നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി അവര്‍ ആദ്യം അഭയം തേടി, സഹായമഭ്യര്‍ഥിച്ചെത്തിയത് നടന്‍ ലാലിന്റെ വീട്ടിലേക്കായിരുന്നു. അന്ന് മാധ്യമങ്ങളോട് ലാല്‍ നടത്തിയ പ്രതികരണങ്ങള്‍ പുതിയതെന്ന രീതിയില്‍ ഇപ്പോള്‍ പ്രചരിക്കുന്നതിനെതിരെ ലാല്‍ വിശദീകരണവുമായ രംഗത്തു വന്നു. താന്‍ പുതിയ പ്രസ്‌താവനയൊന്നും നടത്തിയിട്ടില്ലെന്നും കുറ്റക്കാരനാര്, നിരപരാധിയാര് എന്നൊക്കെ നിശ്ചയിക്കാന്‍ ഇവിടെ പൊലീസും കോടതിയുമുണ്ടൈന്നും ലാല്‍ ഫേസ്‌ബുക്കില്‍ കുറിക്കുന്നു. അവരുടെ ജോലി അവര്‍ ചെയ്യട്ടെ എന്ന് ലാല്‍ വ്യക്തമാക്കി.
ഫേസ്ബുക് കുറിപ്പ് :
‘പ്രിയ നടി എന്‍റെ വീട്ടിലേക്ക് അഭയം തേടി ഓടിയെത്തിയ ആ ദിവസം കഴിഞ്ഞ് 4 വർഷത്തോളമാകുന്നു. ആ ദിവസത്തിലും അതിനടുത്ത ദിവസങ്ങളിലും എന്‍റെ വീട്ടിലേക്ക് ഇരച്ചുകയറിയ മാധ്യമപ്രവർത്തകരോട് അന്നേ ദിവസം വീട്ടിൽ സംഭവിച്ച കാര്യങ്ങൾ വിശദീകരിക്കേണ്ടി വന്നിട്ടുണ്ട് എന്നല്ലാതെ പിന്നീട് ഇന്നുവരെയുള്ള ദിവസങ്ങളിൽ ഞാൻ ഏതെങ്കിലും ചാനലുകളിലോ പത്രത്തിനു മുന്നിലോ ഒന്നും തന്നെ സംസാരിച്ചിട്ടില്ല; കാരണം നിങ്ങൾക്കൊക്കെ അറിയാവുന്നത്രയേ എനിക്കും അറിയാൻ സാധിച്ചിട്ടുള്ളൂ എന്നതു തന്നെയാണ്.
എന്നാൽ, നാലുവർഷം മുൻപുള്ള ആ ദിവസങ്ങളിൽ ദിലീപിനെ സംശയത്തിന്‍റെ നിഴലിൽ നിർത്തിക്കൊണ്ടുള്ള മാധ്യമങ്ങളുടെ ചില ചോദ്യങ്ങളിൽ ഞാൻ പ്രതികരിച്ചിട്ടുണ്ടായിരുന്നു. ഇപ്പോൾ ഈ കുറിപ്പെഴുതാൻ കാരണം അന്ന് ഞാൻ പ്രതികരിച്ച കാര്യങ്ങൾ വിഷ്വലില്ലാതെ എന്‍റെ ശബ്ദം മാത്രമായി, ഇന്നു ഞാൻ പറയുന്ന അഭിപ്രായമെന്ന നിലയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ഒരുപാടു പേർ എന്നെ അനുകൂലിച്ചും പ്രതികൂലിച്ചും, ചിലർ നല്ല വാക്കുകളും വളരെ മോശമായി മറ്റു ചിലർ അസഭ്യ വർഷങ്ങളും ചൊരിയുന്നതിൽ ഞാൻ അസ്വസ്ഥനായതു കൊണ്ടുമാണ്.
ആരാണ് കുറ്റക്കാരൻ, ആരാണ് നിരപരാധിയെന്നൊക്കെ വേർതിരിച്ചെടുക്കാൻ ഇവിടെ പൊലീസുണ്ട്, നിയമമുണ്ട്. കോടതിയുണ്ട്; അവരുടെ ജോലി അവർ ചെയ്യട്ടെ. നിങ്ങളെപ്പോലെ എനിക്കും സ്വന്തമായി കണക്കുകൂട്ടലുകളും സംശയങ്ങളും കണ്ടെത്തലുകളുമുണ്ട്; പക്ഷെ അതൊന്നും മറ്റുള്ളവരിൽ കെട്ടിയേൽപ്പിക്കാനുള്ളതല്ല എന്ന് തിരിച്ചറിയാനുള്ള സാമാന്യബോധം എനിക്കുള്ളതുകൊണ്ടുതന്നെ പുതിയ പ്രസ്താവനകളുമായി ഒരിക്കലും ഞാൻ വരികയുമില്ല.
എന്‍റെ ഈ കുറിപ്പ് കണ്ടതിനു ശേഷം ‘അന്ന് സത്യം തിരിച്ചറിയാതെ പോയ ലാൽ ഇന്നിതാ അഭിപ്രായം തിരുത്തിയിരിക്കുന്നു’ എന്ന തലക്കെട്ടുമായി വീണ്ടും ഇത് വാർത്തകളിൽ കുത്തിത്തിരുകരുതെന്ന് വിനീതമായി അഭ്യർഥിച്ചുകൊണ്ട്, യഥാർഥ കുറ്റവാളി അതാരായാലും ശിക്ഷിക്കപ്പെടട്ടെ… ഇരയ്ക്ക് നീതി ലഭിക്കട്ടെ..
പ്രാർഥനകളുമായി.
ലാൽ’













