ഭരണനേട്ടങ്ങള്‍ പലതുണ്ടായിട്ടും ഭരണവിരുദ്ധവികാരമുണ്ടായെന്നും ഇതിനു കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളും അഹങ്കാരജടിലമായ ശൈലിയും മാത്രമാണെന്നും സിപിഎം കൊല്ലം ജില്ലാസെക്രട്ടറിയേറ്റിൽ വിമര്‍ശനം. ജനവികാരം മനസ്സിലാക്കാന്‍ സംസ്ഥാന നേതൃത്വത്തിന് സാധിച്ചില്ലെന്നും സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ മല്‍സരരംഗത്ത് അടിച്ചേല്‍പിച്ചത് വന്‍ ദുരന്തമായി മാറിയെന്നും വിമര്‍ശിക്കപ്പെട്ടതായി പറയുന്നു. പിണറായി നയിച്ചതാണ് കനത്ത തോൽവിക്ക് കാരണമെന്നും അദ്ദേഹം മാറി പുതിയ ടീം നയിക്കണമായിരുന്നു എന്നും വിമർശനം ഉയർന്നു.
മുഖ്യമന്ത്രിയോടുള്ള എതിർപ്പ് എല്ലാ മേഖലയിലും ഉണ്ടായിരുന്നു. വീട്ടിൽപ്പോയി ചോദിക്ക്, ഡാഷ് മോനേ തുടങ്ങിയ പരാമർശങ്ങൾ ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റായ സന്ദേശം നൽകി. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദം, തളിപ്പറമ്പ് സ്ഥാനാർത്ഥി നിർണയം എന്നിവയിലൂടെ പാർട്ടിതന്നെ യുഡിഎഫിന് വിജയിക്കാനുള്ള സാഹചര്യം ഒരുക്കിയെന്നും വിമർശനം ഉണ്ടായി എന്നാണ് റിപ്പോർട്ട്. പാർട്ടിക്കും മുന്നണിക്കും ഉള്ളിൽ നിന്നുതന്നെ വലിയ നിലയിൽ വോട്ട് ചോർന്നു. ശക്തികേന്ദ്രങ്ങളിലെ തോൽവിയും വോട്ടുചോർച്ചയും ഇതിന് തെളിവാണ്. നേതാക്കളുടെ ധാർഷ്ട്യം ജനങ്ങളെ പാർട്ടിയിൽനിന്ന് അകറ്റി. ന്യൂനപക്ഷ വിഭാഗങ്ങൾ പൂർണമായും എൽഡിഎഫിനെ കൈവിട്ടുവെന്നും യോഗം വിലയിരുത്തി–സ്രോതസ്സിനെ ഉദ്ധരിച്ചു മാധ്യമ റിപ്പോർട്ടിൽ പറയുന്നു.














