• Home
  • kerala
  • എന്തൊരു കൂറ്റന്‍ ചുമരെഴുത്ത്‌…!! പാര്‍ടി കോണ്‍ഗ്രസിന്റെ ആവേശപ്പുറത്ത്‌ ബക്കളത്തെ ‘ബിഗ്‌ കാന്‍വാസ്‌’

എന്തൊരു കൂറ്റന്‍ ചുമരെഴുത്ത്‌…!! പാര്‍ടി കോണ്‍ഗ്രസിന്റെ ആവേശപ്പുറത്ത്‌ ബക്കളത്തെ ‘ബിഗ്‌ കാന്‍വാസ്‌’

സി.പി.എം അഖിലേന്ത്യാ സമ്മേളനത്തിന്‌ ഒരുങ്ങുന്ന കണ്ണൂര്‍ ജില്ലയില്‍ ബക്കളത്ത്‌ ദേശീയപാതയോരത്ത്‌ ഒരുക്കിയ കൂറ്റന്‍ ചുമരെഴുത്ത്‌ അപൂര്‍വ്വ ചാരുതയാല്‍ ശ്രദ്ധേയമാകുന്നു. കമ്മ്യൂണിസ്റ്റ്‌ കര്‍ഷക ഗതകാലം ഒളിമിന്നുന്ന ബക്കളം എന്ന പ്രദേശത്തെ പാര്‍ടി പ്രവര്‍ത്തകര്‍ ആവേശപൂര്‍വ്വം തയ്യാറാക്കിയ ഈ പ്രചാരണച്ചുമര്‍ കണ്ണില്‍പെടാതെ കടന്നു പോകാന്‍ റോഡുയാത്രികര്‍ക്ക്‌ സാധക്കില്ല. എ.കെ.ജി.മന്ദിരത്തിനു സമീപം പണിപൂര്‍ത്തിയായി വരുന്ന സ്വകാര്യ ഷോപ്പിങ്‌ കോംപ്ലക്‌സിന്റെ വിശാലമായ ചുമരാണ്‌ പാര്‍ടി കോണ്‍ഗ്രസിന്റെ പ്രചാരണം കൂറ്റന്‍ അക്ഷരങ്ങളാല്‍ മനോഹരമാക്കിയിരിക്കുന്നത്‌. ജില്ലയില്‍ തന്നെ ഇത്തരമൊരു ഭീമന്‍ ചുമരെഴുത്ത്‌ അപൂര്‍വ്വ കാഴ്‌ചയാണ്‌.

കലാകാരൻ ഉദയഭാനു തന്റെ ചുവരെഴുത്തിനരികിൽ..

കമ്മ്യൂണിസ്റ്റ്‌ പാര്‍ടി പിറന്ന കണ്ണൂരില്‍ ആദ്യമായി സി.പി.എമ്മിന്റെ അഖിലേന്ത്യാ സമ്മേളനം ഏപ്രിൽ ആദ്യ വാരം ചേരുന്നതിന്റെ ആവേശത്തിലാണ്‌ നേതാക്കള്‍ തൊട്ട്‌ അനുഭാവികള്‍ വരെ. മഹാമാരിക്കിടയിലും നിയന്ത്രണങ്ങളോടെ പാര്‍ട്ടി കോണ്‍ഗ്രസ് മഹോല്‍സവമാക്കാന്‍ എല്ലാ തയാറെടുപ്പുകളും നടത്തുകയാണ് ജില്ലയിലെ പാര്‍ട്ടി ഘടകങ്ങള്‍.

ബക്കളം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചിത്രം വരച്ചിരിക്കുന്നത്. 800 ചതുരശ്ര അടി നീളവും 10 അടി വീതിയുമുള്ള ഈ ചുവര്‍ ചിത്രം വരച്ചത് പുന്നക്കുളങ്ങര സ്വദേശിയായ ഉദയഭാനുവാണ്.

നാല്‍പത് വര്‍ഷത്തിലധികമായി ചിത്രകലാ മേഖലയില്‍ തന്റെ കയ്യൊപ്പ് ചാര്‍ത്തുന്ന ഉദയഭാനു നാല് ദിവസമെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയത്. രാവിലെ ആറുമണിക്ക് ബ്രഷ് കയ്യിലെടുത്താല്‍ വെയില്‍ ഘനക്കുന്നത് വരെയാണ് ഉദയഭാനുവിന്റെ സമയം. പാര്‍ട്ടിയോടുള്ള ജ്വലിക്കുന്ന സ്‌നേഹം ഉദയഭാനുവിനെ പ്രതിഫലം വാങ്ങാനും സമ്മതിച്ചില്ല. ജ്വലിക്കുന്നയാ സ്‌നേഹം കലാകാരന്റെ ചിത്രത്തിലും കാണാനാകും.

പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലയില്‍ പ്രഖ്യാപിച്ചത് മുതല്‍ പാര്‍ട്ടിയെ നെഞ്ചോടു ചേര്‍ക്കുന്നവരില്‍ നിറഞ്ഞുനില്‍ക്കുന്ന പൊതു വികാരം എങ്ങും പ്രകടമാണ്. ചിത്രം വരയ്ക്കാന്‍ പണി നടക്കുന്ന സ്വന്തം കെട്ടിടത്തിന്റെ ചുവര് സൗജന്യമായി നല്‍കിയ കോംപ്ലക്‌സ് ഉടമ സതീശനും, ഒരു രുപ പോലും പ്രതിഫലം വാങ്ങാതെ ചിത്രം അനശ്വരമാക്കിയ കലാകാരന്‍ ഉദയഭാനുവും ഇതിന് രണ്ടുദാഹരണങ്ങള്‍ മാത്രമാണ്. പാര്‍ട്ടി കോണ്‍ഗ്രസ് ആഘോഷമാക്കാന്‍ ജില്ല സജീവമായി മുന്നിട്ടിറങ്ങിയെന്ന് ‘ബക്കള’മെത്തുമ്പോള്‍ തന്നെ ആളുകള്‍ക്ക് ബോധ്യമാകും.

ജനുവരി 31 ന് ആണ് ബക്കളം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുവര്‍ ചിത്രത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. സിപിഎം ജില്ലാ കമ്മിറ്റി അംഗവും ആന്തൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാനുമായ പി. മുകുന്ദന്‍, ഏരിയാ സെക്രട്ടറി കെ. സന്തോഷ്, ലോക്കല്‍ സെക്രട്ടറി പാച്ചേനി വിനോദ്, ലോക്കല്‍ കമ്മിറ്റി അംഗം വി.പുരുഷോത്തമന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ആയിരുന്നു ഉദ്ഘാടനം.

ഏപ്രില്‍ 6 മുതല്‍ പത്തു വരെയാണ് പാര്‍ട്ടി കോണ്‍ഗ്രസ് നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങള്‍ക്കും സംസ്ഥാന സമ്മേളനങ്ങള്‍ക്കും മാറ്റം വരുത്തിയെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസ് നിശ്ചയിച്ച സമയത്ത് നടക്കാനാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം.കണ്ണൂര്‍ ജില്ലയില്‍ ഇതിനോടകം തന്നെ പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളിലായി സംഘാടക സമിതി രൂപീകരിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി പ്രചാരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *