കൗമാരപ്രായക്കാരായ പെൺകുട്ടികളോട് ലൈംഗികാസക്തി നിയന്ത്രിക്കാൻ നിർദ്ദേശിച്ച കൽക്കട്ട ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. കൗമാരപ്രായക്കാർ ഉൾപ്പെടുന്ന കേസുകളിൽ വിധിന്യായങ്ങൾ എങ്ങനെ എഴുതണമെന്നത് സംബന്ധിച്ച് ജഡ്ജിമാർക്കായി മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ലൈംഗികാതിക്രമക്കേസിൽ കുറ്റവിമുക്തനാക്കിയ ആളുടെ ശിക്ഷ പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ജസ്റ്റിസ് അഭയ് എസ് ഓക്ക, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് വിധി പ്രസ്താവിച്ചത്.
പ്രണയബന്ധം പുലർത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് കീഴ്‌ക്കോടതി ശിക്ഷിച്ച ഒരാളെ കുറ്റവിമുക്തനാക്കിയ കേസിൽ ഒക്ടോബർ 18-ന് കൽക്കട്ട ഹൈക്കോടതിയുടെ വിധി ആണ് വിവാദമായത്. ചെറുപ്പക്കാരായ പെൺകുട്ടികളോടും ആൺകുട്ടികളോടും അവരുടെ ലൈംഗികാസക്തികൾ നിയന്ത്രിക്കാൻ കോടതി ഉപദേശിച്ചു. കൽക്കട്ട ഹൈക്കോടതിയുടെ ഈ വിധിയിൽ അപ്പീൽ സ്വമേധയാ എടുത്ത് കേസ് കേൾക്കാൻ കഴിഞ്ഞ വർഷം ഡിസംബറിൽ സുപ്രീം കോടതി തീരുമാനിച്ചിരുന്നു.