രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്നു ശേഖരം ഒറ്റയടിക്ക് നശിപ്പിക്കല്‍ പരിപാടി ആന്ധ്രയില്‍ ഇന്നലെ അരങ്ങേറി. 500 കോടി രൂപ വിലമതിക്കുന്ന രണ്ട് ലക്ഷം കിലോ കഞ്ചാവ്ആന്ധ്രാപ്രദേശ് പോലീസ് ശനിയാഴ്ച നശിപ്പിച്ചു. വിശാഖപട്ടണം ജില്ലയിൽ സംസ്ഥാന പൊലീസ് സംഘടിപ്പിച്ച പരിപാടിയിലാണ് ഉണക്കിയ കഞ്ചാവിന് തീയിട്ടത്. രണ്ട് വർഷമായി വിശാഖപട്ടണം, വിജയനഗരം, ശ്രീകാകുളം എന്നീ വടക്കൻ ആന്ധ്രാ ജില്ലകളിലെ വിവിധ സ്ഥലങ്ങളിലും കിഴക്കൻ ഗോദാവരിയിലും ‘ഓപ്പറേഷൻ പരിവർത്തൻ’ എന്ന പേരിൽ കഞ്ചാവ് പിടികൂടിയിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 562 പേർ ഉൾപ്പെടെ 1,363 കേസുകൾ രജിസ്റ്റർ ചെയ്യുകയും 1,500 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ആനകപ്പള്ളി മണ്ഡലത്തിലെ കോഡുരു ഗ്രാമത്തിൽ തുറന്ന സ്ഥലത്ത് സംഘടിപ്പിച്ച പരിപാടിക്ക് ഔപചാരികമായി തുടക്കം കുറിക്കാൻ ആന്ധ്രാപ്രദേശ് ഡയറക്ടർ ജനറൽ ഡി. ഗൗതം സവാങ് പിടിച്ചെടുത്ത കഞ്ചാവ് കൂമ്പാരങ്ങളിൽ ഒന്ന് കത്തിച്ചു.
ആന്ധ്രാപ്രദേശ് പോലീസും സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ബ്യൂറോയും ചേർന്നാണ് പരിപാടി നടത്തിയത്. ഡ്രോൺ ക്യാമറകൾ, സ്പീക്കറുകൾ, ശബ്ദസംവിധാനങ്ങൾ എന്നിവ പരിപാടിക്കായി വിന്യസിച്ചിരുന്നു . “ചരിത്ര സന്ദർഭം” എന്ന് സംസ്ഥാന പോലീസ് ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ 15 മാസത്തിനിടെ 8,500 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കഞ്ചാവ് ചെടികളും പോലീസ് നശിപ്പിച്ചു. ആന്ധ്ര-ഒഡീഷ അതിർത്തി പ്രദേശം വൻതോതിലുള്ള കഞ്ചാവ് കൃഷിക്ക് കുപ്രസിദ്ധമാണ്.













