ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റിയും സംസ്ഥാന കൗൺസിലും സംസ്ഥാന സെക്രട്ടേറിയറ്റും പിരിച്ചുവിട്ടു. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ നേതൃത്വത്തില്‍ ദേശീയ നിര്‍വാഹകസമിതി ഒാണ്‍ലൈനില്‍ യോഗം ചേർന്നതിനു പിന്നാലെയാണു നടപടി. പ്രസിഡന്റ് അബ്ദുല്‍ വഹാബ് യോഗത്തില്‍ പങ്കെടുത്തില്ല. പാര്‍ട്ടിയില്‍ ചേരിപ്പോര് രൂക്ഷമായ സാഹചര്യത്തിലാണ് കടുത്ത നടപടി. മന്ത്രി അഹമ്മദ് ദേവർകോവിൽ ചെയർമാനായി 7 അംഗ അഡ്ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്തി. നിലവിലെ പ്രസിഡന്റും സെക്രട്ടറിയും കമ്മിറ്റിയിലുണ്ട്.
കഴിഞ്ഞ വര്‍ഷം പാര്‍ടിയില്‍ വിഭാഗീയത അതിരൂക്ഷമാകുകയും കൊച്ചിയില്‍ നടന്ന സംസ്ഥാന നിര്‍വ്വാഹക സമിതി യോഗത്തില്‍ കൂട്ടത്തല്ല് നടക്കുകയും ചെയ്‌തിരുന്നു. പ്രസിഡണ്ട് അബ്ദുള്‍ വഹാബ് നിയന്ത്രിക്കുന്ന പക്ഷവും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവര്‍കോവിലും നിയന്ത്രിക്കുന്ന എതിര്‍വിഭാഗവും തമ്മിലാണ് തര്‍ക്കം രൂക്ഷമായത്. തര്‍ക്കം പിളര്‍പ്പിലേക്ക് നീങ്ങിയിരുന്നു. കോഴിക്കോട്ടുള്ള പാര്‍ടി ഓഫീസ് വഹാബ് പക്ഷം പിടിച്ചെടുക്കുന്ന സ്ഥിതിയും ഉണ്ടായി. എന്നാല്‍ സി.പി.എം. നേതൃത്വം കര്‍ക്കശമായി താക്കീത് നല്‍കിയതിനെത്തുടര്‍ന്ന് ഇരുപക്ഷവും രമ്യതിയിലാവാന്‍ ശ്രമിച്ചിരുന്നു. വിഭാഗീയത തുടര്‍ന്നാല്‍ മന്ത്രി സ്ഥാനം നഷ്ടപ്പെടുമെന്ന മുന്നറിയിപ്പ് സി.പി.എം. നല്‍കിയിരുന്നു. ഇരുപക്ഷത്തെ നേതാക്കളെയും തിരുവനന്തപുരത്ത് വിളിച്ച് സി.പി.എം. നേതൃത്വം അന്ത്യശാസനം നല്‍കിയതിനു ശേഷം കുറച്ചു കാലമായി പ്രശ്‌നങ്ങള്‍ പുറത്തുകാണിക്കാതെ പോകുകയായിരുന്നു.














