കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിക്കുന്ന ഡോക്ടർമാരോട്, അതിർത്തിയിലെ സൈനികർ പുൽവാമ ആക്രമണത്തിനെതിരെ പ്രതിഷേധിക്കാൻ തുടങ്ങിയാൽ എന്തായിരിക്കും അഭിപ്രായം എന്ന ചോദ്യം ഉയർത്തി തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് . “പുൽവാമ കേസിൽ ജവാന്മാർക്ക് നീതി ലഭിച്ചിട്ടില്ല. ജവാന്മാർ അതിർത്തി വിട്ട് ‘ഞങ്ങൾക്ക് നീതി വേണം’ എന്ന സമരം ആരംഭിച്ചാൽ, അവർ അതിനെ എങ്ങനെ കാണും?”- എക്സ് -ൽ അദ്ദേഹം എഴുതി. സമരം അവസാനിപ്പിക്കാൻ കുനാൽ ഘോഷ് ഡോക്ടർമാരോട് അഭ്യർത്ഥിച്ചു.
സർക്കാർ ആശുപത്രിയിലെ കുറ്റകൃത്യത്തിനെതിരെ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഡോക്ടർമാരാണ് പ്രതിഷേധിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ചൊവ്വാഴ്ച സുപ്രീം കോടതി സമരം നടത്തുന്ന ഡോക്ടർമാർക്ക് ഉറപ്പ് നൽകിയിരുന്നു. പ്രതിഷേധം അവസാനിപ്പിച്ച് ജോലിയിൽ പ്രവേശിക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു. പ്രക്ഷോഭം അടിച്ചമർത്താൻ ബലപ്രയോഗം നടത്തരുതെന്നും കോടതി പശ്ചിമ ബംഗാൾ സർക്കാരിന് നിർദേശം നൽകി.