മുഖ്യമന്ത്രിയോടൊപ്പം സമ്പൂര്‍ണ മന്ത്രിസഭയും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. 20 യുഡിഎഫ് മന്ത്രിമാരുടെ ലിസ്റ്റ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു, നാളെ 21 പേര് സത്യപ്രതിജ്ഞ ചെയ്യുമെന്നും നിയുക്ത മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ അഞ്ച് മന്ത്രിമാരുള്ള മുസ്ലീം ലീഗ് ആണ് കൂടുതല്‍ പ്രാതിനിധ്യമുള്ള രണ്ടാമത്തെ കക്ഷി.
വി.ഡി സതീശന് പുറമേ രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, എ.പി. അനില്‍ കുമാര്‍, ബിന്ദു കൃഷ്ണ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, ടി. സിദ്ദിഖ്, എം. ലിജു,കെ.എ. തുളസി, ഒ.ജെ ജനീഷ് എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്നുള്ള മന്ത്രിമാര്‍. സ്പീക്കറായി മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനേയും ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാനേയും തിരഞ്ഞെടുത്തു. കേരള കോണ്‍ഗ്രസിനാണ് ചീഫ് വിപ്പ് സ്ഥാനം നല്‍കിയിരിക്കുന്നത്.
മുസ്ലിം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചു. അഞ്ച് മന്ത്രിമാരെയാണ് പ്രഖ്യാപിച്ചത്. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദീൻ, കെ.എം.ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന ലീഗ് മന്ത്രിമാർ. കോഴിക്കോടിന് പ്രാതിനിദ്ധ്യം നൽകുന്നതിന്റെ ഭാഗമായി രണ്ടര വർഷത്തിന് ശേഷം പാറയ്ക്കൽ അബ്ദുള്ള മന്ത്രിയാകും. ആ സമയത്ത് നിലവിലുള്ള മന്ത്രിമാരിൽ ആരാണ് മാറേണ്ടതെന്ന് അപ്പോൾ തീരുമാനിക്കുമെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി. മന്ത്രിമാരുടെ വകുപ്പുകൾ മുഖ്യമന്ത്രി പിന്നീട് പ്രഖ്യാപക്കുമെങ്കിലും ഇത്തവണ പാർട്ടിക്ക് കൂടുതൽ വകുപ്പുകൾ ഉണ്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കി.














