ഇടുക്കി എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായിരുന്ന ധീരജിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി നിഖിൽ പൈലി ഒഴികെയുള്ളവർക്ക് ജാമ്യം അനുവദിച്ചു.
രണ്ട് മുതൽ ആറ് വരെ പ്രതികളായ ജെറിൻ ജോജോ, ടോണി എബ്രഹാം, നിധിൻ ലൂക്കോസ്, ജിതിൻ തോമസ്, സോയിമോൻ സണ്ണി എന്നിവർക്കാണ് ഇടുക്കി ജില്ലാക്കോടതി ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതി നിഖിൽ പൈലിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.
ഏഴും എട്ടും പ്രതികളായ ജസ്റ്റിൻ ജോയ്, അലൻ ബേബി എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.കേസിലെ പ്രധാന തെളിവായ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്താനായില്ല.പ്രതികൾക്ക് വേണ്ടി കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകൻ ഹാജരായി.
രണ്ട് മുതൽ ആറുവരെ പ്രതികൾക്ക് ഉപധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നിവയാണ് പ്രധാന വ്യവസ്ഥകൾ.
ധീരജനെ കുത്തിയത് രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നെന്നാണ് എഫ്ഐആര്‍ റിപ്പോർട്ട്. ധീരജിനെ കുത്തിയ യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
വധശ്രമത്തിനും സംഘം ചേര്‍ന്നതിനുമാണ് യൂത്ത് കോൺഗ്രസ് ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോയ്ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.ക്യാമ്പസിനു പുറത്ത് നിൽക്കുമ്പോൾ സംഘർഷം ഉണ്ടായത് കണ്ട് ഓടി രക്ഷപെടുകയായിരുന്നുവെന്നാണ് ജെറിൻ പൊലീസിനോട് പറഞ്ഞത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ് കോളജ് പരിസരത്ത് എത്തിയതെന്നാണ് നിഖിൽ പൊലീസിനോട് പറഞ്ഞത്. എസ് എഫ് ഐ ക്കാർ മർദ്ദിച്ചപ്പോഴാണ് കുത്തിയത്. പേനാക്കത്തി കരുതിയത് സ്വരക്ഷയ്ക്കായി ആണെന്നുമാണ് പ്രതിയുടെ മൊഴി.
കഴിഞ്ഞ ജനുവരി പത്തിനാണ് കോളജ് യൂനിയൻ തെരഞ്ഞെടുപ്പിനിടെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗം കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ ധീരജ് കുത്തേറ്റ് മരിച്ചത്. നാലാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്നു ധീരജ്.













