മലപ്പുറം എസ് പി എസ്.ശശിധരനെ സർക്കാർ സ്ഥലം മാറ്റിയതുൾപ്പെടെ സംസ്ഥാന പോലീസിൽ വ്യാപക അഴിച്ചുപണി. ശശിധരനെ ഏറണാകുളം റേഞ്ച് വി ആന്റ് എസിബി എസ്പിയായിട്ടാണ് മാറ്റിയത്. മലപ്പുറത്തെ പുതിയ എസ്.പി. ആര് വിശ്വനാഥ് ആയിരിക്കും.
പൊന്നാനിയിലെ വീട്ടമ്മയുടെ പരാതിയിയിൽ ആരോപണ വിധേയനായ ഡിവൈ.എസ്.പി വി.വി ബെന്നിയെയും സ്ഥലംമാറ്റി. ബെന്നിയെ കോഴിക്കോട് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. ഡിവൈ എസ് പിമാർ മുതൽ മുകളിലോട്ട് ഉള്ളവർക്ക് സ്ഥലംമാറ്റമുണ്ട്. സ്പെഷ്യൽ ബ്രാഞ്ചടക്കം സബ്ഡിവിഷനിലെ ഉദ്യോഗസ്ഥർക്കും സ്ഥാനചലനമുണ്ടായി. രാത്രി വൈകിയാണ് സ്ഥലംമാറ്റങ്ങളുടെ ഉത്തരവ് പുറത്തിറക്കിയത്.
ഐ.ജി. സി.എച്ച്. നാഗരാജുവിനെ ക്രൈംബ്രാഞ്ചില്‍ നിന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി സ്ഥലം മാറ്റി. കൊച്ചി പോലീസ് കമ്മീഷണര്‍ എസ്.ശ്യാംകുമാറിനെ ദക്ഷിണമേഖലാ ഐജിയാക്കി. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എ.അക്ബറിനെ ഐജി ക്രൈംസ്-2 ആയി കൊച്ചിയിലേക്ക് മാറ്റി. ഡി.ഐ.ജി. പുട്ട വിമലാദിത്യയെ ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ ചുമതലയില്‍ നിന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി മാറ്റി. തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. തോംസണ്‍ ജോസിന് ഏറണാകുളം റേഞ്ചിന്റെയും അധികച്ചുമതല നല്കി. എസ്.പി. ഹരിശങ്കറിന് പേഴ്സണല്‍ വകുപ്പിന്റെ ചുമതലയുള്ള അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ പദവി കൂടി അധികമായി നല്കി.
ശശിധരന്റെ സ്ഥലംമാറ്റം സംബന്ധിച്ച വാർത്ത പുറത്തുവന്നതിനു പിന്നാലെ പൊലീസിലെ അഴിച്ചുപണിയിൽ തൃപ്തനാണെന്നാണ് പി.വി അൻവർ പ്രതികരിച്ചു. പ്രതികരണവുമായി കെ.ടി.ജലീലും രംഗത്ത് വന്നു. ‘മലപ്പുറം എസ്പിയെ മാറ്റി. രണ്ടാം വിക്കറ്റും വീണു.’ എന്നാണ് ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചത്. ‘ഇനി തെറിക്കാനുള്ളത് വൻസ്രാവിന്റെ കുറ്റിയാണ്. വൈകാതെ അതും തെറിക്കും. ഞങ്ങളുടെ ക്യാപ്റ്റൻ പിണറായി വിജയനാണ്.’ എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
ജലീലിന്റെ കുറിപ്പ്:
‘‘മലപ്പുറം എസ്പിയെ മാറ്റി. രണ്ടാം വിക്കറ്റും വീണു. ഐപിഎസ് ഉദ്യോഗസ്ഥരിൽ സംഘികളുടെ എണ്ണം വർധിക്കുകയാണ്. കേന്ദ്രത്തിൽ ബിജെപിയുടെ അധികാരാരോഹണമാണ് പൊലീസിലെ സംഘിവൽക്കരണത്തിനു വഴിവച്ചത്. കേരളത്തിന് പുറത്തുനിന്ന് വരുന്ന ഐപിഎസ് ഉദ്യോഗസ്ഥരിലാണ് മലയാളക്കരയ്ക്ക് അപരിചിതമായ വർഗീയ ചുവയോടെയുള്ള പെരുമാറ്റങ്ങൾ കണ്ടുതുടങ്ങിയത്. എന്നാൽ ക്രമേണ അത് മലയാളി ഐപിഎസുകാരിലേക്കും വ്യാപിക്കുന്നതാണ് നാം കണ്ടത്.
ഉത്തരേന്ത്യയിൽ മതം നോക്കി കുറ്റവാളികളാക്കുകയും, കേസെടുത്ത് ജയിലിലാക്കുകയും ചെയ്യുന്നത് നിത്യസംഭവമാണ്. എന്നാൽ കേരളത്തിലും അത്തരം സംഭവങ്ങൾ ഉണ്ടാകുന്നു എന്നുള്ളത് ഏതൊരു മലയാളിയേയും വേദനിപ്പിക്കും. ഇതിന് സർക്കാരോ മുഖ്യമന്ത്രിയോ അല്ല ഉത്തരവാദി. ഉദ്യോഗസ്ഥ സമൂഹത്തെ വിശ്വാസത്തിലെടുക്കുക എന്ന സമീപനമാണ് ഇടതുപക്ഷ സർക്കാരിന്റെ നയം. വിശ്വസിച്ചവരെ വഞ്ചിക്കുന്ന ശുംഭൻമാരെ കുറിച്ച് എന്തുപറയാൻ?
മലപ്പുറം എസ്പി ശശിധരൻ സംഘി മനസ്സുള്ള ‘കൺഫേഡ് ഐപിഎസ്’കാരനാണെന്ന് നാട്ടിൽ പാട്ടാണ്. പദവികൾ കരസ്ഥമാക്കാൻ എന്തു നെറികേടും ചെയ്യുന്നവർ കശക്കിയെറിയുന്ന നിരപരാധികളുടെ പ്രാർഥന വൻ ശാപമായി ഉദ്യോഗസ്ഥ പ്രമാണിമാരുടെ തലയിൽ പതിക്കുക തന്നെ ചെയ്യും. മലപ്പുറം എസ്പിയുടെ തൊപ്പിയിലെ ‘പൊൻതൂവലുകൾ’ക്ക് രക്തത്തിന്റെ മണമുണ്ട്. കണ്ണീരിന്റെ നനവുണ്ട്. വംശവെറിയുടെ വിഷമുണ്ട്.
എത്രമാത്രം സങ്കുചിതന്മാരും അധമൻമാരുമാണ് ഇത്തരം ഓഫിസർമാർ? ഇവിടെയാണ് പൊതുപ്രവർത്തകർ ഉയർന്നു നിൽക്കുന്നത്. ഒരു രാഷ്ട്രീയക്കാരനും തന്റെ മുന്നിൽ വരുന്ന കേസുകൾ വർഗീയ താൽപര്യങ്ങൾ വച്ചു കാണാൻ താൽപര്യപ്പെടില്ല. ഒരാളെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ബുദ്ധിമുട്ടിക്കാനും കേസിൽ കുടുക്കാനും പൊലീസ് മേധാവികൾ ചെയ്യുന്ന പോലെ അവരൊരിക്കലും ചെയ്യില്ല. വെറുതെയല്ല വർഗീയവാദികളും അഴിമതിക്കാരുമായ റിട്ടയർ ചെയ്യുന്ന ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ‘പട്ടിയുടെ’ വില പോലും നാട്ടുകാർ കൽപ്പിക്കാത്തത്. ഉന്നതോദ്യോഗസ്ഥർ ചെയ്യുന്ന നെറികേടുകൾ ഉറക്കെ പറയാൻ ആരും മെനക്കെടാത്തത് ഭയം കൊണ്ടാണ്. താൻ എന്തെങ്കിലും പറഞ്ഞാൽ എന്നെങ്കിലും ഈ ‘മൂർഖൻമാർ’ കൊത്തിക്കൊല്ലുമെന്ന് ഓരോരുത്തരും കരുതുന്നു. പൗരൻമാരുടെ ഈ പേടിയാണ് ഹൃദയശൂന്യരായ പൊലീസ് ഉദ്യോഗസ്ഥർക്ക് എക്കാലത്തും കരുത്തായത്.
ഇന്ന് ഞാനൊരു റിട്ടയഡ് മജിസ്ട്രേറ്റിന്റെ ഫെയ്സ്ബുക് കുറിപ്പ് വായിച്ചു. അതിൽ ശശിധരന്റെ യഥാർഥ മുഖം അനാവരണം ചെയ്യപ്പെടുന്നുണ്ട്. മുൻ മജിസ്ട്രേറ്റിന്റെ അഭിമുഖത്തിൽ പറയുന്ന കാര്യങ്ങളും അദ്ദേഹം സമൂഹ മാധ്യമത്തിൽ എഴുതിയ കുറിപ്പും മാത്രം മതി, മലപ്പുറം എസ്പിക്കെതിരെയുള്ള തെളിവായി. വസ്തുതാ വിരുദ്ധമായി ആ കുറിപ്പിൽ വല്ലതുമുണ്ടെങ്കിൽ ശശിധരൻ അയാൾക്കെതിരെ ഒരു മാനനഷ്ടക്കേസ് കൊടുക്കട്ടെ. മലപ്പുറം എസ്പിയെ പോലുള്ള ‘വർഗീയവിഷ ജന്തുക്കളെ’ തുറന്നു കാട്ടാൻ ഇനി മടിച്ചു കൂട. നമ്മുടെ മൗനം പോലും അത്തരക്കാർക്ക് കരുത്താകും.
ഏതെങ്കിലും നിരപരാധികളെ വർഗീയ വിദ്വേഷത്തിന്റെ പേരിൽ അന്യായമായി ആര് ദ്രോഹിച്ചാലും അവർക്കോ അവരുടെ മക്കൾക്കോ അതിന്റെ ‘ഫലം’ ദൈവം നൽകും. ഉറപ്പാണ്. മൂന്നരക്കൊല്ലം മലപ്പുറത്ത് എസ്പിയായി പെറ്റിക്കേസുകൾ ഉൾപ്പടെ നിരവധി കേസുകൾ ഉണ്ടാക്കി ഏറ്റവുമധികം കേസുള്ള ജില്ലയെന്ന അപഖ്യാതി മലപ്പുറത്തിന് ചാർത്തി നൽകിയ സുജിത് ദാസിന്റെ ഗതി എന്തായി? മുഖ്യമന്ത്രി കർശനമായാണ് പൊലീസിലെ പുഴുക്കുത്തുകൾക്കെതിരെ നടപടികൾ സ്വീകരിച്ചത്. മലപ്പുറം എസ്പിയെ മാറ്റിയതിലൂടെ രണ്ടാമത്തെ വിക്കറ്റും വീണു. മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ. ഇനി തെറിക്കാനുള്ളത് വൻസ്രാവിന്റെ കുറ്റിയാണ്. വൈകാതെ അതും തെറിക്കും. ഞങ്ങളുടെ ക്യാപ്റ്റൻ പിണറായി വിജയനാണ്.’’