ഹിന്ദു മല്ലു ഗ്രൂപ്പ് ഉണ്ടാക്കിയതിനെത്തുടര്‍ന്നുണ്ടായ വിവാദത്തിലെ നായകനായ ഐ.എ.എസ്.ഉദ്യോഗസ്ഥന്‍ കെ.ഗോപാലകൃഷ്ണന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ സമൂഹമാധ്യമത്തില്‍ രൂക്ഷമായ ആക്ഷേപങ്ങള്‍ ഉന്നയിച്ച സംഭവത്തില്‍ എന്‍.പ്രശാന്ത് എന്നിവരെ അന്വേഷണവിധേയമായി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. വ്യവസായ വകുപ്പ് ഡയറക്ടര്‍ ആണ് കെ.ഗോപാലകൃഷ്ണന്‍. കൃഷി വകുപ്പില്‍ സ്‌പെഷ്യല്‍ സെക്രട്ടറിയാണ് എന്‍. പ്രശാന്ത്.
മല്ലു ഹിന്ദു ഓഫീസേഴ്‌സ് ഗ്രൂപ്പ് ഉണ്ടാക്കിയത് താനല്ലെന്നും ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നുമാണ് ഗോപാലകൃഷ്ണന്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ഈ വാദത്തില്‍ കഴമ്പില്ലെന്ന് തെളിഞ്ഞിരുന്നു. ഇതോടെയാണ് ഗോപാലകൃഷ്ണനെതിരെ നടപടി ഉണ്ടായത്.

അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെ മനോരോഗി എന്ന് വരെ വിളിച്ചുള്ള പരസ്യ അധിക്ഷേപത്തിലാണ് എന്‍ പ്രശാന്തിനെതിരായ നടപടി. ഫേസ്ബുക്ക് പോസ്റ്റുള്ളതിനാല്‍ വിശദീകരണം പോലും തേടാതെയാണ് എന്‍ പ്രശാന്തിനെതിരെ ചീഫ് സെക്രട്ടറി നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നത്.
ഇരുവര്‍ക്കുമെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിരുന്നു.