സ്വന്തം രാഷ്ട്രീയത്തിന് അതീതമായ വ്യക്തിബന്ധങ്ങളാല്‍ ഇന്ത്യന്‍ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ പുതിയ സൗഹൃദവലയം തീര്‍ത്ത സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രാഷ്ട്രീയമണ്ഡലത്തിന്റെ അന്യാദൃശ്യമായ ആദരവേറ്റു വാങ്ങി അന്ത്യയാത്ര. തലസ്ഥാനനഗരിയില്‍ ഇന്ന് ദൃശ്യമായത് രാഷ്ട്രീയാതീതമായി യെച്ചൂരി നിലനിര്‍ത്തിയ സൗഹൃദബന്ധങ്ങളുടെ അനുസ്മരണ നിമിഷങ്ങള്‍.
സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായ ഡല്‍ഹി എ.കെ.ജി. ഭവനില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ നടന്ന പൊതുദര്‍ശനത്തില്‍ ആയിരങ്ങളാണ് യെച്ചൂരിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. വിവിധ പാര്‍ട്ടികളുടെ നേതാക്കളും മറ്റു ഉന്നതരും പൊതുജനങ്ങളും എകെജി ഭവനിലെത്തി യെച്ചൂരിക്ക് അന്ത്യാഭിവാദ്യമര്‍പ്പിച്ചു.
കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ, ശരദ് പവാര്‍, അഖിലേഷ് യാദവ്, മനീഷ് സിസോദിയ, ഉദയനിധി സ്റ്റാലിന്‍ തുടങ്ങിയ നേതാക്കള്‍ യെച്ചൂരിക്ക് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.
വൈകീട്ട് വിലാപയാത്രയോടെ മൃതദേഹം യെച്ചൂരിയുടെ ആഗ്രഹപ്രകാരം ഗവേഷണപഠനത്തിനായി എയിംസ് ആശുപത്രിക്ക് കൈമാറി. എ.കെ.ജി. ഭവനില്‍നിന്ന്, മുന്‍പ് സി.പി.എം. ഓഫീസ് പ്രവര്‍ത്തിച്ച അശോക റോഡ് 14 വരെ നേതാക്കള്‍ വിലാപയാത്രയായി മൃതദേഹംവഹിച്ചുള്ള ആംബുലന്‍സിനെ അനുഗമിച്ചിരുന്നു.
സിപിഎം കേന്ദ്രക്കമ്മിറ്റി അംഗങ്ങളും പൊളിറ്റ് ബ്യൂറോ അംഗങ്ങളും നൂറുകണക്കിന് പ്രവര്‍ത്തകരും യെച്ചൂരിയുടെ ഭൗതിക ദേഹം വഹിച്ചു നീങ്ങിയ ആംബുലന്‍സിനെ അനുഗമിച്ചു. കേരളത്തില്‍ നിന്നുള്ള പ്രമുഖ നേതാക്കളും ഇതില്‍ ഉള്‍പ്പെട്ടു. മന്ത്രിമാരായ എം.ബി.രാജേഷ്, കെ.എന്‍.ബാലഗോപാല്‍, വി.എന്‍.വാസവന്‍, ആര്‍.ബിന്ദു, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരും പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എ.വിജയരാഘവന്‍, എം.എ. ബേബി, കേരള സംസ്ഥാന സെക്രട്ടറി കൂടിയായ എം.വി.ഗോവിന്ദന്‍, കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ പി.കെ.ശ്രീമതി, കെ.കെ.ശൈലജ , വിജൂ കൃഷ്ണൻ എന്നിവരും എം.പി.മാരായ ജോണ്‍ ബ്രിട്ടാസ്, കെ. രാധാകൃഷ്ണന്‍ എന്നിവരും സി.എസ്.സുജാത തുടങ്ങിയ നേതാക്കളും വിലാപയാത്രയെ അനുഗമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ മുഴുവന്‍ സമയവും യെച്ചൂരിയുടെ പൊതുദര്‍ശനസ്ഥലത്ത് സന്നിഹിതനായി. കേന്ദ്രക്കമ്മിറ്റി അംഗം ഇ.പി.ജയരാജനും യെച്ചൂരിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.