സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടർന്ന് എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ചികിത്സയിലിക്കെ ഉച്ചകഴിഞ്ഞ് 3.03 നായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസങ്ങളില്‍ യെച്ചൂരിയെ കൃത്രിമ ശ്വാസോച്ഛ്വസത്തിന്റെ സഹായത്തിലായിരുന്നു ചികില്‍സിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ഒരു മൾട്ടി ഡിസിപ്ലിനറി ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിൻ്റെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു.
32 വർഷമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിക്കുന്ന യച്ചൂരി 2015 ലാണ് ജനറൽ സെക്രട്ടറി പദവിയിലേക്കെത്തിയത്. സുന്ദരയ്യക്കു ശേഷം ആന്ധ്രയിൽനിന്നു സിപിഎം ജനറൽ സെക്രട്ടറിയായ നേതാവാണ് യച്ചൂരി.
ചെന്നൈയിലെ തെലുങ്ക് സംസാരിക്കുന്ന കുടുംബത്തിൽ വൈദേഹി ബ്രാഹ്‌മണരായ സർവേശ്വര സോമയാജലു യച്ചൂരിയുടെയും കൽപകത്തിന്റെയും മകനായി 1952 ഓഗസ്‌റ്റ് 12 ന് യച്ചൂരി സീതാരാമ റാവു ജനിച്ചു. പേരിന്റെ വാലറ്റത്തുനിന്നു ജാതി മുറിച്ചുമാറ്റാമെന്നു തീരുമാനിച്ച് സീതാറാം യച്ചൂരിയായത് സുന്ദര രാമ റെഡ്‌ഡിയിൽനിന്നു പി. സുന്ദരയ്യയായി മാറിയ സിപിഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയെ മാതൃകയാക്കിയാണ്.
1952 ഓഗസ്റ്റ് 12 ന് ജനിച്ച യെച്ചൂരി 1992 മുതൽ സിപിഐ (എം) പോളിറ്റ് ബ്യൂറോ അംഗമായിരുന്നു. പശ്ചിമ ബംഗാളിൽ നിന്ന് മൂന്ന് തവണ രാജ്യസഭാംഗമായ യെച്ചൂരി തൻ്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് 1974-ൽ തന്റെ 22-ാം വയസ്സില്‍ എസ്.എഫ്.ഐയില്‍ ചേര്‍ന്നതോടെയായിരുന്നു. 1974-ൽ എസ്എഫ്ഐയിൽ ചേർന്ന യെച്ചൂരി തൊട്ടടുത്ത വർഷം തന്നെ പാർട്ടി അംഗമാവുകയും ഏതാനും മാസങ്ങൾക്ക് ശേഷം അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലാവുകയും ചെയ്തു. മൂന്ന് തവണ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു.
1989 -ലെ വിപി സിങ്ങിൻ്റെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെയും 1996-97 ലെ യുണൈറ്റഡ് ഫ്രണ്ട് സർക്കാരിൻ്റെയും രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ച അന്തരിച്ച പാർട്ടി നേതാവ് ഹർകിഷൻ സിംഗ് സുർജീതിൻ്റെ കീഴിലാണ് യെച്ചൂരി മുന്നണി രാഷ്ട്രീയത്തിന്റെ നേതൃപാഠങ്ങൾ അഭ്യസിച്ചത്. ഒന്നാം യുപിഎ സർക്കാരിനുള്ള പിന്തുണ ഇടതുപാർട്ടികൾ പിൻവലിക്കുന്നതിലേക്ക് നയിച്ച ഇന്ത്യ-യുഎസ് ആണവകരാർ സംബന്ധിച്ച് സർക്കാരുമായി നടത്തിയ ചർച്ചകളിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചിരുന്നു. 2015ൽ പ്രകാശ് കാരാട്ടിൻ്റെ പിൻഗാമിയായി യെച്ചൂരി സിപിഎമ്മിൻ്റെ ജനറൽ സെക്രട്ടറിയായി.