• Home
  • kerala
  • കണ്ണൂരിൽ പോക്സോ കേസ് ഇര ജീവനൊടുക്കിയ നിലയിൽ…

കണ്ണൂരിൽ പോക്സോ കേസ് ഇര ജീവനൊടുക്കിയ നിലയിൽ…

കണ്ണൂർ ജില്ലയിലെ കുറ്റേരിയിൽ പോക്സോ കേസിൽ ഇരയായ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒന്നര വർഷം മുൻപാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

തിങ്കളാഴ്ച വൈകിട്ടാണ് പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.പാലക്കാട് സ്വദേശിയായ രാഹുല്‍ കൃഷ്ണ എന്നയാളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി. പെണ്‍കുട്ടിക്ക് 17 വയസ്സുള്ളപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടതിന് ശേഷം പ്രണയം നടിച്ചു പീഡിപ്പിക്കുകയായിരുന്നു.

പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങളുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ബന്ധുക്കള്‍ക്ക് ഇയാള്‍ വീഡിയോ അയച്ച് നല്‍കുകയുമുണ്ടായി. തുടര്‍ന്നാണ് പൊലീസില്‍ പരാതിപ്പെട്ടത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പിന്നീട് പെൺകുട്ടിയെ കൗൺസിലിംങ്ങിന് വിധേയമാക്കിയപ്പോൾ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അടുത്ത ബന്ധു കുട്ടിയെ പീഡിപ്പിച്ച വിവരവും പുറത്തു വന്നു. ഈ സംഭവത്തിലും പൊലീസ് കേസെടുത്തിരുന്നു.

ഇതിന് ശേഷം പെൺകുട്ടിയെ മൊബൈൽ ഉപയോഗത്തിൽ നിന്നും ലാപ്ടോപ്പ് ഉപയോഗത്തിൽ നിന്നുമെല്ലാം വീട്ടുകാർ വിലക്കിയിരുന്നു. ഇതിൽ പെൺകുട്ടി വല്ലാത്ത അസ്വാസ്ഥ്യവും പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ആത്മഹത്യ എന്ന് പോലീസ് സംശയിക്കുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് തുടർ പരിശോധനകൾ ആരംഭിച്ചു.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *