• Home
  • kerala
  • എസ്ഐ പെപ്പർ സ്‌പ്രേ പ്രയോഗിച്ചെന്ന ആരോപണം; 50,000 രൂപ സർക്കാർ നഷ്ടപരിഹാരം നൽകണം
Image

എസ്ഐ പെപ്പർ സ്‌പ്രേ പ്രയോഗിച്ചെന്ന ആരോപണം; 50,000 രൂപ സർക്കാർ നഷ്ടപരിഹാരം നൽകണം

ചിറയിൻകീഴിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ആളുടെ കണ്ണിൽ എസ് ഐ പെപ്പർ സ്‌പ്രേ പോലുള്ള ഏതോ ദ്രാവകം അടിച്ചെന്ന പരാതിയിലിടപ്പെട്ട് മനുഷ്യാവകാശ കമ്മിഷൻ. വിവാഹമോചനക്കേസ് കുടുംബ കോടതിയിൽ നടക്കുന്നതിനിടയിൽ ഭാര്യയുടെ മൊബൈൽ ഫോണിലേക്ക് സന്ദേശമയച്ചുവെന്ന പേരിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ഭർത്താവിന്റെ കണ്ണിൽ എസ്.ഐ പെപ്പർ സ്‌പ്രേ പോലുള്ള ഏതോ ദ്രാവകം അടിച്ചെന്ന പരാതിയിൽ സർക്കാർ 50,000 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടിരിക്കുന്നത്. രണ്ടു മാസത്തിനകം നഷ്ടപരിഹാരം നൽകിയശേഷം എസ്.ഐയിൽ നിന്ന് സർക്കാരിന് തുക നിയമാനുസൃതം ഈടാക്കാമെന്നും ഉത്തരവിൽ പറഞ്ഞു.

2023 ഒക്ടോബർ ഒൻപതിന് ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലാണ് സംഭവമുണ്ടായത്. ചിറയിൻകീഴ് കുറക്കട സ്വദേശി ശ്രീനാഥിന്റെ പരാതിയിലാണ് നടപടി. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയിൽ നിന്ന് കമ്മിഷൻ അന്വേഷണ റിപ്പോർട്ട് വാങ്ങി. പരാതിക്കാരനുമായുള്ള സംഭാഷണത്തിൽ പ്രകോപിതനായ എസ്.ഐ. കണ്ണൂകൾക്ക് നീറ്റലുണ്ടാകുന്ന വിധത്തിൽ ഏതോ ദ്രാവകം മുഖത്തേക്ക് സ്‌പ്രേ ചെയ്തിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരൻ എസ്.ഐയുടെ മുറിയിൽ നിന്ന് കരഞ്ഞു കൊണ്ടാണ് ഇറങ്ങിയതെന്നും വാഷ് ബേസിൻ എവിടെയാണെന്ന് ചോദിച്ചതായും സാക്ഷികൾ മൊഴി നൽകിയതായി അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *