മഹാരാഷ്ട്രയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പു ഫലം കോണ്‍ഗ്രസിനു നേരെയല്ല കൂടുതല്‍ ചോദ്യം ഉയര്‍ത്തുന്നത് മറിച്ച് രണ്ടു മറാത്താ രാഷ്ട്രീയഭീമന്‍മാരുടെ പാര്‍ടികളോടാണ്. ഏതാണ് ശരിയായ എന്‍.സി.പി. എന്നും ഏതാണ് ശരിയായ ശിവസേന എന്നുമുള്ള ചോദ്യങ്ങള്‍ ഉയരുന്നു. വിദര്‍ഭ മേഖല തൂത്തുവാരിയ അജിത് പവാര്‍ ആണ് യഥാര്‍ഥ പവാര്‍ എന്നു ജനം ചിന്തിക്കുന്നുവോ. 84 കാരനായ ശരദ്പവാറിനെക്കാള്‍ പാര്‍ടിയുടെ ഭാവിക്കായി അജിത് പവാറിനു പിറകില്‍ അണിനിരക്കാനും ആണോ എന്‍.സി.പി.യുടെ വോട്ടര്‍മാര്‍ ഇഷ്ടപ്പെടുന്നത്. ഇതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ച.
ശിവസേനയുടെ കാര്യത്തിലാണെങ്കില്‍ ബാല്‍ താക്കറെ സ്ഥാപിച്ച ആ പാര്‍ടി അദ്ദേഹത്തിന്റെ മകന്‍ ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിലുള്ളതാണോ അതോ അതില്‍ നിന്നും പുറത്തു പോയ ഏക്‌നാഥ് ഷിന്‍ഢെ വിഭാഗത്തിന്റെ ശിവസേനയാണോ ഒറിജിനല്‍- ഈ ചോദ്യം രാഷ്ട്രീയവൃത്തങ്ങളില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 79 സീറ്റുകളിൽ മത്സരിച്ച് 57 സീറ്റുകളിൽ വിജയിച്ചപ്പോൾ താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന 98 സീറ്റുകളിൽ മത്സരിച്ച് 20 സീറ്റുകളിൽ മാത്രമാണ് വിജയിച്ചത്. അതിനാൽ ഷിൻഡെയുടെ പ്രഹര ശേഷി താക്കറെയേക്കാൾ വളരെ മികച്ചതാണ്.
അഞ്ച് മാസം മുമ്പ്, 48 എംപിമാരെ തിരഞ്ഞെടുക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ എംവിഎ 30 സീറ്റുകൾ നേടി. ബിജെപിക്ക് വെറും 9 സീറ്റുകളുടെ ദയനീയമായ നേട്ടം. മഹായുതിയുടെ പ്രകടനം 17 സീറ്റ് മാത്രമായി. എന്നാൽ ഇപ്പോൾ മഹായുതിയും ബിജെപിയും പതിൻമടങ്ങ് കരുത്തോടെ തിരിച്ചെത്തി എന്നതാണ് വസ്തുത. ലോക്സഭാ ഇലക്ഷനിൽ 48-ൽ 31 സീറ്റുകളും നേടിയ ശേഷം, പ്രതിപക്ഷ സഖ്യമായ കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്രയിലെ വോട്ടർമാർ തങ്ങളെ പിന്തുണയ്ക്കുമെന്ന അമിത ആത്മവിശ്വാസം പുലർത്തിയതാണ് വിനയായത് എന്ന് വിലയിരുത്തപ്പെടുന്നു. കൂടുതൽ സീറ്റുകൾ നേടുന്നതിനായി എംവിഎ പാർട്ടികൾ ആദ്യം പരസ്പരം പോരടിച്ചു. ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോളുമായി പരസ്യമായി ഏറ്റുമുട്ടി… അദ്ദേഹത്തെ അപമാനിച്ചു. 70 മുതൽ 75 വരെ സീറ്റുകളിൽ മാത്രം മത്സരിക്കാനുള്ള ശേഷിയുണ്ടായിട്ടും 98 സീറ്റുകൾപിടിച്ചു വാങ്ങി . മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കാൻ സഖ്യത്തിനുള്ളിൽ 50 ശതമാനം സീറ്റെങ്കിലും പിടിച്ചെടുക്കുക എന്നതായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രധാന ലക്ഷ്യം. തനിക്ക് ശക്തമായ സ്ഥാനാർത്ഥികളോ ശക്തമായ അടിത്തറയോ ഇല്ലെങ്കിലും കൂടുതൽ സീറ്റുകൾ നേടണമെന്ന് അദ്ദേഹം ശഠിച്ചു. പക്ഷെ ഭൂരിപക്ഷം സീറ്റിലും തോറ്റു .
ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ ശരദ് പവാർ വിസമ്മതിച്ചു. തൻ്റെ പാർട്ടി മികച്ച പ്രകടനം കാഴ്ചവച്ചാൽ തൻ്റെ മകൾ സുപ്രിയ സുലെയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനായിരുന്നു പവാറിന്റെ പ്ലാൻ. അതും പൊളിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 13 സീറ്റുകൾ കിട്ടിയ കോൺഗ്രസ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകാൻ കൊതിക്കുന്ന ബാലാസാഹേബ് തോറാട്ടിനെയും നാനാ പട്ടോളെയും പോലുള്ള നേതാക്കൾക്കിടയിൽ പ്രതീക്ഷകൾ ഉണർത്തി. പക്ഷേ ഇപ്പോൾ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങി.
ജനകീയ വിഷയങ്ങളില്‍ മൂര്‍ത്തമായ നിലപാട് പ്രഖ്യാപിക്കാന്‍ മഹാവികാസ് അഘാഡിക്ക് സാധിച്ചില്ല. സര്‍ക്കാരിനെതിരെ സോയാബീന്‍,പരുത്തിക്കര്‍ഷകര്‍ക്കിടയിലുണ്ടായിരുന്ന വലിയ രോഷം വോട്ടാക്കി മാറ്റാനും കഴിഞ്ഞില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായ തിളക്കമുള്ള വിജയം അനായാസം ആവര്‍ത്തിക്കുമെന്ന് അവര്‍ ദിവാസ്വപ്‌നം കണ്ടു. അത് വലിയ പാഴ്ക്കിനാവാണെന്ന് വോട്ടെടുപ്പു ഫലം വന്നപ്പോള്‍ മാത്രമാണ് കോണ്‍ഗ്രസും സഖ്യകക്ഷികളും തിരിച്ചറിഞ്ഞത്.