അടൂരിൽ ഭർതൃ പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ. കരുനാഗപ്പള്ളി, പണ്ടാരത്തുരുത്ത് അയണിവേലി കുളങ്ങര കല്ലുപുരയിൽ ബാബുവിന്റെയും സതിയുടെയും മകൾ അമ്മു (22) ആണ് ആത്മഹത്യ ചെയ്തത്. അമ്മുവിന്റെ ഭർത്താവ് വയലാ എംജി ഭവനം ജിജി ജോയ് (31) ഇയാളുടെ അച്ഛൻ ജോയ് (63) അമ്മ സാറാമ്മ (58) എന്നിവരെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു.
ജനുവരി 31 ന് വൈകിട്ടാണ് അമ്മുവിനെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മുവിന്റെ ബന്ധുവിന്റെ പരാതിയെ തുടർന്ന് പോലീസ് കേസ് എടുക്കുകയായിരുന്നു.
സ്ത്രീധനത്തെ ചൊല്ലി ഭർതൃഗൃഹത്തിൽ അമ്മുവിന് പീഡനങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
2017 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. സ്ത്രീധനത്തെ ചൊല്ലി അമ്മുവും ഭർത്താവും തമ്മിൽ നിരന്തര വഴക്ക് ഉണ്ടാകുമായിരുന്നു. 5 ലക്ഷം രൂപ കുട്ടിയുടെ കുടുംബക്കാർ നൽകിയെങ്കിലും കൂടുതൽ തുക ആവശ്യപ്പെട്ടായിരുന്നു പീഡനം. മോട്ടോർ ഉണ്ടായിരുന്നിട്ടും അമ്മുവിനെ കൊണ്ട് സ്ഥിരമായി വെള്ളം കോരിക്കുമായിരുന്നു. ടിവി കാണുന്നതിൽ നിന്നും അമ്മുവിനെ വിലക്കിയിരുന്നു.
പീഡനത്തിൽ മനംനൊന്താണ് അമ്മു ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നൽകുന്ന വിവരം.
ഏതാനും മാസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ നിയമ വിദ്യാർത്ഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിലും ഭർത്താവിനെയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്ത സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ കേസിലെ ഒന്നാം പ്രതിയായ ഭർത്താവിനടക്കം അടുത്തിടെ ജാമ്യം ലഭിച്ചത് വലിയ ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു.













