കാന്‍സറിനെ പ്രതിരോധിക്കാനുള്ള വാക്സിന്‍ വികസിപ്പിച്ചെന്ന് റഷ്യ. റഷ്യന്‍ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. കാന്‍സറിനെതിരെ എംആര്‍എന്‍എ വാക്സിന്‍ വികസിപ്പിച്ചുവെന്നാണ് പ്രഖ്യാപനത്തില്‍ പറയുന്നത്.
അടുത്ത കൊല്ലം വാക്സിന്റെ സൗജന്യവിതരണം ആരംഭിക്കുമെന്ന് റഷ്യ അവകാശപ്പെട്ടു. വാക്‌സിന്റെ പ്രീ-ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയമായിരുന്നുവെന്ന് ഗമാലിയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി ഡയറക്ടര്‍ അലക്സാണ്ടര്‍ ഗിന്റ്സ്ബര്‍ഗ് അറിയിച്ചു.

വാക്സിന്‍ ട്യൂമര്‍ വളര്‍ച്ച തടയുന്നതിനൊപ്പം ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് കാന്‍സര്‍ സെല്ലുകള്‍ പടരുന്നത് ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഏതുതരം കാന്‍സറിനുള്ള വാക്‌സിനാണ് വികസിപ്പിച്ചിരിക്കുന്നതെന്ന കാര്യമോ വാക്സിന്റെ പേരോ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. രാജ്യം വാക്‌സിന്‍ വികസിപ്പിക്കുന്നത് അവസാനവട്ട ശ്രമത്തിലാണെന്നും ഉടനെ രോഗികള്‍ക്ക് ലഭ്യമാക്കുമെന്നും പ്രസിഡന്റ് വ്ലാദിമര്‍ പുടിന്‍ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു.