Categories
kerala

യെച്ചൂരി മറയുമ്പോള്‍ സിപിഎമ്മില്‍ നിന്നും മാഞ്ഞു പോകുന്നത്… ഈ നേതാവ് പാര്‍ടിക്ക് സമ്മാനിച്ച അനുപമ ഭാവങ്ങള്‍

സീതാറാം യെച്ചൂരിയുടെ വേര്‍പാടോടെ ഇന്ത്യന്‍ ഇടതുരാഷ്ട്രീയത്തിന് നഷ്ടമായത് സൗമ്യതയുടെ, സൗഹാർദ്ദ രാഷ്ട്രീയത്തിന്റെ ആൾ രൂപത്തെയാണ്.. ഏത് കടുത്ത പ്രതിസന്ധിക്കിടയിലും അക്ഷോഭ്യനായി ചിരിച്ചുകൊണ്ടല്ലാതെ ആരും അദ്ദേഹത്തെ കണ്ടിട്ടില്ല. മാദ്ധ്യമപ്രവർത്തകരുടെ കുഴപ്പംപിടിച്ച ചോദ്യങ്ങൾക്കും കൃത്യവും ശക്തവുമായ മറുപടിയും ലഭിക്കും. വേഷംപോലെ ലളിതമായിരുന്നു അദ്ദേഹത്തിന്റെ ശൈലിയും. ആർക്കും മനസിലാവുന്ന ഭാഷയായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത. സൗമ്യസാന്നിദ്ധ്യമായിരുന്നെങ്കിലും അഴിമതികളോട് വിട്ടുവീഴ്ചയില്ലാതെ പോരാടാനും യെച്ചൂരി മടിച്ചിരുന്നില്ല.

ഇന്ദിരാഗാന്ധി ഉൾപ്പടെ അദ്ദേഹത്തിന്റെ പോരാട്ടവീര്യത്തിന്റെ ചൂടറിഞ്ഞിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലാ യൂണിയന്‍ പ്രസിഡണ്ടായിരിക്കെ, ഇന്ദിരാഗാന്ധി നോക്കി നില്‍ക്കെ യെച്ചൂരി വിദ്യാര്‍ഥികളോട് പൊതുയോഗത്തില്‍ ഇന്ദിരാഗാന്ധിക്കെതിരെ, അടിയന്തരാവസ്ഥക്കെതിരെ സംസാരിക്കുന്ന പ്രസിദ്ധമായൊരു ഫോട്ടോ ഉണ്ട്. ഈ ചിത്രം യെച്ചൂരിയുടെ ആത്മവിശ്വാസത്തിനും ആത്മധൈര്യത്തിനും അചഞ്ചലമായ ആദര്‍ശബോധത്തിനും ഉത്തമോദാഹരണമാണ്.

thepoliticaleditor

ഇ.എം.എസിനെ വിദേശ യാത്രകളില്‍ നിഴല്‍ പോലെ പിന്തുടര്‍ന്ന അനുയായിയായിരുന്നു യെച്ചൂരി. പാര്‍ടി അദ്ദേഹത്തെ അതിനായി നിയോഗിച്ചതായിരുന്നു. ഇതിലൂടെ ലഭിച്ച അന്തര്‍ദ്ദേശീയ കാഴ്ചപ്പാടുകള്‍ യെച്ചൂരിയുടെ ലോകവീക്ഷണം കമ്മ്യൂണിസത്തിന്റെ വൃത്തത്തില്‍ നിന്നും ജനാധിപത്യത്തിന്റെ ആകാശങ്ങളിലേക്ക് സംഘടനയെ നയിക്കാന്‍ ഏറെ ഉപകരിച്ചിരുന്നു.
ഇന്ത്യന്‍ ജനാധപത്യത്തിലും പാര്‍ലമെന്ററി ജനാധിപത്യം അവിഭാജ്യമായ ഇന്ത്യന്‍ രാഷ്ട്രീയവ്യവസ്ഥയിലും ഒരു കമ്മ്യൂണിസ്റ്റ് പാര്‍ടിയെ എങ്ങിനെ നയിക്കണം എന്ന് വ്യക്തമായി കാണിച്ചുതന്ന തീര്‍ത്തും ലിബറലായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു സീതാറാം യെച്ചൂരി. ആദര്‍ശങ്ങളില്‍ നിന്നും അണുവിട മാറാതെ എങ്ങിനെ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ രാജവീഥിയിലൂടെ പാര്‍ടിയെ എങ്ങിനെ ജനകീയമായി നയിക്കാമെന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന് കാണിച്ചുകൊടുത്ത ഏറ്റവും ജനകീയനായ നേതാവായിരുന്നു യെച്ചൂരി. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ ഗുരു മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിങ് സുര്‍ജിത് ആയിരുന്നു. സുര്‍ജിത്തിനൊപ്പം ഒന്നാം യു.പി.എ. സര്‍ക്കാര്‍ കെട്ടിപ്പടുക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച യെച്ചൂരി സുര്‍ജിതിന്റെ തന്ത്രങ്ങളും പ്രായോഗിക തീരുമാനങ്ങളും പിന്നീടുള്ള പാര്‍ലമെന്ററി ജനാധിപത്യ കാഴ്ചപ്പാടുകളിലേക്ക് പകര്‍ത്തുകയും സിപിഎം എന്ന കാര്‍ക്കശ്യമുള്ള പാര്‍ടിയെ ഇന്ത്യന്‍ മതേതര, ജനാധിപത്യ, ലിബറല്‍ രാഷ്ട്രീയ മൂല്യങ്ങള്‍ക്കൊപ്പിച്ച് തുന്നിയെടുക്കാന്‍ പരിശ്രമിക്കുകയും ചെയ്തു. അതു കൊണ്ടു തന്നെ എഴുപത് പിന്നിട്ടിട്ടും യെച്ചൂരിയെ ഇന്ത്യന്‍ രാഷ്ട്രീയ ലോകം കണ്ടത് സിപിഎമ്മിലെ യുവത്വത്തിന്റെ മുഖമായിട്ടായിരുന്നു.

കമ്മ്യൂണിസ്റ്റ് നേതാവ് എന്ന നിലയിലായിരുന്നില്ല, തങ്ങളിലൊരാള്‍ എന്ന നിലയിലായിരുന്നു എതിര്‍ രാഷ്ട്രീയ പാര്‍ടി നേതാക്കളില്‍ മിക്കവരും യെച്ചൂരിയെ കണ്ടിരുന്നത്. സിപിഎമ്മിലെ അപചയങ്ങളില്‍ അങ്ങേയറ്റം നിരാശനും അമര്‍ഷമുള്ളയാളുമായിരുന്നു യെച്ചൂരി. എന്നാല്‍ ഒരിക്കലും അധിക്ഷേപിക്കും വിധമുള്ള, രോഷാകുലമായ, അമാന്യമായ പെരുമാറ്റം പൊതുമണ്ഡലത്തില്‍ അദ്ദേഹത്തില്‍ നിന്നും ഉണ്ടായില്ല. കേരളത്തിലെ പാര്‍ടി നേതൃത്വം പലപ്പൊഴും യെച്ചൂരിക്കെതിരായിരുന്നു. 2015-ല്‍ പ്രകാശ് കാരാട്ടിന്റെ പിന്‍ഗാമിയായി യെച്ചൂരി നിര്‍ദ്ദേശിക്കപ്പെട്ടപ്പോള്‍ കേരളത്തിലെ പ്രതിനിധികള്‍ അതിനെതിരെയാണ് അഭിപ്രായം പ്രകടമാക്കിയത്. അവര്‍ നിര്‍ദ്ദേശിച്ചത് എസ്.രാമചന്ദ്രന്‍ പിള്ളയെ ആയിരുന്നു. എന്നാല്‍ അത് തള്ളിയ കേന്ദ്രക്കമ്മിറ്റി യെച്ചൂരിയെ തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഒരിക്കലും വൈര നിര്യാതന ബുദ്ധിയോടെ യെച്ചൂരി കേരളത്തിലെ ഉന്നത നേതാക്കളെ കണ്ടില്ല എന്നത് അദ്ദേഹത്തിന്റെ മനസ്സിന്റെ മഹത്വത്തെ പ്രതിഫലിപ്പിക്കുന്നു.

എപ്പോഴും വിഎസ് അച്യുതാനന്ദനോട് ആഭിമുഖ്യം പുലർത്തിയിരുന്ന നേതാവായിരുന്നു യെച്ചൂരി. എന്നും യെച്ചൂരി വിഎസ് പക്ഷത്തും വിഎസ് യെച്ചൂരിയുടെ പക്ഷത്തും നിലകൊണ്ടിരുന്നു. അതിൽ കേരളത്തിലെ പല നേതാക്കൾക്കും അദ്ദേഹത്താേട് എതിർപ്പുണ്ടായിരുന്നു. വിഎസിനെ കേരളത്തിന്റെ ഫിദൽ കാസ്ട്രോ എന്നാണ് അദ്ദേഹം ഒരിക്കൽ വിശേഷിപ്പിച്ചത്.മോദിയുടെയുടെയും ബിജെപിയുടെയും കടുത്ത വിമർശകനായിരുന്നു എപ്പോഴും യെച്ചൂരി. ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റിനിറുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം എപ്പോഴും ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ കൂടി ശ്രമഫലമായി ബിജെപിക്ക് കടുത്ത തിരിച്ചടി നൽകാനും ഇന്ത്യമുന്നണിക്കായി.

ദേശീയ തലത്തില്‍ പാര്‍ടി മുന്നോട്ടു വെച്ച പല നിലപാടുകള്‍ക്കും വിരുദ്ധമായ രീതികളും തീരുമാനങ്ങളും കേരളത്തിലെ പിണറായി വിജയന്റെ സര്‍ക്കാര്‍ കൈക്കൊണ്ടപ്പോള്‍- യു.എ.പി.എ നയം, മാവോയിസ്റ്റ് വേട്ട തുടങ്ങിയവയില്‍ ഉള്‍പ്പെടെ- യെച്ചൂരി കേരളത്തിലെ പാര്‍ടിയെ പരസ്യമായി നോവിക്കാതെ, വഴക്കത്തോടെയും മാന്യതയോടെയുമാണ് എപ്പോഴും പ്രതികരണങ്ങള്‍ നടത്തിയിരുന്നത്. കേരളത്തിലെ സിപിഎം ഉന്നത നേതൃത്വത്തിലുള്ളവര്‍ യെച്ചൂരിയോട് താല്‍പര്യമില്ലാത്ത ഗ്രൂപ്പായി നിന്നിട്ടും തിരികെ യെച്ചൂരി അവരോട് പരസ്യമായി ഇടയാന്‍ തയ്യാറായില്ല. പിണറായി വിജയന്‍ സര്‍ക്കാര്‍ ചെന്നു ചാടിയ ഒട്ടേറെ വിവാദങ്ങളിലും യെച്ചൂരി പരസ്യവിമര്‍ശനം നടത്താതെ മാന്യമായി പ്രതികരിക്കുകയും പലപ്പോഴും വിവാദ പ്രസ്താവനകളില്‍ നിന്നും ഒഴിഞ്ഞുപോവുകയും ചെയ്തു. രാഹുല്‍ഗാന്ധിയുമായി വളരെ അടുപ്പം പുലര്‍ത്തിയ അദ്ദേഹം കേരളത്തില്‍ രാഹുലിനെ പരസ്യമായി അധിക്ഷേപിച്ചും അവഹേളനപരമായി പ്രതികരിച്ചും സിപിഎം നേതൃത്വം നിലപാടുകള്‍ എടുത്തപ്പോഴും പാര്‍ടിയുടെ സംസ്ഥാന ഘടകത്തെ തള്ളാതെയും എന്നാല്‍ രാഹുലിനെ ബഹുമാനിച്ചും കൊണ്ടാണ് ഇന്ത്യ മുന്നണിയുമായുള്ള ബന്ധത്തില്‍ സൗഹാര്‍ദ്ദം കാത്തു സൂക്ഷിച്ചത്.

ഇന്ത്യയിലെ കറകളഞ്ഞ മതേതരവാദികളുടെ പട്ടികയില്‍ തീര്‍ച്ചയായും ഏറ്റവും ഉയരത്തിലുള്ള നേതാവാണ് സീതാറാം യെച്ചൂരി. 2014-ല്‍ നരേന്ദ്രമോദി അധികാരത്തില്‍ വന്നപ്പോള്‍ ഫാസിസത്തിന്റെ ഇന്ത്യയിലെ ഉദയമായി യെച്ചൂരി അതിനെ പ്രവചിച്ചു. എന്നാല്‍ മുതിര്‍ന്ന നേതാവായ പ്രകാശ് കാരാട്ട് പീപ്പിള്‍സ് ഡെമോക്രസിയില്‍ എഴുതിയ ലേഖനത്തില്‍ ഇന്ത്യയില്‍ ഫാസിസം വന്നുതുടങ്ങിയിട്ടില്ലെന്ന് വ്യാഖ്യാനിച്ചത് വലിയ ചര്‍ച്ചയായി. സാധാരണ പാര്‍ടി പ്രവര്‍ത്തകര്‍ പക്ഷേ യെച്ചൂരിക്കൊപ്പമാണ് ചിന്തിച്ചത്. കാരാട്ടും കേരളത്തിലെ നേതൃത്വവും യെച്ചൂരിക്കെതിരായ ഗ്രൂപ്പാണെന്നു തോന്നും വിധം പ്രവര്‍ത്തിച്ച സന്ദര്‍ഭങ്ങള്‍ പലതുണ്ടായെന്ന് മാധ്യമങ്ങള്‍ വെളിപ്പെടുത്തുകയും അതേക്കുറിച്ച് യെച്ചൂരിയുടെ പ്രതികരണം ആരായുകയും ചെയ്തപ്പോഴെല്ലാം യെച്ചൂരി അതിനെ സ്വതസിദ്ധമായ സൗമ്യതയോടെയും പുഞ്ചിരിയോടെയും നേരിടുകയും സിപിഎം ഒറ്റക്കെട്ടാണെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. മാറി വരുന്ന രാഷ്ട്രീയ കാലാവസ്ഥകള്‍ ഇത്ര സമചിത്തതയോടെ, അവധാനതയോടെ, നിലപാടുകളോടെ വിശദീകരിക്കുന്ന ഒറ്റ നേതാവും ഇനി സിപിഎമ്മിന്റെ ദേശീയ മുഖമായി ഇല്ലെന്ന് വിലയിരുത്തപ്പെടുന്നു. യെച്ചൂരി അവശേഷിപ്പിക്കുന്ന ശൂന്യത ഇനി സിപിഎമ്മിന് ഒരിക്കലും നികത്താനാവില്ല തന്നെ.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick