ഡോ.അംബേദ്കറെക്കുറിച്ച് അപമാനകരമായ പരാമര്‍ശം നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ വന്‍ രോഷം ഉയരുന്ന സാഹചര്യത്തില്‍ ഇന്ന് പാര്‍ലമെന്റിലും വന്‍ സംഘര്‍ഷവും നാടകീയ രംഗങ്ങളും. പാര്‍ലമെന്റിന്റെ ‘മകരകവാട’ത്തില്‍ കോണ്‍ഗ്രസ്-ബിജെപി അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. രാഹുല്‍ ഗാന്ധി തങ്ങളെ തള്ളിയിട്ടെന്ന് ബിജെപി എം.പി.മാര്‍ ആരോപിച്ചു. രാഹുല്‍ഗാന്ധി തള്ളിയിട്ട് പരിക്കേറ്റെന്ന് ആരോപിച്ചതിനു പിറകെ രണ്ട് എം.പി.മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ബിജെപി എംപിമാരായ മുകേഷ് രാജ്പുത്, പ്രതാപ് സാരംഗി എന്നിവരെ ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വിവാദം കൊഴുക്കവേ തന്നെയും പാർലമെൻ്റിൽ തള്ളിയിട്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. വിഷയത്തിൽ കോൺഗ്രസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി സൂചിപ്പിക്കുണ്ട്.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും മകരദ്വാരിൽ പ്രതിപക്ഷം സംഘടിപ്പിച്ച പ്രതിഷേത്തിൽ പങ്കെടുത്ത നേതാക്കളിൽ ഉൾപ്പെട്ടിരുന്നു.
