ട് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഇറങ്ങി.

പുറത്തിറങ്ങി അയാള്‍ നിരപരാധിയാണെന്നൊന്നും താന്‍ ആരോടും പറഞ്ഞിട്ടില്ല. ദിലീപ് ഇത്തരം ഒരു കാര്യം ചെയ്തു എന്ന് വിശ്വസിക്കാന്‍ അന്ന് തനിക്കും പ്രയാസമായിരുന്നു. കേസ് കോടതിയിലാണ്. താന്‍ ദിലീപിനെ ന്യായീകരിക്കുന്നില്ല -രഞ്ജിത്ത് പറയുന്നു.

ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചു എന്ന കാര്യം കുത്തിപ്പൊക്കിയാണ്‌ രഞ്‌ജിതിനെതിരെ ചില ഒളിയമ്പുപ്രയോഗങ്ങള്‍ നടക്കുന്നത്‌. ഇപ്പോള്‍ പക്ഷേ വേറെ വിഷയമാണ്‌ പ്രശ്‌നം. ചലച്ചിത്രമേളയുടെ വേദിയില്‍ നടി ഭാവന വന്നത്‌ ചില ഏമാന്‍മാര്‍ക്ക്‌ സഹിക്കാനായില്ല എന്നതാണ്‌ ഇപ്പോഴത്തെ യഥാര്‍ഥ കാര്യം. അഞ്ചു വര്‍ഷത്തെ മറ നീക്കിയാണ്‌ ആ മലയാള നടി കേരളത്തിലെ സ്വന്തം പ്രവര്‍ത്തന മേഖലയുമായി ബന്ധപ്പെട്ട ഒരു വേദിയില്‍ എത്തുന്നത്‌. അതിനുമപ്പുറം ആ തിരിച്ചു വരവിന്‌ പല അര്‍ഥങ്ങളുമുണ്ട്‌. ചില അതിജീവനങ്ങളുടെ സന്ദേശങ്ങള്‍ ഉണ്ട്‌. കേരളം അത്‌ കൈനീട്ടി സ്വീകരിക്കുകയും ഹൃദയത്തില്‍ ചേര്‍ക്കുകയും ചെയ്യുന്ന ഒന്നാണ്‌.

ഭാവന അന്താരാഷ്ട്ര ചലച്ചിത്രമേള വേദിയില്‍

ഭാവന എന്തിന്‌ ഇത്തരം ഒരു വേദിയില്‍ വിലക്കപ്പെടണം. അവര്‍ ഒരു കേസിലും പ്രതിയല്ല. പ്രതികളെയാണ്‌ സര്‍ക്കാരിന്റെ പരിപാടിയില്‍ അതിഥിയായി വിളിച്ചതെങ്കില്‍ അത്‌ ശരിയല്ലെന്ന്‌ പറയാന്‍ ന്യായമുണ്ട്‌. ഭാവന വേദിയില്‍ വന്നപ്പോള്‍ കേരളം അത്‌ നേരത്തെ ആഗ്രഹിച്ച ഒരു കാര്യമെന്ന്‌ മനസ്സാക്ഷിയുള്ളവരെല്ലാം ചിന്തിച്ചു. അതിന്‌ ചലച്ചിത്ര അക്കാദമി അല്‍പം നാടകീയത കാണിച്ചാലും ഒരു തരക്കേടുമില്ല. ഭാവന വേദിയില്‍ വരുമെന്ന്‌ നേരത്തെ അനൗണ്‍സ്‌ ചെയ്‌ത്‌ മീഡിയാ ബഹളവും ചര്‍ച്ചാ പ്രഹസനങ്ങളും സൃഷ്ടിക്കാഞ്ഞതാണ്‌ ഉചിതമായത്‌. ചിലര്‍ക്ക്‌ വേണ്ടിയിരുന്നത്‌ നേരത്തെ ചില ചര്‍ച്ചകള്‍ ഉണ്ടാക്കി ആ നടിയുടെ വരവ്‌ മുടക്കുകയായിരിക്കാമെന്ന സംശയമാണ്‌ ഇപ്പോള്‍ തോന്നുന്നത്‌.

കോലാഹലമുണ്ടാക്കി ഒരു എന്‍ട്രി മുടക്കാന്‍ സിനിമയില്‍ ചിലര്‍ക്ക്‌ വലിയ വൈഭവമാണെന്ന്‌ പ്രസിദ്ധിയുണ്ടെങ്കിലും ഇവിടെ അത്‌ നടക്കില്ലല്ലോ. ന്യായമുള്ള ഒന്നും പറയാനില്ലാത്തതിനാല്‍ രഞ്‌ജിത്ത്‌ നാടകീയത സൃഷ്ടിച്ചു എന്ന കുറ്റമാണ്‌ ഇപ്പോള്‍ ചുമത്തുന്നത്‌. ഒപ്പം സര്‍ക്കാരിനെ അറിയിക്കാതെ തന്നിഷ്ടം കാട്ടി എന്നും പ്രചരിപ്പിക്കുന്നു.

ഇതിലെ ദുഷ്ടലാക്കും ആലോചിച്ചാല്‍ മനസ്സിലാകും. മുഖ്യമന്ത്രിയെ നേരിട്ടു കണ്ട്‌ പറഞ്ഞ്‌ അനുമതി വാങ്ങിയ ശേഷവും സാംസ്‌കാരിക മന്ത്രിയുടെ പ്രോല്‍സാഹനത്തോടു കൂടിയുമാണ്‌ ഭാവനയെ അതിഥിയായി ക്ഷണിച്ചതെന്ന്‌ രഞ്‌ജിത്ത്‌ വ്യക്തമാക്കിയതോടെ ആ മുനയും ഒടിഞ്ഞിരിക്കുന്നു.

ഭാവനയെ ഇനിയും ഇരുട്ടില്‍ തന്നെ നിര്‍ത്തണമെന്ന്‌ ചിന്തിക്കുന്നവര്‍ കുറച്ചു വിയര്‍ക്കട്ടെ. അവര്‍ അഭിനയിച്ച സിനിമകള്‍ വരുമ്പോള്‍ കൂടുതല്‍ വിയര്‍ക്കട്ടെ. പ്രതികള്‍ക്ക്‌ പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ നല്‍കാന്‍ ആരും തയ്യാറാവാതിരിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *