പിവി അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണത്തിലെ ഗുരുതരമായ ചട്ടലംഘനത്തിൽ പത്തനംതിട്ടയിലെ എസ്‌പിയും മുൻ മലപ്പുറം എസ്‌പിയുമായ എസ് സുജിത് ദാസിന് സസ്‌പെൻഷൻ. ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. എസ്‌പിക്കെതിരെ നടപടി സ്വീകരിക്കണമെന്ന ശുപാർശ ആഭ്യന്തര വകുപ്പ് നൽകിയിരുന്നു. സർവീസ് ചട്ടം ലംഘിച്ചതായാണ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സംസ്ഥാന പൊലീസ് സേനയ്ക്ക് നാണക്കേടെന്ന ഡിഐജി അജിതാ ബീഗത്തിന്റെ റിപ്പോർട്ട് ഡിജിപി സർക്കാരിന് കൈമാറി.
മലപ്പുറം എസ്‌പി ആയിരിക്കെ നടന്ന മരംമുറിയെ തുടർന്നുണ്ടായ പരാതിയിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് പി.വി.അൻവറുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തായതോടെ വകുപ്പുതല അന്വേഷണം തുടങ്ങിയിരുന്നു. എഡിജിപി എം.ആർ അജിത് കുമാറിനെതിരെയും ഗുരുതര ആരോപണങ്ങൾ എസ.പി. ഫോണിലൂടെ അൻവറിനോട് പറഞ്ഞിരുന്നു. ഇത് മൊത്തം അൻവർ പുറത്തുവിട്ടത് വലിയ രാഷ്ട്രീയ വിവാദത്തിനു കൂടി വഴി വെച്ചിരിക്കുകയാണ്.
ഒരു തേക്കും മഹാഗണിയും മുറിക്കുകയും അതുപയോഗിച്ച് കോട്ടയ്‌ക്കലില്‍ കൊണ്ടു പോയി ഫര്‍ണിച്ചറുകള്‍ ഉണ്ടാക്കിക്കുകയും ഇക്കാര്യം വിവാദമായപ്പോള്‍ ഫര്‍ണിച്ചര്‍ തീയിട്ടു നശിപ്പിക്കുകയും ചെയ്‌തുവെന്ന കാര്യം കൂടി അന്‍വര്‍ ഫോണ്‍ സംഭാഷണത്തിനിടയില്‍ പറയുന്നുണ്ട്. ഇത് സുജിത് ദാസ് നിഷേധിക്കുന്നില്ല.
സുജിത് ദാസ് നടത്തിയത് ഗുരുതര സർവീസ് ചട്ട ലംഘനമെന്ന് തിരുവനന്തപുരം റെയ്‌ഞ്ച് ഡിഐജി അജിതാ ബീഗം ഡിജിപി ഷെയ്‌ഖ് ദർവേഷ് സാഹിബിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. പി വി അൻവർ എംഎൽഎയെ എസ്.പി വിളിച്ച് പരാതി പിൻവലിക്കുന്നതിന് സ്വാധീനിക്കാൻ ശ്രമിച്ചത് തെറ്റാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നീങ്ങാൻ എംഎൽഎയെ പ്രേരിപ്പിച്ചതായും റിപ്പോർട്ടിലുണ്ട്.