രാഷ്ട്രപിതാവിന്റെ ജന്മദേശത്ത് അദ്ദേഹത്തെ വധിച്ചയാളെ ഹീറോ എന്ന് വിശേഷിപ്പിച്ച സ്‌കൂള്‍ വിദ്യാര്‍ഥിക്ക് പ്രസംഗമല്‍സരത്തില്‍ ഒന്നാം സ്ഥാനം നല്‍കിയ അപമാനം രാജ്യം ഇന്ന് കടന്നു പോകുന്ന ചരിത്രം മായ്ച്ചുകളയല്‍ യജ്ഞത്തെ അടയാളപ്പെടുത്തുന്ന സംഭവമായി വിലയിരുത്തപ്പടുന്നു.
സര്‍ക്കാര്‍ തന്നെ ഇത്തരം വിഷയം കുട്ടികള്‍ക്കായി തിരഞ്ഞെടുത്തു എന്നതാണ് സംഭവത്തിലെ ഗൗരവം വര്‍ധിപ്പിക്കുന്നത്. ബഹളത്തെ തുടർന്ന് വൽസാദിലെ ജില്ലാ സ്‌പോർട്‌സ് ഓഫീസർ മിതാബെൻ ഗാവ്‌ലിയെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ഹർഷ് സാംഘ്വി പറഞ്ഞു.
കുട്ടികള്‍ അടുത്ത തലമുറയാണ്. അവരുടെ മനസ്സില്‍ ഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ സ്വാതന്ത്രസമര നേതാക്കളുടെ ചിത്രങ്ങള്‍ക്ക് അവമതിപ്പ് തോന്നിപ്പിക്കുകയും അടുത്ത തലമുറയില്‍ രാജ്യത്തിന്റെ യഥാര്‍ഥ ചരിത്രം മായ്ച്ചുകളയുകയും ചെയ്യുക എന്ന പദ്ധതിയാണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന് ഗുജറാത്തിലെ സംഭവം തെളിയിക്കുന്നതായി വിവിധ വ്യക്തികള്‍ പറയുന്നു.
ഗുജറാത്തിലെ വല്‍സാദിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംവാദ മല്‍സരം നടന്നത്. കുട്ടികള്‍ക്കായി തീരുമാനിച്ച മൂന്ന് വിഷയങ്ങളില്‍ ഒന്ന് മൈ ഐഡിയല്‍ നാഥുറാം ഗോഡ്‌സെ എന്നതായിരുന്നു. തിങ്കളാഴ്ചയാണ് മല്‍സരം നടന്നത്. പ്രസംഗമധ്യേ ഗാന്ധിജിയെ കഠിനമായി വിമര്‍ശിക്കുകയും ഗോഡ്‌സെയെ ആദര്‍ശ പുരുഷനെന്ന് വിശേഷിപ്പിക്കുകയും ചെയ്ത കുട്ടിക്ക് ഒന്നാം സ്ഥാനം നല്‍കി ആദരിച്ചതാണ് ഇപ്പോള്‍ ഇന്ത്യയെ തന്നെ ഞെട്ടിച്ചിരിക്കുന്നത്.
7 മുതൽ 12 വയസ്സുവരെയുള്ള 5-ാം ക്ലാസ് മുതൽ 8-ാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഈ വിഷയം പ്രാദേശിക തലത്തിൽ സർക്കാർ ഉദ്യോഗസ്ഥർ തിരഞ്ഞെടുത്തുവെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നതോടെ വ്യാപകമായ പ്രതിഷേധം സംഭവത്തില്‍ ഉയര്‍ന്നുകഴിഞ്ഞു.
ജില്ലയിൽ ബാലപ്രതിഭ ഗവേഷണ പരിപാടിക്ക് കീഴിലാണ് ഈ മത്സരം സംഘടിപ്പിച്ചതെന്ന് മത്സരവേദിയായ കുസുമം വിദ്യാലയത്തിന്റെ ഡയറക്ടർ അർച്ചനാബെൻ ദേശായി പറഞ്ഞു. മത്സരത്തിന്റെ മുഴുവൻ ആസൂത്രണവും സർക്കാർ ജില്ലാ സ്‌പോർട്‌സ് ഓഫീസാണ് തയ്യാറാക്കിയത്. പരിപാടിക്ക് 24 മണിക്കൂർ മുമ്പാണ് മത്സരത്തെക്കുറിച്ച് സ്കൂളിനെ അറിയിച്ചതെന്ന് അർച്ചനബെൻ പറഞ്ഞു. ഇതിൽ ‘എന്റെ ഐഡിയൽ നാഥുറാം ഗോഡ്‌സെ’ കൂടാതെ ‘ആകാശത്ത് പറക്കുന്ന പക്ഷികളെ എനിക്കിഷ്ടമാണ്’, മൂന്നാമത്തേത് ‘ശാസ്ത്രജ്ഞനായതിന് ശേഷവും ഞാൻ അമേരിക്കയിൽ പോകരുത്’ എന്നിങ്ങനെ മൂന്ന് വിഷയങ്ങൾ നിർദേശിച്ചു. സ്‌പോർട്‌സ് ഓഫീസിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് തങ്ങളുടെ സ്‌കൂൾ മത്സരത്തിന് ഇടം നൽകിയതെന്ന് അർച്ചനബെൻ പറഞ്ഞു.
ഗുജറാത്തില്‍ നിരന്തരം ഗാന്ധി നിന്ദയും ഗാന്ധിയുടെ ഓര്‍മകളെ ഇല്ലാതാക്കാനുളള നടപടികളും സംഘപരിവാര്‍ നേതൃത്വത്തില്‍ നടന്നു വരുന്നുണ്ട്.
എന്നാല്‍ ഇതിനായി കുട്ടികളെ ഉപയോഗിക്കുന്നത് ഇതാദ്യമാണ്. വിഷയം കായിക വകുപ്പിന് കീഴിലാണ് എന്നും അതിനാൽ ഉത്തരവാദികൾക്കെതിരെ കായിക വകുപ്പ് ആണ് നടപടിയെടുക്കേണ്ടത് എന്നും പറഞ്ഞു ഒഴിയുകയാണ് വൽസാദ് ജില്ലാ കളക്ടർ ക്ഷിപ്ര അഗ്രേ ചെയ്തിരിക്കുന്നത് .
കഴിഞ്ഞ വർഷം ജാംനഗറിലെ നാഥുറാം ഗോഡ്‌സെയുടെ പ്രതിമയെച്ചൊല്ലി വിവാദം ഉയർന്നിരുന്നു. ജാംനഗറിലെ ഹിന്ദു സേനയാണ് ഹനുമാൻ ആശ്രമത്തിൽ ഗോഡ്‌സെയുടെ വിഗ്രഹം സ്ഥാപിച്ചത്. വിവരമറിഞ്ഞ് കോൺഗ്രസ് നേതാക്കളും നഗരസഭാ പ്രസിഡന്റും പ്രവർത്തകരും എത്തി പ്രതിമ തകർത്തു.













