• Home
  • kerala
  • നടിയെ ആക്രമിച്ച സംഭവം: ഇന്നേക്ക് 5 വർഷം….നടിക്ക് നീതി കിട്ടിയോ? എന്ത് കൊണ്ട്?

നടിയെ ആക്രമിച്ച സംഭവം: ഇന്നേക്ക് 5 വർഷം….നടിക്ക് നീതി കിട്ടിയോ? എന്ത് കൊണ്ട്?

കേരള ജനതയെ ഒന്നാകെ ഞെട്ടിച്ച നടിയെ ആക്രമിച്ച സംഭവം അരങ്ങേറിയിട്ട് ഇന്ന് 5 വർഷം തികയുകയാണ്.കേസിന്റെ വിചാരണ നീണ്ടു പോകുമ്പോൾ അതിജീവിതയ്ക്ക് നീതി അകലെയാവുകയാണ്.

കേസിന്റെ വിചാരണ ആരംഭിച്ചത് മുതല്‍ വിവിധ ഘട്ടങ്ങളിലായി ദിലീപ് നല്‍കിയ നിരവധി തടസ്സ ഹര്‍ജികളാണ് കേസ് അഞ്ച് വര്‍ഷത്തോളം നീണ്ട് പോകാന്‍ പ്രധാനമായും കാരണമായത്. നിരന്തരമായ തടസ്സ ഹര്‍ജികള്‍ വിചാരണക്കോടതിയിലും ഹൈക്കോടതിയിലും സമര്‍പ്പിച്ച് കേസിന്റെ ഗതി തിരിച്ചു വിടാന്‍ ദിലീപ് ശ്രമിച്ചിരുന്നു. ദിലീപ് നല്‍കിയ ഹര്‍ജിയില്‍ രണ്ടെണ്ണം ഇപ്പോഴും കോടതിയില്‍ നിലവിലുണ്ട്.

കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിൽ എത്തിയപ്പോഴാണ് സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകൾ കേസ് കൂടുതൽ സങ്കീർണ്ണമാക്കിയത്.

2017 ഫെബ്രുവരി 17 ന് തൃശൂരിൽ നിന്നും എറണാകുളത്തേക്ക് പോകവേയാണ് യുവ നടിയെ തട്ടിക്കൊണ്ടുപോയി കാറിൽ വെച്ച് ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയത്. മണിക്കൂറുകൾക്ക്‌ ശേഷം വിട്ടയച്ച നടി എംഎൽഎ പി ടി തോമസിനെ വിവരം അറിയിക്കുകയായിരുന്നു. പിറ്റേ ദിവസം തന്നെ കാർ ഓടിച്ച മാർട്ടിനെ പോലീസ് അറസ്റ്റു ചെയ്തു. കേസിലെ മുഖ്യ പ്രതി പൾസർ സുനിയെയും സഹായി വിജീഷിനെയും കോടതിയിൽ കീഴടങ്ങാൻ എത്തുന്നത്തിനിടെയാണ് ഫെബ്രുവരി 23 ന് അറസ്റ്റ് ചെയ്യുന്നത്. ജയിലിൽ വെച്ച് സഹതടവുകാരോട് പൾസർ സുനി നടത്തിയ വെളിപ്പെടുത്തലിലാണ് നടൻ ദിലീപിന്റെ പങ്ക് പുറത്ത് വരുന്നത്. ജയിലിൽ വെച്ച് ദിലീപിനെ പൾസർ സുനി ബന്ധപ്പെടുകയും ചെയ്തിരുന്നു. ജൂലൈ 10 ന് അറസ്റ്റ് ചെയ്ത ദിലീപ് 85 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് പുറത്തിറങ്ങിയത്.

അവസാന ഘട്ടത്തിൽ എത്തിയിരുന്ന വിചാരണയിൽ 203-ആം സാക്ഷിയായി അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന്റെ വിസ്താരം നടക്കക്കാനിരിക്കെയായിരുന്നു
കോടതി നടപടികളിൽ എതിർപ്പുയർത്തി രണ്ടാമത്തെ സെപ്ഷ്യൽ പ്രോസിക്യൂട്ടറും രാജി വെച്ചത്.

ഇതിന് ശേഷമാണ് സംവിധായകൻ ബാലചന്ദ്രകുമാർ കേസിലെ പുതിയ വെളിപ്പെടുത്തലുകൾ നടത്തുന്നതും കേസിൽ തുടരന്വേഷണം നടക്കുന്നതും.
പുതിയ വെളിപ്പെടുത്തലിൽ അന്വേഷണം പുരോഗമിക്കുന്നതിനാൽ വിചാരണ നിർത്തിവെക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. അധികമായി വിസ്തരിക്കാൻ ഹൈക്കോടതി അനുമതി നൽകിയ 5 സാക്ഷികളുടെ വിസ്താരം മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. എന്നാൽ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ സാഹചര്യത്തിൽ വിചാരണ ഇനിയും നീളും.

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധഗൂഢാലോചന നടത്തിയതിന് പ്രഥമദൃഷ്ട്യാ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ദിലീപിന് മുൻ‌കൂർ ജാമ്യം അനുവദിച്ചത് അന്വേഷണ ഉദ്യോഗസ്ഥർക്ക് തിരിച്ചടിയായി.

നിലവിൽ, തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹിക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുകയാണ്. ഇതിനെ എതിർത്ത്, കേസിൽ കക്ഷി ചേരാൻ അനുവാദം തേടി നടി തന്നെ രംഗത്ത് വന്നു.

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദേശം നൽകണമെന്നാണ് ദിലീപിന്റെ ഹർജിയിലെ ആവശ്യം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ പാളിച്ചകൾ മറച്ചു വെച്ച് വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് തുടരന്വേഷണം എന്നാണ് ആരോപണം.
ബാലചന്ദ്രകുമാറും കേസിലെ അന്വേഷണ ഉദ്യോഗസ്ഥരും തനിക്കെതിരെ കെട്ടിച്ചമച്ചതാണ് ഗൂഢാലോചന കേസ്. ഡിജിപി ബി.സന്ധ്യയുടെയും എസ്. ശ്രീജിത്തിന്റെയും അറിവോടെയാണ് തനിക്കെതിരായ ഗൂഡാലോചന” എന്നിവയാണ് ദിലീപ് ഉയർത്തുന്ന ആരോപണങ്ങൾ. ബാലചന്ദ്രകുമാറും എഡിജിപി ശ്രീജിത്തും തമ്മിൽ നേരത്തെ തന്നെ അടുപ്പമുണ്ടെന്ന് തെളിയിക്കുന്ന വാട്സ്ആപ്പ് ചാറ്റുകളും ദിലീപ് ഹർജിക്കൊപ്പം നൽകിയിട്ടുണ്ട്. ഈ ഉദ്യോഗസ്ഥനാണ് തനിക്കെതിരായ പരാതി കേസിലെ ഉദ്യോഗസ്ഥനെക്കൊണ്ട് തന്നെ അന്വേഷിപ്പിക്കുന്നത്. പക്ഷപാതപരവും സത്യസന്ധമല്ലാത്തതുമായ അന്വേഷണമാണ് കേസിൽ നടക്കുന്നത്. ആയതിനാൽ കേസ് റദ്ദാക്കാൻ തടസ്സമുണ്ടെങ്കിൽ കേസന്വേഷണം കേരളത്തിന്‌ പുറത്തുള്ള ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

കേസിൽ കക്ഷി ചേരാൻ നടി അഭ്യർത്ഥിച്ച സാഹചര്യത്തിൽ കേസ് തിങ്കളാഴ്ചത്തെക്ക് മാറ്റി വെച്ചിരിക്കുകയാണ് ഹൈക്കോടതി.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>