അഞ്‌ജലി റീമ ദേവിന്റെ വീരഗാഥ വാഴ്‌ത്തിപ്പാടാത്ത മാധ്യമങ്ങള്‍ കുറവാണ്. ഗ്ലാമറസ് ആയ പ്രൊഫൈല്‍ സമര്‍ഥമായി സമൂഹമാധ്യമങ്ങളിലൂടെയും വാര്‍ത്താ മാധ്യമങ്ങളിലൂടെയും അവതരിപ്പിച്ചെടുത്ത് താര പദവി നേടിയത് ചുരുക്കം വര്‍ഷങ്ങള്‍ കൊണ്ട്. പക്ഷേ നായിക ഇപ്പോൾ വില്ലത്തിയായി മാറിയിരിക്കുന്നു. ബിസിനസ് സ്ഥാപനത്തില്‍ ജോലി നല്‍കിയ പെണ്‍കുട്ടികളില്‍ ചിലരെ അഞ്‌ജലി കെണിയില്‍ പെടുത്താന്‍ ശ്രമിച്ചു എന്ന പരാതിയാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. അഞ്‌ജലിക്കെതിരെ കൊച്ചി പൊലീസ് പോക്‌സോ കേസും രജിസ്‌റ്റര്‍ ചെയ്‌തു കഴിഞ്ഞു.
കുപ്രസിദ്ധമായ കോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിനെ ഓര്‍മിപ്പിക്കുന്ന വിധത്തിലാണ് ആരോപണങ്ങള്‍ വരുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉന്നതര്‍ക്ക് കാഴ്‌ചവെക്കാന്‍ അഞ്‌ജലി ഉപയോഗിച്ചത് ബിസ് യൂണികോണ്‍ എന്ന ബിസിനസ് സ്ഥാപനമാണെന്ന് സംശയം ഉയര്‍ത്തിയിരിക്കയാണ് പൊലീസ്.
കൊച്ചിയില്‍ ലഹരിപാര്‍ടികളും വ്യഭിചാരവുമെല്ലാം കൊണ്ട് കുപ്രസിദ്ധി നേടിയ നമ്പര്‍ 18 എന്ന ഹോട്ടലിലേക്കും അതിന്റെ ഉടമ റോയി വയലാട്ടിന്റെ കയ്യിലേക്കും പെണ്‍കുട്ടികളെ എത്തിച്ചിരുന്നതിലെ കണ്ണി അഞ്‌ജലിയാണെന്ന് പൊലീസ് പറയുന്നു.
റോയിയുടെ ഹോട്ടലിലെ വ്യഭിചാര വലയത്തില്‍ നിന്നും രക്ഷപ്പെട്ടെത്തിയ ഒരു പെണ്‍കുട്ടിയാണ് ഈ നിര്‍ണായക മൊഴി നല്‍കിയിരിക്കുന്നത്. കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയും അമ്മയുമാണ് പരാതിക്കാര്‍.

ബിസ് യൂണികോണ്‍ എന്ന സ്വന്തം കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ ജോലി നല്‍കി കുറച്ചു മാസം കഴിയുമ്പോള്‍ ബിസിനസ് മീറ്റിന് എന്നു പറഞ്ഞ് പെണ്‍കുട്ടികളെ ഫോര്‍ട്ടു കൊച്ചിയിലെ ഹോട്ടലിലെത്തിക്കുക-ഇതായിരുന്നവത്രേ ചെയ്‌തത്. പരാതി നല്‍കി പെണ്‍കുട്ടിയുടെ അനുഭവമാണിത്. ഈ കുട്ടി ഉള്‍പ്പെടെ രണ്ടു പേരുടെ രഹസ്യമൊഴി മജിസ്‌ട്രേട്ടിനു മുന്നില്‍ രേഖപ്പെടുത്തിക്കഴിഞ്ഞു.

മിസ് കേരള സുന്ദരിമാരായിരുന്ന അന്‍സി കബീറു അഞ്‌ജന ഷാജനും വാഹനാപകടത്തില്‍ കൊല്ലപ്പെട്ട രാത്രി നടന്നതു പോലുള്ള ലഹരി-വാണിഭ പാര്‍ടികളിലേക്കാണ് അഞ്‌ജലിയും റോയി വയലാട്ടിന്റെ സുഹൃത്തായ മറ്റൊരു ഏജന്റ് സൈജു തങ്കച്ചനും ചേര്‍ന്ന് പെണ്‍കുട്ടികളെ എത്തിച്ചിരുന്നത്.

അഞ്‌ജലിയെക്കുറിച്ച് പ്രമുഖ ഇംഗ്ലീഷ് ദിനപത്രം ഇന്ത്യൻ എക്സ്പ്രസ്സ്ഒരു മുഴുപേജ് സപ്ലിമെന്റ് ഇറക്കിയത് കഴിഞ്ഞ വര്‍ഷം അന്തര്‍ദ്ദേശീയ വനിതാ ദിനത്തിലായിരുന്നു. തിളങ്ങുന്ന വനിതാ സംരംഭക എന്നായിരുന്നു പേജിന്റെ തലക്കെട്ട്. മാതൃഭൂമിയുടെ വകയായ റേഡിയോ ക്ലബ്ബ് എഫ്.എം. അഞ്‌ജലിയെ അതിഥിയായി ക്ഷണിച്ച് 2019-ല്‍ പരിപാടി അവതരിപ്പിച്ചതും ശ്രദ്ധേയമായിരുന്നു.

18 വയസ്സില്‍ സ്വന്തം സ്ഥാപനം തുടങ്ങി ചെറുപ്രായത്തില്‍ സ്വപ്‌നസമാന നേട്ടം കൊയ്‌തവള്‍ എന്ന് പല ഓണ്‍ലൈന്‍ മാധ്യമങ്ങളും അഞ്‌ജലിയെ പുകഴ്‌ത്തി. അവരുടെ ബയോഡാറ്റയും നാള്‍വഴികളും എഴുതിപ്പെരുപ്പിച്ച് ഒരു സംഭവമാക്കി മാറ്റി. മീഡിയ ഹൈപ്പ് ഉണ്ടാക്കാന്‍ എളുപ്പം കഴിഞ്ഞു.

മൂന്നാം ക്ലാസ് മുതല്‍ പരിശീലിച്ച കരാട്ടെയെക്കുറിച്ചും സ്‌കൂള്‍തലത്തില്‍ കിട്ടിയ സ്‌പോര്‍ട്‌സ് സമ്മാനങ്ങളെപ്പറ്റിയും ഒരു യുക്തിയുമില്ലാതെ വാഴ്‌ത്തി എഴുതി മറുനാടന്‍ മലയാളി പോലുള്ള വാര്‍ത്താ സൈറ്റുകള്‍ അഞ്‌ജലിയെ സമൂഹത്തില്‍ പ്രശസ്‌തയുമാക്കി. ബംഗലുരുവില്‍ പഠിച്ച അഞ്‌ജലിയുടെ പിതാവ് ഡോക്ടര്‍ ആയിരുന്നുവെന്നും മകള്‍ ഡോക്ടറായി കാണണം എന്ന ആഗ്രഹത്തെ മറികടന്ന് ബിസിനസ്സിലേക്ക് തിരഞ്ഞ അഞ്‌ജലി കോഴിക്കോട് ഹൈലൈറ്റ് ബിസിനസ്സ് പാര്‍ക്കില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിനായി ഒരു ഓഫീസ് തുറന്ന പ്രവര്‍ത്തനം ആരംഭിച്ചതോടെ അവരുടെ സംരഭക ഉണര്‍ന്നതായും മാധ്യമങ്ങള്‍ പെരുക്കി. മാധ്യമപ്പുകഴ്‌ത്തലിലൂടെ നേടിയ വലിയ തോതിലുള്ള പരസ്യവും സ്വീകാര്യതയും വിശ്വാസ്യതയും കൊണ്ട് ആകര്‍ഷിക്കാന്‍ ഈ സംരഭകയ്‌ക്ക് വേഗത്തില്‍ സാധിക്കുമായിരുന്നു.
മിസ് കേരള മോഡലുകള്‍ അപകടത്തില്‍ കൊല്ലപ്പെട്ട രാത്രിയില്‍ സൈജു തങ്കച്ചന്‍ ഓടിച്ച അതേ കാറില്‍ തന്നെയാണ് തന്നെയും അയാള്‍ നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ചതെന്നാണ് പരാതിക്കാരിയായ പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. ഹോട്ടലിലെ ലഹരി പാര്‍ടി ഹാളില്‍ ഉന്നതരും സീരിയല്‍ താരങ്ങളും ഉണ്ടായിരുന്നത്രേ. ഹാളിലെത്തിയപ്പോള്‍ തന്നെ ശീതളപാനീയം കഴിക്കാന്‍ അഞ്‌ജലി ഈ പെണ്‍കുട്ടിയുടെ പിറകെ നടന്ന് നിര്‍ബന്ധിച്ചിരുന്നു.( അന്‍സി കബീറിനെയും അഞ്‌ജന ഷാജനെയും ഇതേ പോലെ ലഹരി കലര്‍ത്തിയ ശീതള പാനീയം കഴിക്കാന്‍ നിര്‍ബന്ധിച്ചതും അവര്‍ അത് സമ്മതിക്കാതെ ഹോട്ടലില്‍ നിന്നും ഇറങ്ങി വേഗത്തില്‍ കാറോടിച്ചു പോയതും നേരത്തെ വാര്‍ത്തയായ കാര്യമാണ്. ഈ രക്ഷപ്പെട്ടോട്ടത്തിനിടയിലാണ് മോഡലുകള്‍ അപകടത്തില്‍ മരിച്ചത്).
ഹാളിലെത്തിയ റോയ് വയലാട്ട് പെണ്‍കുട്ടികളെ പേരെടുത്ത് വിളിക്കുകയും നൃത്തം ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തതായും എന്നാല്‍ അവരത് അവഗണിക്കുകയും ചെയ്‌തു. മിനിട്ടുകള്‍ കഴിഞ്ഞതോടെ ഹാളിലെ അന്തരീക്ഷം പാടെ മാറി. എല്ലാവരും ലഹരിക്കടിമകളായി പലതും ചെയ്‌തു തുടങ്ങി. വന്‍ തിരക്കായിരുന്നു ഹാളില്‍. അവിടുണ്ടായിരുന്ന ചില പെണ്‍കുട്ടികളെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയിരുന്നു. പരാതി നല്‍കിയ പെണ്‍കുട്ടി ഹാളില്‍ നിന്നും ബലം പ്രയോഗിച്ച് ഇറങ്ങിയോടുകയായിരുന്നു എന്നും സെക്യൂരിറ്റി തടയാന്‍ ശ്രമിച്ചിരുന്നു എന്നും ബഹളം വെച്ചപ്പോഴാണ് പുറത്തേക്ക് വിട്ടതെന്നും മൊഴിയില്‍ ഉണ്ട്.
അതേസമയം സത്യം കാലം തെളിയിക്കുമെന്ന് അഞ്‌ജലി ഫേസ്‌ബുക്കില്‍ പ്രതികരിച്ചു. തന്നെ നശിപ്പിക്കാന്‍ ചിലര്‍ നടത്തുന്ന പ്രചാരണമാണിതെല്ലാം. സ്വയം രക്ഷപ്പെടാനുള്ള പരാതിക്കാരിയുടെ തന്ത്രമാണ്. മനസ്സില്‍ പോലും ചിന്തിക്കാത്ത കുറ്റമാണ് ആരോപിക്കുന്നത്. എല്ലാം വ്യാജമാണ്-അഞ്‌ജലിയുടെ പ്രതികരണം ഇതാണ്. തന്റെ ഓഫീസില്‍ ജോലിക്കു കയറിയ ശേഷം തന്നെ സാമ്പത്തികമായി ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചയാളാണ് പരാതിക്കാരിയെന്നും അഞ്‌ജലി ആരോപിക്കുന്നു.













