ബിജെപി കേരളത്തില്‍ എ-പ്ലസ് മണ്ഡലമായ കരുതുന്ന പാലക്കാട്ട് സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ നേരിട്ടാണ് തിരഞ്ഞെടുപ്പു പോരാട്ടം നയിച്ചത്. സ്ഥാനാര്‍ഥിയും സുരേന്ദ്രന്റെ ഇഷ്ടക്കാരന്‍. 2021-ല്‍ ഇ.ശ്രീധരന്‍ മല്‍സരിച്ചപ്പോള്‍ ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ വെറും മൂവായിരത്തോളം വോട്ടിനു മാത്രം കൈവിട്ടു പോയ, രണ്ടാംസ്ഥാനത്തെത്തുകയും ഇടതുപക്ഷത്തെ മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളുകയും ചെയ്ത മണ്ഡലമാണ് പാലക്കാട്. അതിനാല്‍ ഇത്തവണ വലിയ വിജയപ്രതീക്ഷയും അവകാശവാദവുമാണ് ബിജെപി ഉയര്‍ത്തിയത്. പക്ഷേ സംഭവിച്ചതോ വലിയ വോട്ടു ചോര്‍ച്ചയും. പാലക്കാട് നഗരസഭാപ്രദേശത്തെ ഒന്നാം ശക്തിയും ഭരണകക്ഷിയുമായ ബിജെപിക്ക് സ്വന്തം തട്ടകത്തില്‍, അതായത് നഗരസഭാ പരിധിയില്‍ തന്നെ 700-ലധികം വോട്ടുകള്‍ ഇത്തവണ കുറഞ്ഞു എന്നതും യു.ഡി.എഫ്. സ്ഥാനാര്‍ഥിക്കും എല്‍.ഡി.എഫ്.സ്ഥാനാര്‍ഥിക്കും വോട്ട് കൂടിയെന്നതും ഗൗരവമുള്ള ചര്‍ച്ചാവിഷയമാണ്. പാലക്കാട് മണ്ഡലത്തില്‍ മൊത്തം പതിനായിരത്തിലേറെ, കൃത്യമായി പറഞ്ഞാല്‍ 10,671 വോട്ടിന്റെ കുറവാണ് ബിജെപി നേരിട്ടിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ മൂവായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയതെങ്കിൽ ഇത്തവണ രാഹുൽ മാങ്കൂട്ടത്തിൽ 18,715 എത്തിയിരിക്കുകയാണ്.
2015 മുതല്‍ ബിജെപിയാണ് പാലക്കാട് നഗരസഭ ഭരിക്കുന്നത്. പാലക്കാട് നഗരസഭ പിടിച്ചെടുക്കുന്നതിന് ചുക്കാന്‍ പിടിച്ച സി കൃഷ്ണകുമാര്‍ നേരിട്ട് മത്സരിച്ചിട്ടും ഇവിടെ മുന്നിലെത്തിയത് രാഹുല്‍ മാങ്കൂട്ടത്തിലാണ്. 3600 വോട്ടുകളുടെ മേല്‍ക്കൈയാണ് നഗരസഭയില്‍ രാഹുലിന് ലഭിച്ചത്. നഗരസഭയില്‍ ഭരണവിരുദ്ധ വികാരത്തിന്റെ സൂചനകള്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തന്നെ പ്രകടമായതാണ്. 2021- ല്‍ ഇ ശ്രീധരന് 6300 വോട്ടുകളുടെ ലീഡ് നല്‍കിയപ്പോള്‍ 2024 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വെറും 497 വോട്ടുകളായി ഇത് കുറഞ്ഞിരുന്നു.
നഗരസഭയില്‍ ആദ്യ മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മികച്ച ലീഡ് പ്രതീക്ഷിച്ച ബിജെപിക്ക് തിരിച്ചടി സമ്മാനിച്ച് രാഹുല്‍ മാങ്കൂട്ടത്തിലാണ് മുന്നിലെത്തിയത്. നഗര മേഖലയില്‍ ബിജെപി ഭരണം കയ്യാളുന്ന മുനിസിപ്പാലിറ്റിയില്‍ ബിജെപി ശക്തികേന്ദ്രങ്ങളില്‍ കടന്ന് കയറിയ രാഹുല്‍ മാങ്കൂട്ടത്തില്‍ 1200ല്‍ അധികം വോട്ടുകളുടെ ലീഡ് നേടിയത് യുഡിഎഫ് ക്യാമ്പിനെ പോലും ഞെട്ടിച്ചിരിക്കുകയാണ്.
പരമാവധി വോട്ടര്‍മാരെ നേരില്‍ക്കാണാന്‍ വീടുകളില്‍ പോകുകയെന്ന തന്ത്രമാണ് കൃഷ്ണകുമാര്‍ എല്ലാക്കാലത്തും പയറ്റിയിരുന്നത്. ഇത്തവണയും ഇതേ തന്ത്രം അദ്ദേഹം പയറ്റി.
മണ്ഡലത്തില്‍ പതിനായിരത്തില്‍ അധികം ആളുകളെ പേരെടുത്ത് വിളിക്കാനുള്ള പരിചയവും ബന്ധവുമുണ്ടെന്ന അദ്ദേഹത്തിന്റെ ആത്മവിശ്വാസവും തുണച്ചില്ല.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ ബിജെപി നേതാവ് എന്‍ ശിവരാജന്‍ നടത്തിയ പ്രസ്താവന ശോഭ സുരേന്ദ്രനാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ വിജയം ഉറപ്പാണെന്നായിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയായി കൃഷ്ണകുമാറിനെ പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ ഭിന്നത വ്യക്തമായി. നഗരസഭാ പ്രദേശത്തെ വാര്‍ഡായ മൂത്താന്തറ ബിജെപിയുടെ മൃഗീയ ഭൂരിപക്ഷ പ്രദേശമായിരുന്നു. ഇവരുടെ പിന്തുണ മുഴുവന്‍ ശോഭാ സുരേന്ദ്രനായിരുന്നു. പക്ഷേ ശോഭയെ സ്ഥാനാര്‍ഥിയാക്കാതെ വന്നപ്പോള്‍ അവര്‍ പരസ്യമായി തന്നെ ഇടഞ്ഞു. തിരഞ്ഞെടുപ്പു പ്രചാരണത്തിന് വരാതെ ആദ്യഘട്ടത്തില്‍ മാറി നില്‍ക്കുകയും ചെയ്തിരുന്നു. തൃശൂരിലെ വിജയത്തിന് ശേഷമുണ്ടായ ട്രെൻഡ് പാലക്കാട്ട് മുതലെടുക്കാൻ സാധിക്കാതെ വന്നതോടെ ബിജെപിയിൽ ഇനി അഭ്യന്തരപ്രശ്നങ്ങളുടെ കാലമായിരിക്കും. ഇനി രാഷ്ട്രീയ ലോകം ഉറ്റുനോക്കുക പാലക്കാട്ടെ തോൽവി ബിജെപിയിൽ എന്തൊക്കെ മാറ്റങ്ങൾക്ക് കാരണമായേക്കും എന്നാണ്. കൂടാതെ ഈ തോൽവിയുടെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും എന്നും കൂടിയാണ്. ആദ്യം മുതൽ ശോഭ സുരേന്ദ്രന്റെ പേരാണ് മണ്ഡലത്തിൽ ഉയർന്നുവന്നതെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ പിടിവാശി കൊണ്ട് മാത്രമാണ് സി കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കിയത്. സംസ്ഥാന നേതൃത്വം കൃഷ്ണകുമാറിന്റെ പേര് മുന്നോട്ടുവച്ചപ്പോൾ കേന്ദ്ര നേതൃത്വം വഴങ്ങുകയായിരുന്നു. വലിയ വിഭാഗീയത പ്രശ്നങ്ങളാണ് സി കൃഷ്ണകുമാറിന് സ്ഥാനാർത്ഥിയാക്കിയതിന് പിന്നാലെയുണ്ടായത്. ശോഭ സുരേന്ദ്രൻ പക്ഷവും സി കൃഷ്ണകുമാർ പക്ഷവും രണ്ട് ചേരികളിലായിരുന്നു.