• Home
  • kerala
  • ഗവര്‍ണര്‍ക്കു മേല്‍ ബി.ജെ.പി. രാഷ്ട്രീയം …ലക്ഷ്യം വൈസ്‌ പ്രസിഡണ്ട്‌ പദവിയും മകന്‌ നിയമസഭാ സീറ്റും?

ഗവര്‍ണര്‍ക്കു മേല്‍ ബി.ജെ.പി. രാഷ്ട്രീയം …ലക്ഷ്യം വൈസ്‌ പ്രസിഡണ്ട്‌ പദവിയും മകന്‌ നിയമസഭാ സീറ്റും?

കേരള ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ഖാന്‍ അപ്രതീക്ഷിതമെന്നോണം കേരള സര്‍ക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിനു പിന്നില്‍ ബി.ജെ.പി.യുടെ രാഷ്ട്രീയ സമ്മര്‍ദ്ദവും സ്വന്തം രാഷ്ട്രീയ സ്വപ്‌നങ്ങളും ആണെന്ന്‌ തലസ്ഥാനത്തെ ഇടതുപക്ഷ രാഷ്ട്രീയ ഉപശാലകളില്‍ നിഗമനം. അടുത്ത കാലത്തായി പിണറായി വിജയനുമായും സര്‍ക്കാരുമായും അതീവ സൗഹൃദപരമായ നിലപാടുകളായിരുന്നു ഗവര്‍ണറുടെത്‌.

https://thepoliticaleditor.com/2021/12/financial-news-value-of-indian-currency/

സര്‍വ്വകലാശാലകളിലെ നിയമനങ്ങളും പ്രവര്‍ത്തനങ്ങളും സംബന്ധിച്ച്‌ സ്വജനപക്ഷ ആരോപണം ഉയരുന്നത്‌ പതിവാണെങ്കിലും ഗവര്‍ണര്‍ തനിക്ക്‌ പ്രതിപക്ഷവും ബി.ജെ.പി.യും നല്‍കിയ നിവേദനങ്ങള്‍ പോലും അവഗണിക്കാറായിരുന്നു പതിവ്‌. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ്‌ ചാന്‍സലറുടെ നിയമനം നടത്തിയിട്ട്‌ രണ്ടാഴ്‌ചയെങ്കിലും ആയി. ആ നിയമന ഉത്തരവില്‍ ഒപ്പിട്ടതും ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ ആണ്‌. എന്നാല്‍ ഇപ്പോള്‍ ഗവര്‍ണര്‍ തള്ളിപ്പറയുന്നത്‌ അദ്ദേഹം തന്നെ അന്ന്‌ അംഗീകരിച്ച തീരുമാനമാണ്‌. പെട്ടെന്ന്‌ പൊട്ടിവീണതുപോലെ ഗവര്‍ണര്‍ ഒരു ഇഷ്യൂ കൊണ്ടുവന്നരിക്കു്‌ന്നതിനു പിറകില്‍ അതു കൊണ്ടു തന്നെ രാഷ്ട്രീയമുണ്ടെന്ന്‌ ഉറപ്പാണ്‌. ആ രാഷ്ട്രീയം എന്താണ്‌…

ഇതേപറ്റി പല നിഗമനങ്ങള്‍ ഉണ്ട്‌. അതിലൊന്ന്‌ രണ്ടു മാസത്തിനകം നടക്കാന്‍ പോകുന്ന ഡെല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ്‌. തന്റെ മകന്‍ കബീര്‍ ആരിഫ്‌ ഖാന്‌ ഡെല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിക്കറ്റ്‌ നേടിയെടുക്കാനായി ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ ശ്രമിക്കുന്നുണ്ടെന്ന്‌ അഭ്യൂഹം ഉണ്ട്‌. ഗവര്‍ണറുടെ നീണ്ടു നില്‍ക്കുന്ന ഡെല്‍ഹി സന്ദര്‍ശനം ഇതിനു വേണ്ടിയാണെന്നും പലരും ഊഹിക്കുന്നു. രണ്ടാമത്തെത്‌ വെങ്കയ്യ നായിഡു ഒഴിയാനിരിക്കുന്ന ഉപരാഷ്ട്രപതി സ്ഥാനത്തേക്ക്‌ പരിഗണിക്കപ്പെടാന്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‌ താല്‍പര്യമുണ്ടെന്ന സംഗതിയാണ്‌. ന്യൂനപക്ഷ സമുദായാംഗമാണെന്നതുള്‍പ്പെടെ പല സമവാക്യങ്ങള്‍ മുന്‍ നിര്‍ത്തി ഈ സാധ്യത ചര്‍ച്ച ചെയ്യപ്പെടുന്നു.

എന്നാല്‍ കേരളത്തിലെ ആര്‍.എസ്‌.എസ്‌.നേതൃത്വം ഏറെക്കാലമായി ഗവര്‍ണറുടെ കേരളസര്‍ക്കാരിനോടും പിണറായി വിജയനോടുമുള്ള സൗഹൃദ നിലപാടില്‍ കടുത്ത നീരസത്തിലാണ്‌. തന്റെ രാഷ്ട്രീയമായ സാധ്യതകള്‍ക്ക്‌ വിലങ്ങുതടിയായിത്തീരാന്‍ ഈ നീരസം കാരണമാകുന്നു എന്നതാണ്‌ ഇപ്പോള്‍ ഒരു നീണ്ട്‌ ഇടവേളയ്‌ക്ക്‌ു ശേഷം ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തു വന്നതിനു പിന്നിലെന്നാണ്‌ ഇടതു കേന്ദ്രങ്ങള്‍ അനുമാനിക്കുന്നത്‌. സംഘപരിവാറിനുള്ള നീരസം മാറ്റി അവര്‍ കേന്ദ്രനേതൃത്വങ്ങള്‍ക്ക്‌ കൈമാറുന്ന അഭിപ്രായം അനുകൂലമാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുകയാണെന്നാണ്‌ ഇടതുകേന്ദ്രങ്ങള്‍ പറയുന്നത്‌.

രാഷ്ട്രീയമായ ആദര്‍ശം പുറമേ പറയുന്നുണ്ടെങ്കിലും ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ അധികാരത്തിനും പദവിക്കും വേണ്ടി ഒട്ടേറെ മലക്കം മറിച്ചിലുകള്‍ നടത്തിയ ചരിത്രമുള്ള, അതിന്‌ ഒരു മടിയും കാണിക്കാത്ത വ്യക്തിയാണ്‌ എന്നതും പലരും ചൂണ്ടിക്കാട്ടുന്നു. ചരണ്‍സിങ്‌ സ്ഥാപിച്ച ക്രാന്തിദളിലൂടെ 1970-ല്‍ രംഗപ്രവേശം ചെയ്‌ത ആരിഫ്‌ ഖാന്‍ കോണ്‍ഗ്രസ്‌, ജനതാപാര്‍ടി, ബി.എസ്‌.പി., ബി.ജെ.പി എന്നീ പാര്‍ടികളില്‍ കയറിയിറങ്ങിയ വ്യക്തിയാണ്‌.

ബി.ജെ.പി.യോട്‌ പിണങ്ങിപ്പോവുകയും പിന്നെ തിരികെ വരികയും ചെയ്‌തിട്ടുണ്ട്‌. ഇടയ്‌ക്ക്‌ സ്വന്തമായി ഒരു പാര്‍ടി രൂപീകരിച്ച്‌ തിരഞ്ഞെടുപ്പില്‍ ഒരു കൈ നോക്കിയിട്ടുമുണ്ട്‌. ഓരോ ഇടത്തും അധികാരത്തിനായുള്ള വിവിധ പരീക്ഷണങ്ങള്‍ നടത്തുകയും കൂടുതല്‍ മികച്ചത്‌ നോക്കി ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക്‌ യാത്ര ചെയ്യാന്‍ ഒരു മടിയും ആദര്‍ശപ്രശ്‌നവും കാണാതിരിക്കുകയും ചെയ്‌തിട്ടുള്ള ഗവര്‍ണര്‍ തന്റെ രാഷ്ട്രീയ സ്വപ്‌നങ്ങള്‍ എല്ലാക്കാലവും നിലനിര്‍ത്തുന്ന വ്യക്തിയായിട്ടാണ്‌ അറിയപ്പെടുന്നത്‌.

കേരളത്തില്‍ ഗവര്‍ണറായി വന്നപ്പോള്‍ ആദ്യ ഘട്ടത്തില്‍ ഒന്നാം പിണറായി സര്‍ക്കാരിനെ ശക്തമായി പ്രഹരിക്കാനും തര്‍ക്കിക്കാനും ആരിഫ്‌ ഖാന്‍ തയ്യാറായി. പൗരത്വഭേദഗതി വിഷയവുമായും ഡെല്‍ഹി ജെ.എന്‍.യു. ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ സംഘപരിവാര്‍ അക്രമവുമായും ബന്ധപ്പെട്ട്‌ കേരളത്തില്‍ ഇടതുപക്ഷം സ്വീകരിച്ച നിലപാടിനെ ശക്തമായി വിമര്‍ശിക്കുന്ന സമീപനമാണ്‌ ഗവര്‍ണര്‍ സ്വീകരിച്ചത്‌. ഇത്‌ സംഘപരിവാറിന്റെ ആരാധനാകഥാപാത്രമാക്കി ഗവര്‍ണറെ മാറ്റി.

എന്നാല്‍ പിന്നീട്‌ ബി.ജെ.പി.സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ട പല കാര്യങ്ങളോടും ഗവര്‍ണര്‍ മുഖം കൊടുക്കാതെ സര്‍ക്കാരിന്റെ നയപ്രഖ്യാപനം പോലും വരി തെറ്റാതെ വായിച്ച്‌ ഭരണപക്ഷത്തെ തന്നെ അത്ഭുതപ്പെടുത്തുന്ന സ്ഥിതി ഉണ്ടായി. ഇത്‌ കേരളത്തിലെ സംഘപരിവാറിനെ പ്രകോപിപ്പിച്ചു. ഗവര്‍ണര്‍ സര്‍ക്കാരിനെ വാഴ്‌ത്തുന്ന നിലപാട്‌ സ്വീകരിക്കുന്നതിനെക്കുറിച്ച്‌ ബി.ജെ.പി. കേന്ദ്രനേതൃത്വങ്ങള്‍ക്കു മുന്നില്‍ ശക്തമായ വിയോജിപ്പും നീരസവും പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു എന്നാണ്‌ പറയുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>