ബിജെപി വെറുപ്പ് മാത്രം ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയാണെന്ന് മുൻ ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. കോണ്‍ഗ്രസ് പ്രവേശനത്തിന് പിന്നാലെ നടത്തിയ വാർത്തസമ്മേളനത്തിലാണ് സന്ദീപ് വാര്യരുടെ പ്രതികരണം. സ്വന്തമായി അഭിപ്രായം പറയാൻ സ്വാതന്ത്ര്യമില്ലാതെ താൻ ബി.ജെ.പിയില്‍ വീർപ്പുമുട്ടി കഴിയുകയായിരുന്നു. സ്നേഹത്തിന്റെ കടയില്‍ താൻ അംഗത്വം എടുക്കുകയാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.
14 ജില്ലകളില്‍ താൻ ബി.ജെ.പിക്ക് വേണ്ടി പ്രസംഗിച്ചിട്ടുണ്ട്. ചാനല്‍ ചർച്ചകളില്‍ ബി.ജെ.പിയെ പ്രതിരോധിക്കാൻ ഭാഷയുടെ സാധ്യതകളെല്ലാം താൻ ഉപയോഗിച്ചിട്ടുണ്ട്. താൻ കോണ്‍ഗ്രസില്‍ എത്താൻ കാരണം കെ.സുരേന്ദ്രനും കൂട്ടാളികളുമാണ്. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കാരണമാണ് താൻ പാർട്ടിവിട്ടത്. കൊടകര കുഴല്‍പ്പണ കേസും കരുവന്നൂർ ബാങ്ക് തമ്മില്‍ അഡ്ജസ്റ്റ്മെന്റ് ഉണ്ടാക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബലിദാനികളെ ഉപയോഗിച്ച് മുതലെടുപ്പ് നടത്താനാണ് ബി.ജെ.പിയുടെ ശ്രമമെന്നും സന്ദീപ് വാര്യർ ആരോപിച്ചു. പാലക്കാട് ശ്രീനിവാസൻ വധക്കേസില്‍ 17 പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. ഒറ്റുകാരന്റെ റോള്‍ ചേരുന്നത് ബി.ജെ.പിയില്‍ ഉള്ളവർക്ക് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
അപ്രസക്തനായ ആൾ അപ്രസക്തമായ പാർട്ടിയിലേക്ക് പോയെന്ന് സന്ദീപ് വാര്യർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നതിനെക്കുറിച്ച്പ്രകാശ് ജാവദേക്കർ പറഞ്ഞു.