ഭരണത്തിന്റെ നട്ടെല്ലായ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും ക്രമസമാധാനച്ചുമതലയുള്ള പൊലീസ് എ.ഡി.ജി.പി.യും മുഖ്യമന്ത്രിക്കെതിരെ, അല്ലെങ്കില്‍ മുഖ്യമന്ത്രിയെ മറികടന്നോ അവഗണിച്ചോ കോക്കസ് കളിക്കുന്നുണ്ടോ- സിപിഎമ്മില്‍ സജീവ ചര്‍ച്ചയായിരിക്കുന്ന പുതിയ വിഷയമാണിത്. മുഖ്യമന്ത്രിയുടെ എക്കാലത്തെയും പ്രിയപ്പെട്ട എം.എല്‍.എ.യായ പി.വി.അന്‍വര്‍ അതിഗുരുതരമായ തുറന്ന വിമര്‍ശനം പി.ശശിക്കും എഡിജിപി അജിത്കുമാറിനുമെതിരെ നടത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് സിപിഎമ്മില്‍ പുതിയ ചര്‍ച്ച കൊഴുക്കുന്നത്. താന്‍ ചെങ്കൊടിക്കു കീഴില്‍ എക്കാലത്തും നില്‍ക്കുന്ന വിശ്വസ്തന ഭടനാണ് എന്ന് ഏറ്റവും ഒടുവിലത്തെ ഫേസ്ബുക്ക് കുറിപ്പില്‍ അന്‍വര്‍ വ്യക്തമാക്കുന്നുമുണ്ട്.
എം.ആർ.അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണു അൻവർ ഉന്നയിച്ചത്. മന്ത്രിമാരുടെയും എംഎൽഎമാരുടെയും ഫോണുകൾ വരെ ചോർത്തുന്നു. എഡിജിപിയും പൊളിറ്റിക്കൽ സെക്രട്ടറിയും ചേർന്നു സ്വർണക്കടത്ത് കച്ചവടം നടത്തുന്നുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അജിത്കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ദാവൂദ് ഇബ്രാഹിം ആണ് അദ്ദേഹത്തിന്റെ റോൾ മോഡലെന്നു സംശയിക്കുന്നതായും അൻവർ ആരോപിച്ചിരുന്നു. പത്തനംതിട്ട എസ്പി സുജിത് ദാസിനു കസ്റ്റംസിലുള്ള ബന്ധം കോഴിക്കോട്ട് വിമാനത്താവളത്തിൽ സ്വർണം കടത്താൻ ഉപയോഗിക്കുന്നതായും അൻവർ പറഞ്ഞു.
ഈ ആരോപണങ്ങളെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു ചിരി മാത്രമായിരുന്നു ഇന്ന് മുഖ്യമന്ത്രിയുടെ മറുപടി. അജിത് കുമാറിനെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ സംസ്ഥാന പൊലീസ് മേധാവിയിൽനിന്നു മുഖ്യമന്ത്രി റിപ്പോർട്ട് തേടിയിരിക്കുകയാണ്.
സിപിഎമ്മിലെ ഏതെങ്കിലും നേതാവിന്റെയോ വിഭാഗത്തിന്റെയോ പിന്തുണയില്ലാതെ പി.വി.അന്‍വര്‍ മുഖ്യമന്ത്രിയുടെ വകുപ്പിനെതിരെയും മുഖ്യമന്ത്രിയുടെ സ്വന്തക്കാരനായ പി.ശശിക്കെതിരെയും ഇത്ര വലിയ പരസ്യനിലപാടുകള്‍ സ്വീകരിക്കില്ലെന്ന് വിശ്വസിക്കുന്നവരാണ് സിപിഎമ്മില്‍ ഭൂരിപക്ഷവും. എന്നാല്‍ അതില്‍ വിമത പ്രവര്‍ത്തനത്തിന്റെ സ്വഭാവമുണ്ടോ എന്ന് കരുതാന്‍ തെളിവുകളൊന്നും ഇല്ല. എന്നാല്‍ അന്‍വറിന്റെത് വ്യക്തിപരമായ ചില കലിപ്പുകളാണെന്നും അത് പ്രധാനമായും പൊലീസുമായി ബന്ധപ്പെട്ടതാണെന്നും ചിന്തിക്കുന്ന വിഭാഗവും സിപിഎമ്മില്‍ ഉണ്ട്. അന്‍വര്‍ തന്നെ ഇതിനുള്ള സൂചനകള്‍ നല്‍കിയിട്ടുമുണ്ട്. താന്‍ ഒട്ടേറെ തവണ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പി. ശശിക്ക് പരാതികള്‍ നല്‍കിയിരുന്നുവെന്നും ആവശ്യങ്ങള്‍ വ്യക്തിപരമായ കാര്യത്തിനായിരുന്നില്ലെന്നും എന്നാല്‍ ഒന്നു പോലും പരിഹരിക്കപ്പെട്ടില്ലെന്നും അന്‍വര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പറയുകയുണ്ടായി.
അതേസമയം അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ പാര്‍ടിക്കും സര്‍ക്കാരിനും വലിയ പ്രതിച്ഛായാനഷ്ടം ഉണ്ടാക്കുന്നതാണെന്നും വ്യക്തിപരമായ പ്രശ്‌നങ്ങള്‍ക്കപ്പുറം അത് പാര്‍ടിയുടെ ആദര്‍ശങ്ങളെപ്പോലും താറടിക്കുന്ന വിധമായി മാറി വളര്‍ന്നു കഴിഞ്ഞുവെന്നും നേതാക്കള്‍ തന്നെ വിലയിരുത്തുന്നു. ഇതെങ്ങിനെ കൈകാര്യം ചെയ്യാമെന്നും പരിഹരിക്കാമെന്നും തല്‍ക്കാലം അറിയാത്ത അവസ്ഥയും നേതൃതലത്തിലുണ്ട്. അതിനാല്‍ പ്രശ്‌നം കൂടുതല്‍ വഷളാകാതിരിക്കാന്‍ ആരും തന്നെ പ്രത്യേകിച്ച് ഒരു പരാമര്‍ശവും അന്‍വര്‍ വിഷയത്തില്‍ നടത്തരുത് എന്ന് പാര്‍ടി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് പറയുന്നത്.