നടന്‍ മുകേഷ് എം.എല്‍.എ.സ്ഥാനം രാജിവെക്കണമെന്ന ആവശ്യമുയര്‍ത്തി ബിജെപി സംസ്ഥാന ഘടകം പ്രതികരിക്കുമ്പോള്‍ മുകേഷിന്റെ പക്ഷത്ത് നിന്ന് ന്യായീകരിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാടുകള്‍ ബിജെപിയില്‍ വലിയ രോഷം വിളിച്ചു വരുത്തിയിരിക്കുന്നതായി റിപ്പോര്‍ട്ട്. മുകേഷിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇന്ന് തൃശ്ശൂര്‍ രാമനിലയത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരെ പിടിച്ചു തള്ളുകയും അമാന്യമായി തട്ടിക്കയറുകയും ചെയ്ത സുരേഷ് ഗോപി ബിജെപി നേതാക്കളുടെ പ്രതികരണത്തെയും വകവെക്കാത്ത രീതിയിലാണ് പ്രതികരിച്ചത് എന്നത് ശ്രദ്ധേയമായി. വിവാദങ്ങല്‍ മാധ്യമങ്ങളുടെ തീറ്റ മാത്രമാണെന്നായിരുന്നു മുകേഷിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സുരേഷ്‌ഗോപിയുടെ മറുപടി. അതേസമയം ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനാകട്ടെ, സുരേഷ് ഗോപിയെ തള്ളിക്കൊണ്ട് മുകേഷിന്റെ രാജി ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ രോഷം കൂടിയാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരുടെ നേരെ പ്രകടിപ്പിച്ചതെന്നും പറയപ്പെടുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി മാദ്ധ്യമപ്രവർത്തകരെ തള്ളിമാറ്റുകയായിരുന്നു. ‘എന്റെ വഴി എന്റെ അവകാശമാണെന്ന്’ പറഞ്ഞ ശേഷം ക്ഷുഭിതനായി കാറിൽ കയറി പോയി. മീഡിയ വൺ റിപ്പോർട്ടറെയാണ് സുരേഷ് ഗോപി തള്ളിമാറ്റിയത്. “നിങ്ങളുടെ മീഡിയയ്ക്കുള്ള ഒരു തീറ്റയാണിത്. നിങ്ങൾ അത് വച്ച് കാശ് ഉണ്ടാക്കിക്കോള്ളൂ. പക്ഷേ ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് നിങ്ങൾ. വിഷയം കോടതിയിൽ ഉണ്ടെങ്കിൽ കോടതി തീരുമാനിക്കും. നിങ്ങൾ ആടിനെ തമ്മിൽ തല്ലിച്ച് ചോര കൂടിക്കുക മാത്രമല്ല, ഒരു സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴിതെറ്റിച്ച് വിടുകയാണ്. പരാതി ആരോപണത്തിന്റെ രൂപത്തിലാണ് നിൽക്കുന്നത്. നിങ്ങൾ ആരോടാണ് സംസാരിക്കുന്നത്. നിങ്ങൾ കോടതിയാണോ? കോടതി തിരുമാനിക്കും. ഞാൻ പറയാനുള്ളത് പറഞ്ഞു.”– സുരേഷ് ഗോപി രോഷത്തോടെ പറഞ്ഞ ശേഷം കാറിൽ കയറിപ്പോയി.
സുരേഷ് ഗോപി വൈകാരികമായാണ് എല്ലാറ്റിലും പ്രതികരിക്കുന്നതെന്നും അദ്ദേഹം ഇപ്പോഴും സിനിമാനടനായാണ് ജീവിക്കുന്നതെന്നും മന്ത്രിയായും രാഷ്ട്രീയക്കാരനായും മാറിയിട്ടില്ലെന്നും ചലച്ചിത്ര പ്രവര്‍ത്തകയായ ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു. അതേസമയം മന്ത്രി പാര്‍ടിക്ക് ബാധ്യതയായി മാറിയിരിക്കയാണെന്നും നേരത്തെ തന്നെ സുരേഷ്‌ഗോപിയുടെ നിലപാടുകളോട് എതിര്‍പ്പ് വ്യക്തമാക്കിയിരുന്ന സംസ്ഥാന നേതൃത്വം ഇത്തവണ തങ്ങളുടെ രോഷം ദേശീയ നേതൃത്വത്തിനു മുന്നില്‍ പ്രകടിപ്പിക്കുമെന്നും പറയുന്നു.