അരുണാചല്‍പ്രദേശില്‍ നിന്നും ചൈനീസ് സേന തട്ടിക്കൊണ്ടുപോയതായി സംശയിച്ചിരുന്ന കുട്ടിയെ കണ്ടെത്തയതായി ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. കുട്ടിയെ കണ്ടെത്തിയതായി ചൈനീസ് സേന തന്നെയാണ് അറിയിച്ചതെന്നും ഇന്ത്യന്‍ പ്രതിരോധമന്ത്രാലയത്തിന്‍റെ പിആര്‍ഒ പറഞ്ഞു. 17കാരനായ മിറാം ടറോം എന്ന കൗമാരപ്രായക്കാരനെ അരുണാചലില്‍ നിന്നും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പിടിച്ചുകൊണ്ടുപോയതായി അരുണാചല്‍പ്രദേശ് ഈസ്റ്റ് എംപി ടാപില്‍ ഗാവോ ആരോപിച്ചിരുന്നു.
ഞായറാഴ്ചയാണ് ആണ്‍കുട്ടിയെ കണ്ടുകിട്ടിയ വിവരം ചൈനീസ് സേന ഇന്ത്യന്‍ പ്രതിരോധ സേനയെ അറിയിച്ചത്. തേസ്പൂരിലെ ഇന്ത്യന്‍ പ്രതിരോധമന്ത്രാലയത്തിന്‍റെ പിആര്‍ഒ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജനവരി 18 മുതലാണ് മിറാം ടറോമിനെ കാണാതായത്. എന്നാല്‍ ചൈനീസ് അധികൃതര്‍ ഇത്രയും ദിവസങ്ങള്‍ ഇതേപ്പറ്റി മൗനംപാലിക്കുകയായിരുന്നു.













