ചെക്ക് നാടോടി ഗായിക സ്വയം കൂടുതൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള ആഗ്രഹത്തിൽ മനഃപൂർവ്വം കോവിഡ് ബാധ ഏറ്റു വാങ്ങി മരണത്തിനു കീഴടങ്ങി.അസോണൻസ് എന്ന ബാൻഡിന്റെ ഗായികയായിരുന്ന, 57 കാരിയായ ഹന ഹോർക്കയാണ് കോവിഡ് ബാധിച്ചു മരിച്ചത്.
കൊറോണ വൈറസിനെതിരെ വാക്സിനേഷൻ എടുക്കാൻ അവർ വിസമ്മതിച്ചു. ക്രിസ്‌മസ് കാലത്ത് കൊവിഡ് ബാധിച്ച ഭര്‍ത്താവിനും മകനുമൊപ്പം ഹന പ്രതിരോധമരുന്നോ മറ്റ് ചികില്‍സയോ ഒന്നും സ്വീകരിക്കാതെ കഴിഞ്ഞിരുന്നതായി “ദി ഗാര്‍ഡിയന്‍” പത്രം റിപ്പോര്‍ട്ട് ചെയ്‌തു. ഭര്‍ത്താവും മകനും വാക്‌സിന്‍ സ്വീകരിച്ചവരായിരുന്നു.

തനിക്ക് കൊവിഡ് ബാധിക്കുന്നെങ്കില്‍ ബാധിക്കട്ടെ എന്ന നിശ്ചയത്തിലായിരുന്നത്രേ ഗായിക. വാക്‌സിന്‍ എടുക്കുന്നതിനെക്കാളും തനിക്ക് താല്‍പര്യം സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കുന്നതാണെന്നും രോഗം ബാധിക്കുന്നതിൽ പ്രശ്നവുമില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നത്രേ.
സംഗീതവേദികളില്‍ പ്രവേശനം ലഭിക്കാനായി ചെക് റിപ്പബ്ലിക്കില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ അതല്ലെങ്കില്‍ അടുത്തിടെ കൊവിഡ് ബാധിച്ച് സുഖപ്പെട്ടിരുന്നു എന്നതിന്റെ സാക്ഷ്യപത്രമോ ആവശ്യമായിരുന്നു. കൊവിഡ് ബാധിക്കുകയാണെങ്കില്‍ വാക്‌സിന്‍ എടുക്കാതെ തന്നെ തനിക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അനുവാദം ലഭിക്കുമല്ലോ എന്ന് ഹന ചിന്തിച്ചിരുന്നതായി മകന്‍ പറഞ്ഞു.
രണ്ടു ദിവസം മുമ്പ് ഹന താന്‍ കൊവിഡ് ബാധിതയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. താന്‍ സുഖം പ്രാപിച്ചുവരികയാണെന്നും പറഞ്ഞിരുന്നു. ഞായറാഴ്‌ച അവര്‍ നടക്കാനിറങ്ങിയപ്പോള്‍ പുറം വേദന അനുഭവപ്പെട്ടു. പെട്ടെന്നു തന്നെ വീട്ടിലേക്ക് മടങ്ങി കിടക്കയില്‍ വിശ്രമിക്കണമെന്നു പറഞ്ഞു. അല്‍പം കഴിഞ്ഞപ്പോഴേക്കും പെട്ടെന്ന് മരണപ്പെടുകയും ചെയ്‌തു-മകന്‍ പറഞ്ഞു.













