കേരളത്തില്‍ ഇടതുമുന്നണിക്കുണ്ടായ രാഷ്ട്രീയ തിരിച്ചടിക്കു പിന്നില്‍ ഇടതുപക്ഷത്തു നില്‍ക്കുന്ന സാഹിത്യ-സാംസ്‌കാരിക നായകര്‍ക്കും ബുദ്ധിജീവികള്‍ക്കും പങ്കുണ്ടെന്ന് രൂക്ഷമായി വിമര്‍ശിച്ച് പ്രുമുഖ ഇടതു സഹയാത്രികനും ഇടതുപക്ഷ ബുദ്ധിജീവിയുമായ ഡോ.ബി.ഇക്ബാല്‍. തന്റെ സാമൂഹിക മാധ്യമ പേജിലാണ് അദ്ദേഹം ദീര്‍ഘമായി ഇതേപ്പറ്റി അതിനിശിതമായി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഭരണകൂടത്തെ ജനപക്ഷത്തു നിന്നും വിലയിരുത്തേണ്ട ധര്‍മം നിര്‍വ്വഹിക്കുന്നത് സാംസ്‌കാരിക നായകര്‍ മറന്നു പോയി. പകരം ഭരണകൂടത്തിന്റെ എന്ത് വ്യതിയാനങ്ങളെയും അന്ധമായി ന്യായീകരിക്കുന്ന ന്യായീകരണത്തൊഴിലാളികളായി എഴുത്തുകാരും ബുദ്ധിജീവികളും തരംതാണുപോയി എന്ന് ഇക്ബാല്‍ നിരീക്ഷിക്കുന്നു.
ഡോ.ഇക്ബാലിന്റെ കുറിപ്പ് പൂര്‍ണ രൂപത്തില്‍:
“സാംസ്കാരിക നായകർക്ക് സംഭവിച്ച അപചയവും ജനരോഷവും”
കേരളത്തിൽ സമീപകാലത്ത് ഇടതുമുന്നണി ഭരണത്തിനുണ്ടായ കനത്ത രാഷ്ട്രീയ തിരിച്ചടിക്ക് പിന്നിൽ നമ്മുടെ സാഹിത്യ-സാംസ്കാരിക-ബൗദ്ധിക മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന ഒരു വിഭാഗത്തിന് വലിയ പങ്കുണ്ട്. ഭരണകൂടത്തിന്റെ നടപടികളെ ജനപക്ഷത്തുനിന്ന് വിലയിരുത്തുകയും തെറ്റുകൾ ചൂണ്ടിക്കാട്ടി ഒരു തിരുത്തൽ ശക്തിയായി വർത്തിക്കുകയുമാണ് സാംസ്കാരിക പ്രവർത്തകരുടെ ധർമ്മം. ജനക്ഷേമകരമായ നയങ്ങളെ സ്ഥാപിത താല്പര്യക്കാരിൽ നിന്ന് പ്രതിരോധിക്കാനും ഇവർക്ക് ബാധ്യതയുണ്ട്.
എന്നാൽ, കഴിഞ്ഞ കുറച്ചു കാലമായി കേരളത്തിൽ കണ്ടത് ഇതിന് വിപരീതമായ കാഴ്ചയാണ്. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ വ്യതിയാനങ്ങളെയും നഗ്നമായി ന്യായീകരിക്കാനാണ് ഒരു വിഭാഗം സാംസ്കാരിക പ്രവർത്തകർ ശ്രമിച്ചത്. വിമർശിക്കുന്നവരെ ആസൂത്രിതമായി കടന്നാക്രമിക്കുന്ന രീതിയാണ് ഇവർ പിന്തുടർന്നത്. ജനങ്ങളെ സാംസ്കാരിക ഔന്നത്യത്തിലേക്ക് നയിക്കേണ്ട ബുദ്ധിജീവികൾ തന്നെ, ഭരണകൂടത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടുന്നവർക്കെതിരെ തികച്ചും സംസ്കാരശൂന്യമായ ഭാഷയിൽ സോഷ്യൽ മീഡിയ വഴി അധിക്ഷേപങ്ങൾ ചൊരിഞ്ഞു. ആശാവർക്കർമാരുടെ പോരാട്ടം പോലുള്ള പ്രാന്തവൽക്കരിക്കപ്പെട്ടവരുടെ അതും സ്തീകളുടെ ജനകീയ സമരങ്ങളെപ്പോലും അതിനീചമായ വാക്കുകളാലാണ് ഇവർ തള്ളിക്കളഞ്ഞത്.
ഇതിനെല്ലാം പുറമേ, രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൂട്ടത്തോടെ പ്രസ്താവനകൾ ഇറക്കുന്ന വെറും പി.ആർ ഏജന്റുമാരായി ഇവർ അധഃപതിച്ചു. യഥാർത്ഥത്തിൽ പിന്തുണ അർഹിക്കുന്ന ദുർബല ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാനോ അവർക്കുവേണ്ടി ശബ്ദമുയർത്താനോ ഈ ‘സാംസ്കാരിക നായകർ’ തയ്യാറായതുമില്ല.
‘ന്യായീകരണ തൊഴിലാളികൾ’ എന്നൊരു പുതിയ പദപ്രയോഗം തന്നെ ഭാഷയ്ക്ക് നൽകുംവിധം ഇവർ തരംതാഴ്ന്നു പോയി. ഇതെല്ലാം സർക്കാരിനു തെറ്റായ നയങ്ങൾ തുടരുന്നതിനുള്ള ഇന്ധനമായി മാറുകയും അവസാനം അതിൻ്റെ പതനത്തിനു കാരണമാവുകയും ചെയ്തു.
ഈ അന്ധമായ ഭരണകൂട വിധേയത്വവും വിമർശകരോടുള്ള അസഹിഷ്ണുതയും നമ്മുടെ ബൗദ്ധിക മണ്ഡലത്തിലെ പലരോടുമുള്ള ജനങ്ങളുടെ ആദരവും ബഹുമാനവും പൂർണ്ണമായും നഷ്ടപ്പെടുത്തിയിരിക്കുകയാണ്. വിജ്ഞാനവും പ്രതിഭയും ഭരണകൂടത്തിന്റെ പാദസേവയ്ക്കായി പണയം വെച്ച ചില സാഹിത്യ ‘ബുദ്ധിജീവികളുടെ’ കൃതികൾ ഇനി വായിക്കില്ലെന്നും അവ തൊടുക പോലുമില്ലെന്നും പല സാഹിത്യാസ്വാദകരും ഇന്ന് പരസ്യമായി പ്രഖ്യാപിക്കുന്നതിലേക്ക് നിർഭാഗ്യവശാൽ കാര്യങ്ങളെത്തിയിരിക്കുന്നു.
സാംസ്കാരിക മണ്ഡലത്തിലെ ഈ അധഃപതനം വരുംതലമുറയ്ക്കുള്ള സന്ദേശം കൂടിയാണ്. ജനാധിപത്യത്തിലെ തിരുത്തൽ ശക്തിയാകേണ്ടവർ വെറും സ്തുതിപാഠകരായി മാറിയതിന്റെ ദുരന്തഫലം കൂടിയാണ് ഇന്ന് കേരളത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്.














