പാലക്കാട് മലമ്പുഴയിലെ ചെറാട് മലയിടുക്കിൽ കുടുങ്ങിയ മലമ്പുഴ സ്വദേശി ബാബു വിനായി രക്ഷാ പ്രവർത്തനം തുടരുകയാണ്. കരസേനയുടെ പർവതാരോഹക സംഘം ബാബുവിന്റെ അടുത്ത് എത്തിയതായാണ് വിവരം. ബാബുവിനെ ഉടൻ തന്നെ സുരക്ഷിതമായി താഴെ എത്തിക്കുമെന്ന് സൈന്യം അറിയിച്ചു.
ഇന്നലെ രാത്രിയോടെയാണ് പർവതാരോഹകർ ഉൾപ്പെടെയുള്ള സംഘം ചേറാട് മലയിൽ എത്തുന്നത്. രാത്രി തന്നെ അവർ മലയിലേക്ക് കയറുകയായിരുന്നു. ഇയാൾക്ക് കുടിവെള്ളം എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സൈന്യം. 41 മണിക്കൂറോളമായി ബാബുവിന് ഭക്ഷണമോ വെള്ളമോ കിട്ടിയിട്ടില്ല. പകൽ മുഴുവനുള്ള കൊടും ചൂടും രാത്രിയിലെ തണുപ്പും ബാബുവിനെ ശാരീരികമായി തളർത്താനിടയുണ്ട്.

രക്ഷാപ്രവർത്തനത്തിനായി ഊട്ടിയിൽ നിന്നും ബെംഗളൂരുവിൽ നിന്നുമുള്ള 2 സൈനിക സംഘങ്ങളാണ് സ്ഥലത്ത് എത്തിയത്. മലയാളിയായ ലഫ്. കേണല്‍ ഹേമന്ത് രാജാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും രണ്ടു സുഹൃത്തുക്കളും കൂർമ്പാച്ചിമല കയറാൻ പോയത്. ഒരു കിലോമീറ്റർ ഉയരമുള്ള ചെങ്കുത്തായ മലയാണ് കൂർമ്പാച്ചിമല.
പകുതിയോളം കയറിയപ്പോൾ കൂട്ടുകാർ മടങ്ങിയെങ്കിലും ബാബു ഒറ്റക്ക് മല കയറുകയായിരുന്നു.
ഇതിനിടെ ബാബു കാൽതെറ്റി മലയുടെ മുകൾത്തട്ടിൽ നിന്ന് അരക്കിലോമീറ്ററോളം താഴ്ചയുള്ള മലയിടുക്കിൽ കുടുങ്ങി.ബാബുവിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. കൂട്ടുകാർ തിരികെ എത്തിയാണ് ബാബു കുടുങ്ങിയ വിവരം അറിയിക്കുന്നത്.
കയ്യിൽ ഫോൺ ഉണ്ടായിരുന്ന ബാബു പൊലീസിനെയും വീട്ടുകാരെയും വിവരം അറിയിച്ചു. തന്റെ ചിത്രങ്ങളും അയച്ചു നൽകി. തിങ്കളാഴ്ച രാത്രി വരെയേ ബാബുവിന് ഫോൺ വിളി തുടരാനായുള്ളൂ.
തിങ്കളാഴ്ച രാത്രി അഗ്നിരക്ഷാസേനയും വനംവകുപ്പ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ഇരുട്ട് മൂലം രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ സ്ഥലത്തെത്തി. സംഘം മലയുടെ മുകളിലെത്തിയെങ്കിലും ബാബുവിന്റെ അടുത്ത് എത്താനായില്ല. കയർകെട്ടി ബാബുവിനടുത്തേക്ക് ഇറങ്ങാനുള്ള ശ്രമവും പരാജയപ്പെട്ടു.
തുടർന്ന് ഇന്നലെ രാത്രിയോടെയാണ് കരസേനയുടെ പർവതാരോഹക സംഘം സ്ഥലത്ത് എത്തിയത്. കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലുള്ള ഹെലികോപ്റ്റർ സഹായവും തുടരുന്നുണ്ട്.
ബാബുവിന്റെ കുടുംബവും സുഹൃത്തുക്കളും താഴെ പ്രാർത്ഥനയോടെ കാത്തു നിൽക്കുകയാണ്. എത്രയും വേഗം ബാബുവിനെ സുരക്ഷിതനായി താഴെ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.













