മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭകളിലേക്കുള്ള പോളിങ് അവസാനിച്ചതിനു പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോളുകളിൽ എൻഡിഎ സഖ്യം അധികാരത്തിൽ വരുമെന്ന് പ്രവചനം. ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യത്തിനാണ് മുൻതൂക്കമെന്ന് പോൾ ഡയറി, പി – മാർക്ക്, പീപ്പിൾസ് പൾസ്, മെട്രിസ്, ചാണക്യ സ്റ്റാറ്റജീസ് തുടങ്ങിയവർ നടത്തിയ സർവേ പ്രവചിക്കുന്നു.
മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളിലേക്കും ജാർഖണ്ഡിലെ രണ്ടാം ഘട്ടത്തിലെ 38 നിയമസഭാ സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പ് ബുധനാഴ്ച അവസാനിച്ചു. ജാർഖണ്ഡിൽ നവംബർ 13ന് ആദ്യഘട്ടത്തിൽ 42 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്ത് 81 സീറ്റുകളാണുള്ളത്. നവംബർ 23നാണ് ഇരു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം വരുന്നത്.
മഹാരാഷ്ട്രയെ സംബന്ധിച്ച് 10 എക്‌സിറ്റ് പോളുകളാണ് പുറത്തുവന്നത്. ഇതിൽ ആറിൽ ബിജെപി സഖ്യസർക്കാരും മൂന്നിൽ കോൺഗ്രസ് സഖ്യസർക്കാരും വരുമെന്നാണ് പ്രവചിക്കുന്നത് .
ഝാർഖണ്ഡിൽ ഇതുവരെ 7 എക്‌സിറ്റ് പോളുകളാണ് പുറത്തു വന്നത്. ബിജെപി സഖ്യം ജയിക്കുമെന്ന് അഞ്ച് പോളുകൾ പറയുമ്പോൾ ജാർഖണ്ഡ് മുക്തി മോർച്ചയും കോൺഗ്രസും ഭൂരിപക്ഷം നേടുമെന്നാണ് രണ്ടു പോളുകളുടെ പ്രവചനം.