ഒക്ടോബറിൽ ഇന്ത്യയുടെ ചില്ലറ വിപണിയിലെ പണപ്പെരുപ്പം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണപ്പെരുപ്പ ലക്ഷ്യ പരിധി പോലും മറികടന്നു കൊണ്ട് 6.21ശതമാനം ആയി ഉയർന്നു. ഗ്രാമീണ, നഗര പ്രദേശങ്ങളിലെ പണപ്പെരുപ്പ നിരക്ക് യഥാക്രമം 6.68ശതമാനം, 5.62ശതമാനം എന്നിങ്ങനെയാണ്. 2023 ഒക്ടോബറിൽ ഇത് 4.87ശതമാനം മാത്രം ആയിരുന്നു. പച്ചക്കറി വില വർധിച്ചതിനാലായിരുന്നു കഴിഞ്ഞ വർഷം ഈ വർധന ഉണ്ടായത്.
ഓൾ ഇന്ത്യ കൺസ്യൂമർ ഫുഡ് പ്രൈസ് ഇൻഡക്‌സ് (CFPI) കാണിക്കുന്നത് 2024 ഒക്‌ടോബറിൽ ഭക്ഷ്യ പണപ്പെരുപ്പം 10.87ശതമാനം ആയിരുന്നു എന്നാണ്. ഗ്രാമ, നഗര പ്രദേശങ്ങളിലെ നിരക്ക് യഥാക്രമം 10.69ശതമാനം, 11.09ശതമാനം എന്നിങ്ങനെയാണ്. മുൻ വർഷം ഇതേ മാസത്തിൽ ഇത് 6.61 ശതമാനം മാത്രമായിരുന്നു.
നഗരപ്രദേശങ്ങളിൽ പച്ചക്കറി വിലയിൽ 42.63 ശതമാനം പണപ്പെരുപ്പം കാണിക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ ഇത് 41.94 ആയിരുന്നു. എണ്ണകൾക്ക് 9.51 ശതമാനവും പഴങ്ങളുടെ വിലക്കയറ്റം 8.43 ശതമാനവും രേഖപ്പെടുത്തി.