മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി.യും ചേര്‍ന്നുള്ള കോക്കസിനെപ്പറ്റി പിവി അന്‍വര്‍ എം.എല്‍.എ. ഉന്നയിച്ച ആരോപണങ്ങളില്‍ അജിത്കുമാറിനെ സംരക്ഷിക്കില്ലെന്ന് കോട്ടയത്ത് പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ പരോക്ഷമായി സംസാരിച്ച മുഖ്യമന്ത്രി പിന്നീട് നിലപാട് മാറ്റിയതിനു പിന്നില്‍ അതിന്റെ പ്രത്യാഘാതത്തെപ്പറ്റിയുള്ള സൂചനകള്‍.
അജിത്കുമാറിനെ പദവിയില്‍ നിന്നും മാറ്റിയാല്‍ അടുത്ത മുന ശശിക്കു നേരെ തിരിക്കേണ്ടി വരും. ശശിയുടെ രക്തത്തിനായി പാര്‍ടിക്കകത്തു തന്നെ ഇപ്പോള്‍ ധാരാളം പേരുണ്ട്. ഇടതുമുന്നണി സഹയാത്രികരുടെയും സ്വതന്ത്രരുടെയും കണ്ണിലെയും കരടാണ് പി.ശശി എന്ന തിരിച്ചറിവും ഒപ്പം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉണ്ടായി. ശശിയുടെ രക്തം ആഗ്രഹിക്കുന്നവര്‍ക്ക് ശശിയെ ഇട്ടുകൊടുക്കാന്‍ മുഖ്യമന്ത്രി തയ്യാറല്ല- ഇതാണ് അജിത്കുമാറിനെതിരെ ഉടന്‍ നടപടിയെടുക്കാത്തതിനു പിന്നിലെ സന്ദേശം. പി.ശശിയെ തൊടാന്‍, പദവിയില്‍ നിന്നും മാറ്റാന്‍, അദ്ദേഹത്തിന്റെ എക്കാലത്തെയും സംരക്ഷകനായ മുഖ്യമന്ത്രി തല്‍ക്കാലം താല്‍പര്യപ്പെടുന്നില്ലെന്നര്‍ഥം.
അജിത്കുമാറിനെ പദവിയില്‍ നിന്നും മാറ്റിയാല്‍ ശ്വാസവേഗത്തില്‍ അടുത്ത ആവശ്യമായി ഉയരുക ശശിയെയും പദവിയില്‍ നിന്നും മാറ്റുക എന്നതായിരിക്കും. ഇത് തിരിച്ചറിഞ്ഞതോടെയാണ് എഡിജിപിക്കെതിരെ ഉടന്‍ നടപടി എന്ന സൂചനയില്‍ നിന്നും പിന്‍മാറ്റത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. മുഖ്യമന്ത്രി വൈകീട്ട് മൂന്നു മണിയോടെ സ്വന്തം ഓഫീസില്‍ തിരിച്ചെത്തിയെങ്കിലും തീരുമാനം നീളുകയായിരുന്നു. രാത്രിയായിട്ടും ഒരു തീരുമാനവും പുറത്തുവന്നില്ല. തല്‍ക്കാലം ഡിജിപി തല അന്വേഷണം എന്ന തീരുമാനം പുറത്തേക്കു വരുന്നത് രാത്രി പത്തരയ്ക്കു ശേഷം മാത്രമായിരുന്നു.
ലൈംഗികാരോപണത്തെത്തുടര്‍ന്ന് വര്‍ഷങ്ങളോളം പാര്‍ടി അംഗം പോലുമല്ലാതെ വിസ്മൃതിയില്‍ കഴിഞ്ഞിരുന്ന പി.ശശി എന്ന പാര്‍ടി മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ ഒരു സുപ്രഭാതത്തില്‍ വീണ്ടും കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായും അത്തവണത്തെ സംസ്ഥാന സമ്മേളനത്തില്‍ ശശി പ്രതിനിധിയല്ലാതിരുന്നിട്ടു പോലും സംസ്ഥാന കമ്മിറ്റി അംഗമായും നിയുക്തനായതിനു പിന്നില്‍ പിണറായി വിജയന്‍ തന്നെയായിരുന്നു എന്നത് ചരിത്രസത്യമാണ്. പാര്‍ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ശശിയെ സിപിഎമ്മിന്റെ വക്കീല്‍ സംഘടനയായ ലോയേഴ്‌സ് യൂണിയന്‍ വഴിയാണ് വീണ്ടും പൊതുരംഗത്തേക്ക് സിപിഎം ആനയിച്ചത്. പിന്നീട് നേരിട്ട് പാര്‍ടി നേതൃത്വത്തിലേക്ക് ശശി തിരിച്ചു വരികയായിരുന്നു. അതേസമയം ശശിക്കെതിരെ പാര്‍ടിയില്‍ പരാതി ഉന്നയിച്ച് ഉറച്ചു നിന്ന സംസ്ഥാന സമിതി അംഗവും മുന്‍ എം.എല്‍.എ.യും കര്‍ഷകസംഘം സംസ്ഥാന പ്രസിഡണ്ടുമായിരുന്ന സി.കെ.പി. പത്മനാഭന്‍ ഏരിയ കമ്മിറ്റിയിലേക്ക് തരം താഴ്ത്തപ്പെടുകയും ചെയ്തു. അത്രയധികം സ്വാധീനമാണ് ശശിക്ക് തന്റെ രാഷ്ട്രീയ ഗുരുവായ പിണറായി വിജയനില്‍ ഉണ്ടായിരുന്നത്.