ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്ത് ലോക്‌സഭാ മണ്ഡലങ്ങളില്‍ അഞ്ചെണ്ണം നേടി വന്‍ നേട്ടമുണ്ടാക്കിയ കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന ഭരണം പിടിച്ചെടുക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു, പക്ഷേ മൂന്നാമതും ബിജെപി ഭരണത്തിലേക്കാണ് ഹരിയാന നീങ്ങുന്നത്. കോണ്‍ഗ്രസ് അമ്പേ കടപുഴകിയിരിക്കുന്ന ഹരിയാനയില്‍ പാര്‍ടിക്ക് എന്താണ് പിഴച്ചതെന്ന് നിരീക്ഷകര്‍ അന്വേഷിച്ചു തുടങ്ങി.
ഹരിയാനയില്‍ സര്‍വ്വ തന്ത്രങ്ങളും തീരുമാനങ്ങളും ഭൂപീന്ദര്‍സിങ് ഹൂഡയിലേക്ക് ഏല്‍പിച്ചതാണ് പരാജയകാരണമെന്ന് വിലയിരുത്തുകയാണ് ഇപ്പോള്‍. ഭൂപീന്ദര്‍ ഹൂഡയും മകന്‍ ദീപേന്ദര്‍ ഹൂഡയുമാണ് മുഴുവന്‍ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് എന്ന് പറയുന്നു.
രാഷ്ട്രീയമായി ബുദ്ധിശൂന്യതയാണ് ദേശീയ നേതൃത്വം കാണിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തിനായി ഹൂഡയും കുമാരി ഷെല്‍ജയും തമ്മിലുള്ള തുറന്ന വടംവലിക്ക് തിരഞ്ഞെടുപ്പുസമയം വേദിയായി. തിരഞ്ഞെടുപ്പു കാര്യങ്ങള്‍ മുഴുവന്‍ ദേശീയ നേതൃത്വം ഭൂപീന്ദര്‍ ഹൂഡയ്ക്ക് വിട്ടുകൊടുത്തത് വലിയ തിരിച്ചടിക്ക് കാരണമായി. ഇതോടെ കഴിഞ്ഞ തവണ 46 സീറ്റ് കിട്ടിയിരുന്ന ബിജെപി ഇത്തവണ അതിലും മീതെ പോയി 48-49 സീറ്റിലേക്ക് മുന്നേറിക്കൊണ്ടിരിക്കയാണ്.

ബിജെപി മുഖ്യമന്ത്രി നായിബ് സിങ് സെയിനിയുടെ ജനപിന്തുണയും സ്ത്രീകള്‍ക്കായി നടപ്പാക്കിയ ക്ഷേമപദ്ധതികളും ജനങ്ങളുടെ പിന്തുണ നേടുന്നതിന് സഹായകമായി എന്നും നിരീക്ഷിക്കപ്പെടുന്നു.
വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ 74 സീറ്റുകളില്‍ വരെ മുന്നേറിയ കോണ്‍ഗ്രസ് അപ്രതീക്ഷിതമായാണ് വന്‍ കൂപ്പുകുത്തലിലേക്ക് പോയത്. ഗുസ്തിതാരം വിനേഷ് ഫോഗട്ട് പോലും ആദ്യം പിന്നിലായെങ്കിലും പിന്നീട് മുന്നേറി. ഭിവാനി മണ്ഡലത്തില്‍ മല്‍സരിച്ച സിപിഎം സ്ഥാനാര്‍ഥിയും പിന്നിലാണ്. കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പു സഖ്യമായാണ് സിപിഎം ഇവിടെ മല്‍സരിച്ചത്. സീറ്റുകളില്‍ പരാജയപ്പെട്ടെങ്കിലും കോണ്‍ഗ്രസിന് വോട്ടുവിഹിതത്തില്‍ ബിജെപിയെക്കാള്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. റോഹ്തക് മേഖലയിലും കര്‍ഷക പ്രക്ഷോഭ മേഖലയിലും കോണ്‍ഗ്രസ് ആണ് നേട്ടമുണ്ടാക്കിയത്.