• Home
  • latest news
  • ഗോഡ്‌സെയുടെ വലിയ കള്ളം…പുതിയ പുസ്‌തകത്തില്‍ വെളിപ്പെടുത്തല്‍

ഗോഡ്‌സെയുടെ വലിയ കള്ളം…പുതിയ പുസ്‌തകത്തില്‍ വെളിപ്പെടുത്തല്‍

ഗാന്ധിയെ വധിച്ചത്‌ ആര്‍.എസ്‌.എസ്‌.ആണെന്ന്‌ പ്രസംഗിച്ച രാഹുല്‍ഗാന്ധിക്കെതിരെ ബി.ജെ.പി. സര്‍ക്കാര്‍ കേസെടുത്തത്‌ രണ്ടു വര്‍ഷം മുമ്പാണ്‌. മഹാത്മാവിനെ വധിക്കുന്ന കാലത്ത്‌ നാഥുറാം ഗോഡ്‌സെക്ക്‌ ആര്‍.എസ്‌.എസുമായി ഒരു ബന്ധവും ഇല്ലായിരുന്നു എന്ന്‌ ആവര്‍ത്തിച്ച്‌ കൈകഴുകാന്‍ സംഘപരിവാര്‍ ശ്രമിക്കാറുണ്ട്‌. എന്നാല്‍ അതൊരു കളവാണെന്നതിന്‌ തെളിവുമായി പുതിയൊരു പുസ്‌തകം ചര്‍ച്ചയാവുകയാണ്‌.

ധീരേന്ദ്ര ഝാ എഴുതിയ ഗാന്ധീസ്‌ അസ്സാസിന്‍ എന്ന ഗ്രന്ഥത്തിലെ വെളിപ്പെടുത്തല്‍ നാഥുറാം ഗോഡ്‌സെയെ തുറന്നു കാണിക്കുന്നു.

ഗാന്ധിയെ കൊല്ലുന്നതിന്‌ ഒരു പതിറ്റാണ്ടു മുമ്പേ ഗോഡ്‌സെ ആര്‍.എസ്‌.എസുമായി ബന്ധം വേര്‍പെടുത്തി ഹിന്ദുമഹാസഭയില്‍ ചേര്‍ന്നു എന്ന വാദം ആര്‍.എസ്‌.എസ്‌. ബുദ്ധികേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്ന ഒന്നാണ്‌. ഗാന്ധി വധക്കേസ്‌ വിചാരണക്കിടയില്‍ ഗോഡ്‌സെയും താന്‍ ഇപ്പോള്‍ ആര്‍.എസ്‌.എസ്‌. കാരനല്ലെന്ന്‌ പറഞ്ഞതും തെളിവായി സംഘപരിവാര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്‌. എന്നാല്‍ ഗോഡ്‌സെ ഗാന്ധിയെ വധിക്കുന്ന വേളയില്‍ പോലും ആര്‍.എസ്‌എസ്‌. അംഗമായിരുന്നു എന്നാണ്‌ ഗാന്ധീസ്‌ അസ്സാസിന്‍ എന്ന പുസ്‌തകം വെളിപ്പെടുത്തുന്നത്‌.

ഗാന്ധിയെ കൊല്ലുന്നതിന് വളരെ മുമ്പുതന്നെ ഗോഡ്സെ സംഘടനയിൽ നിന്ന് രാജിവച്ചിരുന്നു എന്ന വാദം ശരിയല്ലെന്ന് പുസ്തകം അവകാശപ്പെടുന്നു. ഹിന്ദു മഹാസഭയിൽ ചേരുന്നതിന് മുമ്പ് ഗോഡ്‌സെ ആർഎസ്എസ് അംഗമായിരുന്നു. എന്നാൽ ഗോഡ്സെ ആർഎസ്എസ് അംഗത്വം രാജി വെച്ചിരുന്നു എന്നതിന് ഒരു തെളിവും ഇത് വരെ ഹാജരാക്കാൻ ആർഎസ്എസ് നേതാക്കൾക്ക് കഴിഞ്ഞിട്ടില്ല. ഗോഡ്‌സെ 1930-ൽ ആർ.എസ്.എസിൽ ചേർന്നുവെന്നും നാല് വർഷത്തിന് ശേഷം അത് ഉപേക്ഷിച്ചെന്നും അമേരിക്കൻ ഗവേഷകനായ ജെ.എ കുറാൻ ജൂനിയർ അവകാശപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം തൻറെ വാദത്തിന് തെളിവുകളൊന്നും നൽകിയില്ല. പോലീസിന് നൽകിയ മൊഴിയിൽ, താൻ രണ്ട് സംഘടനകൾക്കും വേണ്ടി ഒരേസമയം പ്രവർത്തിക്കുന്നുവെന്ന് ഗോഡ്‌സെ സമ്മതിച്ചതായി ഝാ എഴുതുന്നു.

ധീരേന്ദ്ര ഝാ

2005ൽ മരിച്ച നാഥുറാമിന്റെ സഹോദരൻ ഗോപാൽ ഗോഡ്‌സെ തന്റെ സഹോദരൻ ആർഎസ്എസ് വിട്ടിട്ടില്ലെന്ന് പറഞ്ഞിരുന്നു. ഗോഡ്‌സെ 1932-ൽ ആർ.എസ്.എസിൽ ചേർന്നു, “അദ്ദേഹം പുറത്താക്കപ്പെടുകയോ സംഘടനയിൽ നിന്ന് പുറത്തുപോകുകയോ ചെയ്തിട്ടില്ല” എന്ന് 2015-ൽ ഗോഡ്‌സെയുടെ ഒരു മരുമകൻ മാധ്യമപ്രവർത്തകനോട് പറഞ്ഞിരുന്നതായും ഗ്രന്ഥകാരൻ പറയുന്നു . ഹിന്ദു മഹാസഭയ്ക്കും ആർഎസ്എസിനും “ഓവർലാപ്പിംഗ് ആൻഡ് ഫ്ളൂയിഡ് റിലേഷൻഷിപ്പ്” ഉണ്ടെന്നും സമാനമായ ഒരു പ്രത്യയശാസ്ത്രവും ഉണ്ടായിരുന്നുവെന്നും പുസ്തകം വിശദീകരിക്കുന്നു.

ഗാന്ധി വധിക്കപ്പെടുന്നത് വരെ രണ്ട് ഗ്രൂപ്പുകൾക്കും എല്ലായ്‌പ്പോഴും അടുത്ത ബന്ധങ്ങളും ചിലപ്പോൾ ഓവർലാപ്പിംഗ് അംഗത്വവും ഉണ്ടായിരുന്നു–പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു. 1949 നവംബർ 15 ന് ഗോഡ്‌സെ തൂക്കുമരത്തിലേക്ക് പോകുന്നതിനുമുമ്പ്, അദ്ദേഹം ആർഎസ്എസ് പ്രാർത്ഥനയിലെ ആദ്യത്തെ നാല് വാചകങ്ങൾ ചൊല്ലി. “അദ്ദേഹം സംഘടനയുടെ സജീവ അംഗമായിരുന്നു എന്ന വസ്തുത ഇത് വീണ്ടും വെളിപ്പെടുത്തുന്നു,”– ഝാ പറയുന്നു.

1948 ജനുവരി 30-ന് വൈകുന്നേരമാണ് ഗോഡ്‌സെ മോഹൻദാസ് കരംചന്ദ് ഗാന്ധിയെ വെടിവെച്ച് കൊന്നത്. വലതുപക്ഷ പാർട്ടിയായ ഹിന്ദു മഹാസഭയിലെ അംഗമായിരുന്നു 38 കാരനായ ഈ മതഭ്രാന്തൻ. മുസ്ലീം അനുകൂല നിലപാടും പാക്കിസ്ഥാനോട് മൃദുസമീപനവും പുലർത്തി ഹിന്ദുക്കളെ വഞ്ചിച്ചുവെന്നായിരുന്നു ഗാന്ധിജിയുടെ നേർക്ക് ഗോഡ്‌സെ ഉയർത്തിയ ആരോപണം. 1947 ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം ഇന്ത്യയും പാകിസ്ഥാനുമായി വിഭജിക്കപ്പെട്ടപ്പോൾ ഉണ്ടായ രക്തച്ചൊരിച്ചിലിന് ഗോഡ്സെ ഗാന്ധിയെ കുറ്റപ്പെടുത്തി.

കൊലപാതകം നടന്ന് ഒരു വർഷത്തിന് ശേഷമാണ് വിചാരണ കോടതി ഗോഡ്‌സെക്ക് വധശിക്ഷ വിധിച്ചത്. ഹൈക്കോടതി വിധി ശരിവച്ചതിനെത്തുടർന്ന് 1949 നവംബറിൽ ഗോഡ്‌സെയെ തൂക്കിലേറ്റി. മറ്റൊരു കൂട്ടാളിയായ നാരായൺ ആപ്‌തെയ്ക്കും വധശിക്ഷ വിധിച്ചു. മറ്റ് ആറ് പേർക്ക് ജീവപര്യന്തം തടവും വിധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *