വി.ഡി.സതീശന്‍ മുഖ്യമന്ത്രിയാവുകയും സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കുകയും ചെയ്തതോടെ മന്ത്രിസഭയെപ്പറ്റിയുളള ചര്‍ച്ചകള്‍ സജീവമായി. ഘടകകക്ഷികള്‍ക്കുള്ള വീതം വെപ്പ് പരമാവധി ഇന്നും നാളെയും കൊണ്ട് പൂര്‍ത്തിയാക്കാനാണ് സാധ്യത. മുഖ്യമന്ത്രി ഉള്‍പ്പെടെ 11 മന്ത്രിമാരും സ്പീക്കറുമാണ് കോണ്‍ഗ്രസിനുണ്ടാകുക. ഒറ്റ എം.എല്‍.എ. മാത്രമുള്ള കക്ഷികള്‍ക്ക് അഞ്ചുവര്‍ഷത്തേക്കും മുഴുവ്‌നായി മന്ത്രിയെ നല്‍കാനാണ് ആലോചന. എന്നാല്‍ ഇടതുമുന്നണി ചെയ്തതു പോലെ ടേം വ്യവസ്ഥയില്‍ മതിയെന്ന വാദവും കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ വി.ഡി.സതീശന്‍ ഈ അഭിപ്രായത്തിനൊപ്പമല്ല. സി.എം.പി.യെപ്പോലെ ദീര്‍ഘകാലം ഒപ്പം നിന്നവര്‍ക്ക് ഫുള്‍ ടേം നല്‍കണമെന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.
കോൺഗ്രസിൽ നിന്ന് നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കെ മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി സി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ, എം ലിജു, ടി സിദ്ദിഖ്, അൻവർ സാദത്ത്, ചാണ്ടി ഉമ്മൻ, റോജി എം ജോൺ, മാത്യു കുഴൽനാടൻ, എ പി അനിൽകുമാർ, വി പി സജീന്ദ്രൻ, ഐസി ബാലകൃഷ്ണൻ എന്നിവരുടെ പേരുകളാണ് മന്ത്രിസ്ഥാനത്തേക്ക് ചർച്ചയിൽ ഉള്ളത്.
മുസ്ലിം ലീഗിന് 5 മന്ത്രിമാർ ഉണ്ടാകാൻ ആണ് സാധ്യത. കുഞ്ഞാലിക്കുട്ടി,എൻ ഷംസുദ്ദീൻ, പി കെ ബഷീർ, കെ എം ഷാജി, പാറക്കൽ അബ്ദുള്ള, എം കെ എം അഷ്റഫ് എന്നിവരാണ് ലീഗിന്റെ പട്ടികയിൽ ഉള്ളവർ.
കേരള കോൺഗ്രസിൽ നിന്ന് മോൻസ് ജോസഫ് മന്ത്രിയാകും. ഒപ്പം ചീഫ് വിപ്പ് സ്ഥാനം കൂടി നൽകും . ആർഎസ്പിയിൽ നിന്ന് ഷിബു ബേബി ജോൺ മന്ത്രിയാകും. ഒറ്റ എംഎൽഎമാരുള്ള പാർട്ടികളിൽ അനൂപ് ജേക്കബ്, സിപി ജോൺ, മാണിസി കാപ്പൻ എന്നിവരായിരിക്കും മന്ത്രിമാർ. യുഡിഎഫിനെ പുറത്തുനിന്നും പിന്തുണയ്ക്കുന്ന ആർഎംപിയുടെ കെ കെ രമ ഏതെങ്കിലും പദവിയിൽ എത്തിയേക്കാം.














